സിങ്കപ്പൂര്‍ സിറ്റി: സിങ്കപ്പൂരില്‍ മുന്‍ ഗതാഗതമന്ത്രിക്ക് അഴിമതിക്കേസില്‍ തടവ് ശിക്ഷ വിധിച്ച് കോടതി. മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും ഇന്ത്യന്‍ വശജനുമായ സുബ്രമണ്യം ഈശ്വരനാണ് അഴിമതിക്കേസില്‍ ഹൈക്കോടതി ഒരു വര്‍ഷം തടവ് വിധിച്ചത്. സിങ്കപ്പൂരിനെ പിടിച്ചുകുലുക്കിയ അഴിമതിക്കേസായിരുന്നു ഇത്.
ഗതാഗതമന്ത്രിയായിരുന്ന സുബ്രമണ്യം ഈശ്വരന്‍ 403,000 സിങ്കപ്പൂര്‍ ഡോളറിന്റെ (2.61 കോടി ഇന്ത്യന്‍ രൂപ) ഉപഹാരങ്ങള്‍ അനധികൃതയമായി സ്വീകരിച്ചുവെന്ന കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. സിങ്കപ്പൂരില്‍ നടന്ന ഫോര്‍മുല വണ്‍ ഗാന്‍പ്രീ കാറോട്ടമത്സരത്തിന്റെ ടിക്കറ്റ്, ആഡംബര സൈക്കിള്‍, മദ്യക്കുപ്പികള്‍, പ്രൈവറ്റ് ജെറ്റിലെ യാത്ര എന്നിവയാണ് അദ്ദേഹം സ്വീകരിച്ച ഉപഹാരങ്ങള്‍.
പൂര്‍ണമായും അഴിമതി വിമുക്തമായ രാജ്യമെന്നാണ് സിങ്കപ്പൂര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സിങ്കപ്പൂരില്‍ ഒരു ജനപ്രതിനിധിക്ക് പോലും അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യം കൂടിയാണ് സിങ്കപ്പൂര്‍. അഴിമതി ഇല്ലാതാക്കാനാണ് ഉയര്‍ന്ന തുക നല്‍കുന്നതെന്നാണ് വിശദീകരണം. അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ് മുന്‍ മന്ത്രിയുടെ നടപടിയെന്ന് സിങ്കപ്പൂര്‍ ഹൈക്കോടതി നിരീക്ഷിച്ചു.
സൗജന്യമായി ലഭിക്കുന്ന ഒരു ഉപഹാരവും മന്ത്രിമാര്‍ സ്വീകരിക്കരുതെന്നാണ് സിങ്കപ്പൂരിലെ നിയമം. ഉപഹാരം സ്വീകരിക്കുകയാണെങ്കില്‍ അതിന്റെ വിപണിവില സ്വന്തം കയ്യില്‍ നിന്ന് നല്‍കണമെന്നും ചട്ടമുണ്ട്. സുബ്രമണ്യം ഈശ്വരന്റെ കേസില്‍ പ്രോസിക്യൂഷന്‍ ആറ് മാസത്തെ തടവ് നല്‍കണമെന്നാണ് വാദിച്ചതെങ്കിലും കോടതി അത് 12 മാസമാക്കി ഉയര്‍ത്തുകയായിരുന്നു.