റോം: നാഷണല്‍ ജ്യോഗ്രഫികിന്റെ കവറിലൂടെ ലോക മനസാക്ഷിയെ പിടിച്ചുകുലുക്കിയ ആ പച്ചക്കണ്ണുകളുടെ ഉടമയെ ഇറ്റലി ഏറ്റെടുത്തു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വന്ന ഒരൊറ്റ ചിത്രത്തിലൂടെ അഫ്ഗാന്‍ അഭയാര്‍ഥികളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അഫ്ഗാന്‍വനിത ശര്‍ബത്ത് ഗുലയെ ആണ് ഇറ്റലി ഏറ്റെടുത്തത്.
1984 ല്‍ സ്റ്റീവ് മക്കറി ക്യാമറയില്‍ പകര്‍ത്തി നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്ന ഫോട്ടോയിലൂടെയാണു ശര്‍ബത്തിനെ ലോകം അറിഞ്ഞത്. അന്നു 12 വയസ്സായിരുന്നു ശര്‍ബത്തിന്. പാകിസ്താനിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് പകര്‍ത്തിയതായിരുന്നു ആ ചിത്രം. 1979 ലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് അഭയം തേടി നാടുവിട്ട അഫ്ഗാനികളിലൊരാളായിരുന്നു ആ 12 വയസുകാരി.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍ ജീവിക്കുന്നതായി കണ്ടെത്തി 2016 ല്‍ ഇവരെ അഫ്ഗാനിലേക്ക് തിരിച്ചയച്ചു. അഫ്ഗാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് കാബൂളില്‍ വീട് അനുവദിച്ചിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ ശര്‍ബത്ത് രാജ്യം വിടാന്‍ സഹായം തേടിയതായി ഇറ്റലി അധികൃതര്‍ അറിയിച്ചു. ഒരു സര്‍ക്കാറിതര സന്നദ്ധ സംഘടനയാണ് ശര്‍ബത്തിന് ഇറ്റലിയില്‍ അഭയം നല്‍കാനായി ഇടപെട്ടത്.
താലിബാന്‍ ഭരണം പിടിച്ച ശേഷം 5000 ഓളം അഫ്ഗാനികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് ഇറ്റലി അറിയിച്ചു.