ലാവോസ്: ഇന്ത്യ ആസിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിലെത്തി.
ലാവോസിലെ ആഭ്യന്തര മന്ത്രി വിലയ്‌വോംഗ് ബുദ്ധഖാമാണ് മോദിയെ സ്വീകരിച്ചത്. ലാവോസിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് മോദി, സന്തോഷം പ്രകടിപ്പിച്ചു. ലാവോസിൽ ‘രാമായണം’ അവതരണത്തിൻ്റെ ആവിഷ്‌കാരമായ ‘ഫ്രലക് ഫ്രലം’ കണ്ട മോദി കലാകാരന്മാരടക്കമുള്ളവരുമായി സംവദിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ്റെയും നൂറ്റാണ്ടാണെന്ന് മോദി അഭിപ്രായപ്പെട്ടു. പല മേഖലകളിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക കൂട്ടായ്മകളും ഇന്ത്യയും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സംഘർഷത്തിൻ്റെയും പിരിമുറുക്കത്തിൻ്റെയും സാഹചര്യം നിലനിൽക്കുമ്പോൾ, ഇന്ത്യയുടെയും ആസിയാന്‍റെയും സൗഹൃദവും സംഭാഷണവും സഹകരണവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിയാൻ – ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ കണക്ടിവിറ്റി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ലോക രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ശ്രമിക്കുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷ ചർച്ചയാകുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചയും നടക്കും. ലാവോസിൽ നടക്കുന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുന്നത്.