തിരുവനന്തപുരം: ശതാബ്ദി നിറവില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് നാളെ നൂറാം ജന്മദിനം ആഘോഷിക്കും. ജനപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ആഴവും ഗാംഭീര്യവും കണിശതയുമാണ് വി.എസ്. യാതനകള്‍, കൊടിയ മര്‍ദനങ്ങള്‍, വേട്ടയാടലുകള്‍, സമര മുഖങ്ങള്‍. ആ ജീവിതം ഇപ്പോഴും സമര ഭരിതമാണ്.
വിഎസ് കേരള ചരിത്രത്തിലെ, വര്‍ത്തമാന കാലത്തേയും ഇടിമുഴക്കമാണ്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. കേരള രാഷ്ടീയത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന വലിയ വടവൃക്ഷം. കേരള മനഃസാക്ഷിക്ക് വിഎസ് നീതിബോധത്തിന്റെയും , തളരാത്ത സമര വീര്യത്തിന്റെയും ആള്‍രൂപമാണ്. സാധാരണക്കാര്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേക്കാള്‍ വലിയ ‘ശരി ‘യായി ബിംബവല്‍ക്കരിക്കപ്പെട്ട ജനനായകന്‍ 100 ന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.
അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്ന വി എസ് പക്ഷേ, ഇന്ന് വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ വിശ്രമ ജീവിതത്തിലാണ്. മകന്‍ വി എ അരുണ്‍ കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്. അസുഖബാധിതനാകുന്നത് മുന്‍പ് വരെ പുലര്‍ച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ എന്നിവയിലൂടെയായിരുന്നു വി എസിന്റെ ദിനചര്യ ആരംഭിച്ചിരുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 മുതലാണ് വി എസ് പൊതുജീവതത്തില്‍നിന്ന് മാറിനില്‍ക്കുന്നത്. പ്രിയ നേതാവ് നൂറാം വയസ്സിലേക്ക് കടക്കുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍.
ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും. ഇടത് അനുഭാവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തില്‍ ജന്മ ദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.