Friday, March 29, 2024

HomeMain Storyആരോഗ്യനില മോശമായി; നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍, കരള്‍ മാറ്റിവയ്ക്കണം

ആരോഗ്യനില മോശമായി; നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍, കരള്‍ മാറ്റിവയ്ക്കണം

spot_img
spot_img

കൊച്ചി: മലയാള സിനിമാ ലോകത്തെ ഏറ്റവും മുതിര്‍ന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐ.സി.യുവിലാണ്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിലും വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ഇപ്പോള്‍ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിത ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായാണ് ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ട്.

കരള്‍ രോഗവും, കടുത്ത പ്രമേഹവും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി.

കെ.പി.എ.സി ലളിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടിയിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ഇടവേള ബാബു പറഞ്ഞു.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കുറച്ച് കാലമായി കെ.പി.എ.സി ലളിതയെ അലട്ടുന്നു. എങ്കിലും അവര്‍ സിനിമാ അഭിനയ രംഗത്ത് സജീവമാണ്. ജയറാംമീര ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷമിടുന്ന പുതിയ സത്യന്‍ അന്തിക്കാട് ചിത്രത്തിലും കെപിഎസി ലളിത അഭിനയിക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ആരോഗ്യാവസ്ഥ മോശമായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതും.

നടിയായും സ്വഭാവ നടിയായും തിളങ്ങിയ കെപിഎസി ലളിത കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. മലയാളത്തിന്റെ പ്രിയ അമ്മ നടിമാരില്‍ ആദ്യമെണ്ണുന്ന വ്യക്തി കൂടിയാണ് കെപിഎസി ലളിത. ആലപ്പുഴയിലെ കായംകുളമാണ് കെ.പി.എ.സി ലളിതയുടെ സ്വദേശം. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. കെ.പി.എ.സി നാടകങ്ങളിലൂടെയാണ് അവര്‍ കലാരംഗത്ത് സജീവമായതും ആ പേര് വന്നതും. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലിച്ചിത്ര ലോകത്തേക്ക് കെ.പി.എ.സി ലളിത എത്തുന്നത്. മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കെ.പി.എ.സി ലളിതയിലൂടെ മലയാളികള്‍ പിന്നീട് കണ്ടു.

സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നടനാണ്. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച അതുല്യ നടിയാണ് കെ.പി.എ.സി ലളിത. ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ച അവര്‍ നാടകങ്ങളില്‍ കുട്ടിക്കാലം മുതലേ അഭിനയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പ്രമുഖ നാടക സംഘമായ കെ.പി.എ.സിയില്‍ ചേരുകയായിരുന്നു.

നാടകങ്ങളില്‍ അഭിനയം തുടങ്ങിയതോടയാണ് ലളിത എന്ന പേര് സ്വീകരിച്ചത്. സിനിമയിലെത്തിയതോടെ കെ.പി.എ.സി ലളിത എന്നറിയപ്പെടാന്‍ തുടങ്ങി. നടിയായും സഹനടിയായും തിളങ്ങിയ കെ.പി.എ.സി ലളിത അമ്മ വേഷത്തിലും അതുല്യമായ പ്രകടനം കാഴ്ചവച്ചു. അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. പൂര്‍ണ ആരോഗ്യത്തോടെ അവര്‍ വീണ്ടുമെത്തട്ടെ എന്നാണ് സിനിമാ രംഗത്തുള്ളവരുടെയും ആരാധകരുടെയും പ്രാര്‍ഥന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments