എ.എസ് ശ്രീകുമാര്‍
ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ 1991-ല്‍ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ മലയാള ചലചിത്രത്തെക്കുറിച്ചോര്‍ക്കാന്‍ ഒരു സാഹചര്യമുണ്ടായിരിക്കുകയാണിപ്പോള്‍. സന്ദേശത്തില്‍ അന്നും ഇന്നും എന്നും പ്രസക്തമായ ഒരു സീനുണ്ട്. പ്രത്യേകിച്ച് ശങ്കരാടി അവതരിപ്പിച്ച ആര്‍.ഡി.പിയുടെ നേതാവ് കുമാരപിള്ള എന്ന കഥാപാത്രവും ബോബി കൊട്ടാരക്കര വേഷം നല്‍കിയ ഉത്തമന്‍ എന്ന കാരക്ടറും തമ്മിലുള്ള ഡയലോഗ്. ആവര്‍ത്തന വിരസതയില്ലാത്തതാണ് കേട്ടാലും കേട്ടാലും മതിവരാത്ത ആ സംഭാഷണം. കാരണം അതില്‍ കാര്യമുണ്ട്, കഴമ്പുണ്ട്. ആ സംഭാഷണം ഇങ്ങനെ…
കുമാരപിള്ള: ”താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. മറ്റൊന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് സംഭവിച്ചത്…”
ഉത്തമന്‍: ”മനസ്സിലായില്ല…”
കുമാരപിള്ള: ”അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ..?”
ഉത്തമന്‍: ”എന്തു കൊണ്ടു നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പറഞ്ഞാലെന്താ..? ഈ പ്രതിക്രിയാ വാതകവും കൊളോണിയലിസവുമെന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്തിനാ..?”
അതേ, എന്തുകൊണ്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തോറ്റു എന്ന് സി.പി.എം വളരെ ലളിതാമായിട്ട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നു. സ്വന്തം വോട്ടുകള്‍ ബി.ജെ.പിക്ക് മറിയുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബി.ജെ.പിക്കു പോയതാണ്. അവിടെ യു.ഡി.എഫ് വിജയിച്ചത് എല്‍.ഡി.എഫ് വോട്ട് ബി.ജെ.പിക്കു ചോര്‍ന്നതു കൊണ്ടു മാത്രമാണെന്നും ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിക്ക് ബോധോദയമുണ്ടായിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വ്യാപകമായ ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചു. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് കിട്ടി. എല്‍.ഡി.ഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. ബി.ജെ.പി അടുത്തെത്തി. 11 മണ്ഡലങ്ങളില്‍ ലീഡ്. വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയം വിമര്‍ശനവും പാര്‍ട്ടി നടത്തി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ പലരെയും ഞെട്ടിച്ചിരിരുന്നു. കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി. കേരളത്തില്‍ 19.14 ശതമാനം വോട്ട് വിഹിതവും ബി.ജെ.പി നേടുകയുണ്ടായി. ഇതുവരെയുള്ള തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന വോട്ട് ഷെയറാണിത്.
2014-ല്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി, കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് 15,470 വോട്ടിന്റെ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. എന്നാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ ബി.ജെ.പി ആദ്യമായി ഒരു നിയമസഭാ സീറ്റ് നേടി അക്കൗണ്ട് തുറന്നു. ഈഴവരുടെയും ക്രിസ്ത്യാനികളുടെയും പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റുകള്‍ നേടുക അസാധ്യമാണ്. ആ വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ, വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കപ്പെട്ടത്. ബി.ജെ.പി-ബി.ഡി.ജെ.എസ് കൂട്ടുകെട്ട് ഈഴവ വോട്ടുകളെ എന്‍.ഡി.എയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ വോട്ടര്‍മാരെ പാട്ടിലാക്കുന്നതിനായി അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ്, എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ മുഖങ്ങളെ പാര്‍ട്ടി കൊണ്ടുവന്നു. ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച് പാര്‍ട്ടി ‘സ്‌നേഹ യാത്ര’ സംഘടിപ്പിച്ചു. ബി.ജെ.പി വിജയിച്ച തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ 21 ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും ബി.ജെ.പിക്കും കൈനിറയെ വോട്ടുകളാണ് ലഭിച്ചത്.
2019-ല്‍ ലഭിച്ച 15.64 ശതമാനത്തില്‍ നിന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്‌ക്കെത്തുമ്പോള്‍ 19.14 ശതമാനമായി ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചു. കേരളത്തിലുടനീളം ബി.ജെ.പി വോട്ടുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ 16,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പാര്‍ലമെന്റ് മണ്ഡലങ്ങളായ ആലപ്പുഴയിലും ആലത്തൂരിലും അവര്‍ ഒരു ലക്ഷം വോട്ട് വര്‍ധിപ്പിച്ചു. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതും 8 മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമത്തെത്തിയത്. ഇതെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂര്‍, വി ശിവന്‍കുട്ടിയുടെ നേമം, ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിക്കുന്നു. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, കായംകുളം, ഹരിപ്പാട്, ഇരിങ്ങാലക്കുട, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതു മുന്നമി മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.
ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 121 ഇടങ്ങളിലും എല്‍.ഡി.എഫ് പിന്നില്‍ പോയി. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞുള്ളൂ. ലോക്സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബി.ജെ.പി നിയമസഭാ കണക്കിലും ഇടതിനോട് ബലാബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കൗതുകമുണര്‍ത്തുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും 41 സീറ്റ് യു.ഡി.എഫുമാണ് നേടിയിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബി.ജെ.പി 2021-ല്‍ രണ്ടാമതെത്തിയത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍.ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യു.ഡി.എഫ് ഭൂരിപക്ഷം നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ എല്‍.ഡി.എഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.
സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍.ഡി.എഫ്) കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു.ഡി.എഫ്) കാലാകാലങ്ങളില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെ.പി മുന്നണിയായ എന്‍.ഡി.എ മൂന്നാമതായി തുടരുന്ന രാഷ്ട്രീയ സാഹചര്യമാണിവിടെ നിലവിലുള്ളത്. സമീപ ഭാവിയില്‍ ബി.ജെ.പി മുന്നണി സ്ഥാനം മെച്ചപ്പെടുത്താനുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല. കേന്ദ്രത്തിലെ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന ആക്ഷേപം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. തെളിവുകല്‍ പിന്നാലെ…