Friday, January 21, 2022
spot_img
HomeMain Storyപാര്‍ട്ടികള്‍ക്ക് ഷണ്ഡത്വമെന്ന് ജോയ് മാത്യു; ജോജുവിനെതിരായ പരാതി കെട്ടിച്ചമച്ചത്‌

പാര്‍ട്ടികള്‍ക്ക് ഷണ്ഡത്വമെന്ന് ജോയ് മാത്യു; ജോജുവിനെതിരായ പരാതി കെട്ടിച്ചമച്ചത്‌

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജ് വിഷയത്തില്‍ താരത്തിന് പിന്തുണയുമായി നടന്‍ ജോയ് മാത്യു. കാലത്തിന് നിരക്കുന്നതാകണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് ജോയ് മാത്യു പറഞ്ഞു. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാകുന്ന ധാര്‍മ്മിക രോഷമാണ് ജോജു പ്രകടിപ്പിച്ചത്. ഈ മുഖമില്ലാത്ത ആളുകള്‍ പ്രതികരിക്കുന്നവരെ കത്തിച്ച് കളയാന്‍ വരെ മടിക്കാത്തവരാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങള്‍. വഴിതടയല്‍, റോഡ് ഉപരോധിക്കല്‍, ഹര്‍ത്താല്‍ ഉണ്ടാക്കല്‍, അതിന്റെ പേരില്‍ കൊള്ള, കൊല അക്രമം തീവെയ്ക്കല്‍ ഇതൊക്കെയാണ് നിറയെ അണികളുള്ള പാര്‍ട്ടികള്‍ മുതല്‍ ഞാഞ്ഞൂല്‍ പാര്‍ട്ടികള്‍ വരെ കാട്ടിക്കൂട്ടുന്നതെന്ന് ജോയ് മാത്യു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണൂരൂപം:

ദണ്ഡിയാത്രികരും ജോജു ജോര്‍ജ്ജും

കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമ്മുക്ക് കിട്ടിയ രാഷ്ട്രീയക്കാര്‍ എന്നത് നമ്മുടെ യോഗം.

എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങള്‍. വഴിതടയല്‍,
റോഡ് ഉപരോധിക്കല്‍, ഹര്‍ത്താല്‍ ഉണ്ടാക്കല്‍, അതിന്റെ പേരില്‍ കൊള്ള, കൊല അക്രമം തീവെപ്പ്. ഇതൊക്കെയാണ് നിറയെ അണികളുള്ള പാര്‍ട്ടികള്‍ മുതല്‍ ഞാഞ്ഞൂല്‍ പാര്‍ട്ടികള്‍ വരെ കാട്ടിക്കൂട്ടുന്നത്.

ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ അധികം ഉണ്ടാവാറില്ല.ഹൗാുലി എന്ന വാക്കിന്റെ അര്‍ഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല .മനുഷ്യജീവനോ ,സമയത്തിനോ യാതൊരു വിലയും കല്‍പ്പിക്കാത്ത ഇജ്ജാതി ആള്‍ക്കൂട്ടങ്ങള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട് .ഇവര്‍ക്കെല്ലാം ഒറ്റ മുഖമേയുള്ളു ,മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം !

ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ .മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാന്‍ .ഭരിക്കുന്നവര്‍ക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല;ചെയ്യുകയുമില്ല .നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ‘ഒക്കെ കണക്കന്നെ ‘എന്ന് സാരം .

സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം ഇന്നും ഉപ്പുകുറുക്കാന്‍ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്‌കാണ് വഴിതടയലും ഹര്‍ത്താലുമെന്ന് നിരവധി പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.

ഇജ്ജാതി സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ്ജ് പ്രകടിപ്പിച്ചത്.പക്ഷെ ആള്‍ക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം ,ഇല്ലെങ്കില്‍ ഈ മുഖമില്ലാത്ത ആള്‍ക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാന്‍ വരെ മടിക്കില്ല.

===

അതേസമയം, ജോജു ജോര്‍ജിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. ജോജുവിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞു.

ജോജു ജോര്‍ജിനെതിരെ ലഭിച്ച പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരാതി സത്യമല്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിനെതിരെ കേസ് എടുക്കാന്‍ സാദ്ധിക്കൂ. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ചവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്നും ആക്രമണം നടത്തിയവരുടെ മുഖം വ്യക്തമാണ്. പ്രതി എത്ര വലിയ ഉന്നതനാണെന്ന് നോക്കുന്നില്ല. ആരാണെങ്കിലും നടപടി സ്വീകരിക്കും. ജോജുവിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

റോഡുപരോധവുമായി ബന്ധപ്പെട്ട് എളമക്കരയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. റോഡ് ഉപരോധിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ടെന്നും നാഗരാജു കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments