കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്രെ. ഇതുവരെ കിട്ടിയ സി.സി.ടിവി ദൃശ്യങ്ങളില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല. നഷ്ടപ്പെട്ട ഡി.വി.ആര്‍ കണ്ടെത്തേണ്ടത് അന്വേഷണത്തില്‍ നിര്‍ണായകമാണ്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈജുവിന് നോട്ടീസ് നല്‍കുമെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ട് ആറു പേരെ പാലാരിവട്ടം സ്റ്റേഷനില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ വിശദമൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. ഡി.ജെ. പാര്‍ട്ടിക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ആരെങ്കിലുമായി മോഡലുകള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടോ തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം വരുത്തുകയാണ് പൊലീസ് ലക്ഷ്യം.
ഇതിനിടെ, മോഡലുകളുടെ കാര്‍ പിന്തുടര്‍ന്ന ഷൈജു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന മോഡലുകള്‍ മദ്യപിച്ചിരുന്നു. യാത്ര ഒഴിവാക്കാന്‍ സംഘത്തോട് ആവശ്യപ്പെട്ടു. മോഡലുകളുടെ കാറിന് പിറകെ താന്‍ ഉണ്ടായിരുന്നു.
കാക്കനാട്ടെ വീട്ടിലേക്ക് താന്‍ പോകുന്നതിനിടെയാണ് ബൈക്കപകടം ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെ മോഡലുകളുടെ കാര്‍ അപകടത്തില്‍പ്പെട്ടതും കണ്ടു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. മോഡലുകളെ ചേസ് ചെയ്തിട്ടില്ലെന്നും ഷൈജു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.