കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. അന്‍സിയെയും സുഹൃത്തുക്കളെയും ഇയാള്‍ ഹോട്ടലില്‍ നിന്ന് കാറില്‍ പിന്തുടര്‍ന്നിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു.
വെള്ളിയാഴ്ച മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.
ചോദ്യംചെയ്യാന്‍ വിളിച്ചതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു.
പോലീസ് നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ന് ഇയാള്‍ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഏറെനേരം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.