Wednesday, January 19, 2022
spot_img
HomeMain Storyലോക ടൂറിസം ഭൂപടത്തിലേക്ക് കോട്ടയത്തെ അയ്മനം എന്ന കൊച്ചു ഗ്രാമം

ലോക ടൂറിസം ഭൂപടത്തിലേക്ക് കോട്ടയത്തെ അയ്മനം എന്ന കൊച്ചു ഗ്രാമം

കോട്ടയം: കോട്ടയം ജില്ലയിലെ അയ്മനം എന്ന കൊച്ചു ഗ്രാമം ഇപ്പോള്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരിക്കുകയാണ്. ഇന്ത്യയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളില്‍ സന്ദര്‍ശിക്കേണ്ടത് എന്ന വിഭാഗത്തില്‍ അയ്മനം പഞ്ചായത്തിനേയും പദ്ധതിയേയും തെരഞ്ഞെടുത്തിരിക്കുന്നു. ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ് ലണ്ടനില്‍ വച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പാടവും നാട്ടുവഴികളും കായല്‍ സൗന്ദര്യവും. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ പറന്നെത്തിയുന്ന കുമരകത്തെ മാതൃകയാക്കിയപ്പോള്‍ അയ്മനം എന്ന കൊച്ചു ഗ്രാമവും ലോക ശ്രദ്ധയിലായതില്‍ അത്ഭുതമില്ല. മാലിന്യ സംസ്‌കരണവും നാട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ പാക്കേജുകളുമായി അയ്മനം സഞ്ചാരികളെ ക്ഷണിച്ചപ്പോള്‍ അതിന് രാജ്യാന്തര അംഗീകാരവും.

കഴിഞ്ഞ വര്‍ഷം അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണമായി പഞ്ചായത്ത് പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം പദ്ധതി. സംസ്ഥാനത്ത് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കി വിജയിപ്പിച്ച പഞ്ചായത്താണ് അയ്മനം പഞ്ചായത്ത്.

പ്രാദേശിക ജനതയെ വരുമാനം നേടുന്നതിന് സഹായിക്കുന്ന തരത്തില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതിനുമാണ് പഞ്ചായത്തിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.ആമ്പല്‍ ഫെസ്റ്റും വേമ്പനാട് ശുചീകരണവും

വനിത ടൂര്‍ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് ടൂര്‍ പാക്കേജുകള്‍ നടപ്പാക്കിയത്. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉള്‍പ്പെടുത്തി തയാറാക്കി. വിനോദസഞ്ചാരികളുടെ ബുക്കിങ് ഉറപ്പാക്കി. ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവയ്ക്കും റിസോര്‍ട്ടുകള്‍ക്കും വീടുകള്‍ക്കും തുണിസഞ്ചികള്‍ നല്‍കി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ചീപ്പുങ്കലില്‍ കായല്‍ തീരത്ത് പാര്‍ക്ക്, ബോട്ട് ടെര്‍മിനല്‍ എന്നിവയുടെ നിര്‍മാണവും പദ്ധതിയുടെ നേട്ടമായി.ആമ്പല്‍ ഫെസ്റ്റ് ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിച്ചു. പ്രദേശത്തെ ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജ് അവതരിപ്പിച്ചു.

ഓലമെടയല്‍, ചൂണ്ടയിടീല്‍, വലവീശല്‍, കയര്‍ പിരിക്കല്‍ എന്നി തൊഴിലുകളെ ടൂറിസവുമായി ബന്ധിപ്പിച്ച്, ഇവ കാണുവാനും ചെയ്യുവാനും സഞ്ചാരികള്‍ക്ക് അവസരമുണ്ടായി.കൊവിഡ് വിട്ടകലുമെന്ന പ്രതീക്ഷയില്‍ ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രദേശവാസികള്‍ ഉത്സാഹത്തിലാണ്. വിത മുതല്‍ കൊയ്ത്തു വരെ കാണുവാനും മനസിലാക്കാനുമുള്ള പാക്കേജ് കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ സംസ്ഥാന മന്ത്രിമാര്‍ വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഇടപെട്ടിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ മേല്‍നോട്ടവുമായി മുന്നില്‍ നടന്നു. ഇപ്പോള്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും അഭിനന്ദനമാണ്. ലോക ടൂറിസം ഭൂപടത്തിലേക്ക് അയ്മനം വെറുതെ നടന്നു കയറിയതല്ല. ഓരോ ഘട്ടവും കൃത്യമായി നടപ്പാക്കിയാണ് രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments