Saturday, December 3, 2022

HomeMain Storyപുതിയ പ്രതീക്ഷളും സ്വപനങ്ങളുമായി ഐക്യ കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

പുതിയ പ്രതീക്ഷളും സ്വപനങ്ങളുമായി ഐക്യ കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ഐക്യ കേരളം ഇന്ന് 66-ാം ജന്‍മദിനം ആഘോഷിക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ അതിജീവിച്ച മലയാള നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ടാണ് പിറന്നാള്‍ വന്നണയുന്നത്. മലയാളികളുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1956 നവംബര്‍ ഒന്നിനാണ് ഐക്യ കേരളം യാഥാര്‍ത്ഥ്യമായത്.

തിരുവിതാംകൂറും കൊച്ചിയും മലബാറും കൂട്ടിച്ചേര്‍ത്ത് മലയാളം സംസാരിക്കുന്നവര്‍ക്കായി അന്ന് കേരള സംസ്ഥാനം നിലവില്‍ വന്നു. ഈ നവംബര്‍ ഒന്നിന് നാം മറ്റൊരു കേരളപ്പിറവി ദിനം ആചരിക്കുകയാണ്. സമസ്ത മേഖലകളിലും പ്രൗഢിയുടെ സന്ദേശം അറിയിച്ചുകൊണ്ട് കേരളം വളരുന്നു…

മഹാകവി പാലാ നാരായണന്‍ നായര്‍ ചൊല്ലിയതുപോലെ,
‘കേരളം വളരുന്നു, പശ്ചിമഘട്ടങ്ങള്‍
കേറിയും കടന്നും ചെന്നന്ന്യമാം ദേശങ്ങളില്‍…’

ഭാഷയുടെ, സംസ്‌കാരത്തിന്റെ, സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേയ്ക്ക് മലയാളി എത്തിച്ചേര്‍ന്നിട്ട് 64 വര്‍ഷമാകുന്നു. ഈ പിറന്നാള്‍ നിറവില്‍ ദേശപ്പിറവിയുടെ പുരാവൃത്തത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം… ചേരഭരണത്തിന്റെ തകര്‍ച്ചയോടെയാണ് ഏകീകൃതമായിരുന്ന കേരളം അനേകം ചെറുഘടകങ്ങളായി മാറിയത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം തുടങ്ങുമ്പോള്‍ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്നു.

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷുകാരുടെ സാമന്തരാജ്യങ്ങള്‍. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലും. ഭരണസംവിധാനങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഈ മൂന്ന് ദേശങ്ങളിലേയും ജനങ്ങളുടെ ആചാരങ്ങളിലും സംസ്‌കാരങ്ങളിലും ഭാഷയിലും ഐകരൂപമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവ ഒരേ ഭരണസംവിധാനത്തിന്റെ കീഴിലാകണമെന്നത് മലയാളികളുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.

ഐക്യകേരളത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജീവിതനിലവാരത്തില്‍ തിരുവിതാംകൂറിനെക്കാളും കൊച്ചിയെക്കാളും പിന്നാക്കമായിരുന്ന മലബാറിലാണ്. സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കണമെന്ന അഭിപ്രായം 1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. 1928 ല്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനവും അഖില കേരള കുടിയാന്‍ സമ്മേളനവും പയ്യന്നൂര്‍ രാഷ്ട്രീയസമ്മേളനവും ഐക്യകേരളമെന്ന ആവശ്യം ഉന്നയിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഒരു പ്രാദേശിക കമ്മിറ്റി രൂപവത്ക്കരിക്കുകയും അതില്‍ മൂന്ന് പ്രദേശങ്ങള്‍ക്കും ഒരേ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രാബല്യത്തില്‍ വന്നപ്പോള്‍ പ്രാദേശിക സ്വയം ഭരണത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞു വന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖാസമിതി തിരുവനന്തപുരത്ത് സ്ഥാപിതമായി. സമിതിയുടെ ആഭിമുഖ്യത്തില്‍ 1937 നവംബറില്‍ തിരുവനന്തപുരത്ത് ഡോ.പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവ ചേര്‍ന്ന ഒരു ഉപഫെറല്‍ സംസ്ഥാനം വിഭാവന ചെയ്തുകൊണ്ടുള്ള പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. 1938 ല്‍ തിരുതാംകൂറില്‍ രൂപവത്കൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രജാമണ്ഡലവും ഐക്യകേരളത്തെ ലക്ഷ്യങ്ങളിലുള്‍പ്പെടുത്തി.

1945 ജൂലായ് 29ന് കൊച്ചി നിയമസഭയ്ക്ക് നല്‍കിയ സന്ദേശത്തില്‍ കൊച്ചി മഹാരാജാവ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ജനങ്ങളുടെ പൊതുനന്മയ്ക്കു വേണ്ടിയുള്ള അത്തരമൊരു സംസ്ഥാനത്തില്‍ കൊച്ചിയെ ലയിപ്പിക്കാന്‍ സന്നദ്ധനാകുകയും ചെയ്തു. ഐക്യകേരളപ്രസ്ഥാനം ശക്തമാക്കാന്‍ 1946 ല്‍ കെ.പി.സി.സി. ഒരു ഉപസമിതിക്ക് രൂപം കൊടുത്തു. ഇതിന്റെ യോഗം കെ.പി.കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ നടന്നു.

ഈ യോഗത്തിലെ തീരുമാനമനുസരിച്ച് 1947 ല്‍ തൃശ്ശൂരില്‍ വച്ച് കെ കേളപ്പന്റെ അധ്യക്ഷതയില്‍ ഐക്യകേരള മഹാസമ്മേളനം നടന്നു സാസ്‌കാരിക സംഘടനകളെയും രാഷ്ട്രീയകക്ഷികളെയും പ്രതിനിധാനം ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ കൊച്ചി രാജാവ് ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിച്ചു. ഐക്യകേരളം എത്രയും വേഗം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.മൊയ്തു മൗലവി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന അംഗീകരിക്കപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്കായി നൂറംഗ സമിതിയെ തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ഫെബ്രവരിയില്‍ ആലുവയില്‍ നടന്ന ഐക്യകേരള പ്രതിനിധി സമ്മേളനം ആ പ്രസ്ഥാനത്തിന് പുത്തനുണര്‍വ് നല്‍കി. പ്രവര്‍ത്തക സമിതിയുടെ കെട്ടുറപ്പുള്ള പ്രവര്‍ത്തനത്തിനായി അംഗങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 15 ആയി കുറച്ചു. കെ കേളപ്പനെ പ്രസിഡന്റായും കെ.എ ദാമോദരമേനോനെ സെക്രട്ടറിയായും നിയോഗിച്ചു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസമിതി സംസ്ഥാന പുനര്‍വിഭജനപ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച ധാര്‍ കമ്മീഷന് മുമ്പാകെ ഐക്യകേരള സമിതി സമര്‍പ്പിച്ച നിവേദനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍, കൂര്‍ഗ്, നീലഗിരി, ഗൂഡല്ലൂര്‍, ദക്ഷിണ കാനറ, മയ്യഴി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന കേരള സംസ്ഥാന രൂപവത്ക്കരണം ആവശ്യപ്പെട്ടു.

പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സര്‍ക്കാര്‍, ധാര്‍ കമ്മീഷനുമായി സഹകരിച്ചില്ല. ധാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അവലോകനത്തിനായി കോണ്‍ഗ്രസ്സിന്റെ ജയ്പൂര്‍ സമ്മേളനം(1948) ജവാഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, പട്ടാഭി സീതാരാമയ്യ എന്നിവരടങ്ങിയ ഉന്നതതല സമിതിക്ക് (ജെ.വി.പി കമ്മിറ്റി) രൂപം നല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള വിഭജന നിര്‍ദേശം വളരെ സൂക്ഷിച്ചുവേണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.

ഇന്ത്യാ ഗവണ്‍മെന്റിന്റെ നാട്ടുരാജ്യ സംയോജന നിയമമനുസരിച്ച് 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ത്ത് ഇന്ത്യന്‍ യൂണിയനിലെ പാര്‍ട്ട്-ബി സംസ്ഥാനമായി തിരു-കൊച്ചി രൂപം കൊണ്ടു. മലയാളിയും കേന്ദ്രആഭ്യന്തര വകുപ്പു മന്ത്രി സര്‍ദാര്‍ പട്ടേലിന്റെ വിശ്വസ്തനുമായിരുന്ന നാട്ടുരാജ്യ വകുപ്പ് സെക്രട്ടറി വി.പി.മേനോന്റെ (വാപ്പാല പങ്കുണ്ണി മേനോന്‍) പരിശ്രമമായിരുന്നു അതിനു പിന്നില്‍. തിരുവിതാംകൂര്‍ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. കൊച്ചി രാജാവ് സ്ഥാനമൊഴിഞ്ഞു. കൊച്ചി വളരെ ചെറിയ ഒരു നാട്ടുരാജ്യമായതുകൊണ്ടാണ് തിരുവിതാംകൂറിനോട് സംയോജിക്കപ്പെട്ടതെങ്കിലും ഈ നടപടി ഏറെക്കാലമായി പ്രതീക്ഷിക്കുന്ന കേരള സംസ്ഥാന രൂപവത്ക്കരണത്തിന്റെ ആദ്യഘട്ടമായാണ് ജനങ്ങള്‍ കണ്ടത്.

സംസ്ഥാന തലവന്‍ അഥവാ രാജപ്രമുഖനായി ഒരു മഹാരാജാവിനെ നിയമിച്ചുകൊണ്ടുള്ള തിരു-കൊച്ചി രൂപവത്ക്കരണം ജനകീയ കേരള സംസ്ഥാനത്തിന്റെ പിറവിക്ക് സഹായകമാവില്ലെന്ന നിലപാടോടെ കെ.കേളപ്പന്‍ ഐക്യകേരള സമിതിയുടെ അധ്യക്ഷസ്ഥാനം രാജിവെച്ചു. കെ.പി.കേശവമേനോന്‍ അധ്യക്ഷനായി പ്രവര്‍ത്തനം തുടര്‍ന്നു. 1949 നവംബറില്‍ പാലക്കാട്ട് നടന്ന ഐക്യകേരള സമ്മേളനം രാജപ്രമുഖനെ ഒഴിവാക്കിക്കൊണ്ടുള്ള കേരള സംസ്ഥാനം സ്ഥാപിക്കണമെന്ന പ്രമേയത്തെ അംഗീകരിച്ചു.

1952 ജൂണില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രണ്ടായി പിരിഞ്ഞു. തിരു-കൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും. ഐക്യകേരളത്തെ സംബന്ധിച്ച നയത്തില്‍ മാറ്റം വരുന്നതിന് ഇത് കാരണമായി. തിരു-കൊച്ചിയെ മദ്രാസ് പ്രവിശ്യയില്‍ ലയിപ്പിച്ച് ഒരു ദക്ഷിണ സംസ്ഥാനം രൂപവത്കരിക്കണമെന്ന് മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 1953 ഏപ്രിലില്‍ പാലക്കാട്ട് ചേര്‍ന്ന രാഷ്ട്രീയ സമ്മേളനം ആവശ്യപ്പെട്ടു. തിരു-കൊച്ചി കോണ്‍ഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി സര്‍ക്കാരും ഐക്യകേരളത്തെ അനുകൂലിച്ചു. ദക്ഷിണ സംസ്ഥാന ആശയത്തെ തള്ളിക്കളഞ്ഞു.

ഈ സന്ദര്‍ഭത്തിലാണ് ആന്ധ്രയെ മദ്രാസില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക സംസ്ഥാനമാക്കാന്‍ വേണ്ടി പോറ്റി ശ്രീരാമലു ഉപവാസം നടത്തി മരണമടഞ്ഞത്. ഇത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനസംഘടന നടത്താന്‍ കേന്ദ്രഗവണ്‍മെന്റിനെ പ്രേരിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 1953 ഡിസംബറില്‍ സയ്യദ് ഫസല്‍ അലി അധ്യക്ഷനായും പണ്ഡിറ്റ് ഹൃദയനാഥ് ഖുന്‍സ്രു, മലയാളിയായ സര്‍ദാര്‍ കെ.എം പണിക്കര്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കമ്മീഷന്‍ എല്ലാ വാദങ്ങളും വിശദമായി പഠിച്ച ശേഷം ദക്ഷിണ സംസ്ഥാനവാദം നിരാകരിച്ചു. 1956 ല്‍ സമര്‍പ്പിക്കപ്പെട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാന പുനസംഘടനയ്ക്കായി ഭരണഘടനയുടെ ഏഴാം ഭേദഗതി 1956ല്‍ പാസ്സാക്കി. അതുപ്രകാരം 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും നിലവില്‍ വന്നു.

1956 നവംബര്‍ 1ന് ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ഭാഷാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറില്‍ തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ കുറേ ഭാഗവും തമിഴ്‌നാടിനോട് (മദ്രാസ് സംസ്ഥാനം) ചേര്‍ത്തു.

തിരുവിതാംകൂറിന്റെ ബാക്കി ഭാഗങ്ങള്‍, കൊച്ചി. ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍, ദക്ഷിണ കാനറ ജില്ലിയിലെ കാസര്‍കോട് താലൂക്ക് എന്നിവ കൂട്ടിച്ചേര്‍ത്ത് പുതിയ കേരള സംസ്ഥാനം രൂപവത്ക്കരിച്ചു. ഐക്യകേരള സമിതി മുമ്പ് ആവശ്യപ്പെട്ടിരുന്ന ഗൂഡല്ലൂരും കൂര്‍ഗും മയ്യഴിയും ലക്ഷദ്വീപും കേരളത്തിന്റെ ഭാഗമായില്ല. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനമായ പത്മനാഭപുരവും തെക്കന്‍ കേരളത്തിന്റെ നെല്ലറയായ നാഞ്ചനാടും ഐതിഹ്യത്തിലെ പരശുരാമകഥയിലെ കന്യാകുമാരിയും കേരളത്തിന് കൈവിട്ടു പോയി.

തുടക്കത്തില്‍ കേവലം അഞ്ച് ജില്ലകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നിവയായിരുന്നു അവ. 1957ല്‍ മലബാറിനെ വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നു ജില്ലകളാക്കി. ഇതേ വര്‍ഷം തന്നെ ഓഗസ്റ്റില്‍ കോട്ടയം, കൊല്ലം ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ആലപ്പുഴ രൂപീകരിച്ചു. 1958 ഏപ്രില്‍ 1ന് എറണാകുളവും 1969ല്‍ മലപ്പുറവും 1972ല്‍ ഇടുക്കിയും 1980ല്‍ വയനാടും 1982ല്‍ പത്തനംതിട്ടയും ജില്ലകളായി നിലവില്‍ വന്നു. കേരളത്തിലെ 14-ാമത്തെ ജില്ലയായി കാസര്‍കോട് പിറവിയെടുത്തത് 1984 മെയ് 24ന് ആയിരുന്നു.

”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ത്തലവെച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണേശനുമമ്മേ”

മഹാകവി വള്ളത്തോള്‍ ‘വന്ദിപ്പിന്‍ മാതാവിനെ’ എന്ന കവിത എഴുതിയത് ഐക്യകേരളപ്പിറവിക്ക് ഏതാണ്ട് നാലു ദശകം മുമ്പാണ്. 1956 നവംബര്‍ ഒന്നിന് അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കൃതമായപ്പോള്‍ തലസ്ഥാനത്ത് ഔപചാരിക വിളംബരം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുവാനുള്ള ഭാഗ്യവും മഹാകവിക്കു ലഭിച്ചു. ഐക്യകേരളം സ്വപ്നം കണ്ടത് കവികള്‍ മാത്രമല്ല.

സ്വാതന്ത്ര്യദാഹികളും ദേശസ്‌നേഹികളും ഭാഷാപ്രേമികളും ഭരണാധികാരികളും എല്ലാം ആ മംഗള മുഹൂര്‍ത്തത്തെ മനസ്സില്‍ താലോലിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നിട്ട 63 വര്‍ഷങ്ങള്‍ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭൂപരിഷ്‌കരണം തുടങ്ങി രാജ്യത്തിന് തന്നെ കേരളത്തില്‍ നിന്ന് പകര്‍ത്താന്‍ ഉതകുന്ന ഒരുപാട് മാതൃകകള്‍ നാം സൃഷ്ടിച്ചു.

മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നേര്‍കാഴ്ചയുടെ കേരളപ്പിറവി ദിനാശംസകള്‍…

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments