കൊച്ചി: കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍.ഐ.എ കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ജാമ്യം ലഭിക്കുന്നത്. മറ്റ് ആറ് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
എന്‍.ഐ.എ ചുമത്തിയ യു.എ.പി.എ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പി.എസ് സരിത്, മുഹമ്മദ് ഷാഫി, കെ.ടി റമീസ്, എ.എം ലാല്‍, റബ്ബിന്‍സ്, കെ.ടി ഷറഫുദീന്‍, മുഹമ്മദാലി എന്നിവരാണ് കേസില്‍ ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍. പ്രതികള്‍ക്കെതിരെ യു.എ.പി.എ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള എന്‍.ഐ.എ വാദം തള്ളിയ ഹൈക്കോടതി കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യത ഇല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തേ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കോഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
അതിനാല്‍ സ്വപ്നയ്കക്ക് പുറത്തിറങ്ങാന്‍ സാധിക്കും. അതേസമയം സരിതിന്റേയും റബ്ബിന്‍സിന്റേയും കോഫെപോസെ റദ്ദ് ചെയ്തിരുന്നില്ല. അതിനാല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല. ഇരുവരുടേയും കോഫെപോസ തുടരാന്‍ കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വിവരം.