കൊച്ചി: ഐശ്വര്യത്തിന്റെ പ്രതീകമായ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയെ വരവേറ്റ് കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍. സന്ധ്യയ്ക്ക് വീടിന് ചുറ്റും ചെരാതുകളില്‍ ദീപം തെളിയിച്ചാണ് വിശ്വാസികള്‍ തൃക്കാര്‍ത്തികയെ എതിരേറ്റത്. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ നടത്തിവരാറുള്ള പ്രധാന ഹൈന്ദവ ആഘോഷമാണിത്.
വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഒരുപോലെ ഹൈന്ദവ വിശ്വാസികള്‍ ആഘോഷിക്കുന്ന വിശിഷ്ടദിവസമാണിത്. ദീപാവലി പോലെ കാര്‍ത്തിക ദീപവും ദീപങ്ങളുടെ ഉത്സവമായിട്ടാണ് കൊണ്ടാടുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും തൃക്കാര്‍ത്തികയോട് അനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നിരുന്നു. വൈകിട്ട് ഭക്തര്‍ ഒത്തുകൂടി പല ക്ഷേത്രങ്ങളിലും കാര്‍ത്തിക വിളക്കുകള്‍ തെളിച്ചു.
ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായാണ് തൃക്കാര്‍ത്തിക കണക്കാക്കുന്നത്. മണ്‍ചെരാതുകളില്‍ ദീപം തെളിയിച്ച് ദേവിയെ സ്തുതിച്ച് ഈ ദിനം നാടെങ്ങും ആഘോഷിക്കുന്നു. തമിഴ്‌നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി ദിവസം കാര്‍ത്തിക നക്ഷത്രം നിലനില്‍ക്കുന്ന സമയത്ത് പൗര്‍ണമി ദിനത്തിലാണ് തൃക്കാര്‍ത്തിക ആചരിക്കുന്നത്.