കേദാര്‍നാഥ്: കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുത്തശേഷമാണ് ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത്, രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതോടൊപ്പം ഇവിടുത്തെ 310 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ് ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേസമയം, ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുക്കും.
പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്. 9 കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഒമ്പത് മാസത്തെകഠിനാധ്വാനം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന പ്രതിമ സമാധി പ്രദേശത്തിന് നടുവിലാണ് ഇപ്പോള്‍ പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നേരത്തേ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ആദി ഗുരു ശങ്കരാചാര്യ പ്രതിമയുടെ 18 ഓളം മാതൃകകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുത്തത്. 2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ യഥാര്‍ത്ഥ പ്രതിമയും ശങ്കരാചാര്യരുടെ സമാധി സ്ഥലവും പൂര്‍ണമായി തകര്‍ന്നു പോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ച പ്രതിമ അനാച്ഛാദനം ചെയ്തത്. നിലവില്‍ പുനര്‍നിര്‍മ്മിച്ച പ്രതിമയ്ക്ക് 35 ടണ്‍ ഭാരമുണ്ട്.
മൈസൂര്‍ ആസ്ഥാനമായുള്ള ശില്‍പികളും അരുണ്‍ യോഗിരാജ് ഉള്‍പ്പെടെ ഒമ്പത് കരകൗശല വിദഗ്ധരുടെ പരിശ്രമം കൊണ്ടാണ് ഇന്ന് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 9 മാസം കൊണ്ട് പൂര്‍ണ്ണമായും പണി പൂര്‍ത്തിയാക്കി. ”ഇത് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ നിമിഷമാണ്. ഒമ്പത് മാസത്തെ കഠിനാധ്വാനമാണ്. ദിവസത്തില്‍ 14 മണിക്കൂറെങ്കിലും ഞങ്ങള്‍ ശങ്കരാചാര്യരുടെ പ്രതിമ പൂര്‍ത്തിയാക്കാനായി കഷ്ടപ്പെട്ടുണ്ട്…” ശില്‍പി യോഗിരാജ് പറഞ്ഞു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വികസനപ്രവര്‍ത്തനങ്ങളില്‍ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്ര പരിസരത്തെ പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളായ സംഗം ഘട്ടിലെ വികസനം, ആരോഗ്യംടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകള്‍, പോലീസ് സ്‌റ്റേഷന്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍, ക്യൂ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടും.