ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനവും ദ്വൈവാര്‍ഷിക പുരസ്‌ക്കാര ദാനവും നവംബര്‍ 11, 12, 13, 14 തിയ്യതികളില്‍ റിനൈസന്‍സ് ഷിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്‌സലന്‍സ്, കമ്യൂണിറ്റി ലീഡര്‍ഷിപ്പ്, ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മാണി സി കാപ്പന്‍ എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ എസ്, ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ ഡി പ്രേമേഷ് കുമാര്‍, മനോരമ ന്യൂസ് ചീഫ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, 24 ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്‍, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രോഗ്രാംസ് ആന്റ് പ്രൊഡക്ഷന്‍ ഹെഡ് പ്രതാപ് നായര്‍ എന്നിവര്‍ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കും.
നവംബര്‍ 12ന് രാവിലെ 10.15 മുതല്‍ 11.30 വരെ പക്ഷപാത വിഭജന കാലത്തെ പത്രപ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചാ സെഷനും നടക്കും. 13ന് ഉച്ചക്ക് രണ്ടര മുതല്‍ നാലര വരെ പീപ്പിള്‍സ് ഫോറം ടോക്ക് ഷോ നടക്കും.
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് മാധ്യമ സമ്മേളനം കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് അരങ്ങേറുക.
അമേരിക്കയിലെ എട്ട് ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമ്മേളനത്തിന് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അടങ്ങിയ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.