ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ. ഇയാളെ മരണം വരെ തൂക്കിലേറ്റും. എറണാകുളം പോക്‌സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു.
കേസ് അപൂർവമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാൻ അവസരം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. അസ്ഫാഖിന്റെ മാനസിക നിലയെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.
കാണാതായ കുട്ടിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ നടക്കവേ, കഴിഞ്ഞ ജൂലൈ 28നാണ് ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജൂലായ് 28ന് ഉച്ചയോടെയാണ് ആലുവ ടൗണിന് സമീപം ചൂർണിക്കര പഞ്ചായത്തിലെ വാടക വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. പ്രതിയായ ബിഹാർ സ്വദേശി അസഫഖ് ആലം (29) വൈകുന്നേരത്തോടെ പോലീസ് പിടിയിലായി.
കേസ് യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറൽ) വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ആലുവ പോലീസ് ആസ്ഥാനത്ത് അന്വേഷണം ആരംഭിച്ചതിന്റെ ദിവസങ്ങൾ അടയാളപ്പെടുത്തുന്ന ബോർഡും സ്ഥാപിച്ചു.
സംഭവം നടന്ന് 33 ദിവസത്തിനകം 645 പേജുള്ള കുറ്റപത്രമാണ് സംഘം സമർപ്പിച്ചത്. സാഹചര്യത്തെളിവുകൾ, സൈബർ, ഫോറൻസിക് തെളിവുകൾ, ഡോക്ടർമാരുടെ വിദഗ്ധ അഭിപ്രായങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തിൽ 40-ലധികം സാക്ഷികളുടെ മൊഴികളും 95 രേഖകളും പാദരക്ഷകൾ, തുണി തുടങ്ങിയ വസ്തുക്കളെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങളും ഉണ്ടായിരുന്നു.
കുറ്റപത്രത്തിൽ പരാമർശിച്ച പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം ബിഹാർ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. പ്രതിക്കെതിരെ ഡൽഹിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് തെളിഞ്ഞു.
പ്രതി കുട്ടിയെ കൂടെ കൊണ്ടുപോകുന്നത് കണ്ട സാക്ഷികൾ, സിസിടിവി ദൃശ്യങ്ങൾ, ഇരയുടെ ശരീരത്തിൽ നിന്നും തുണിയിൽ നിന്നും ശേഖരിച്ച പ്രതിയുടെ ഡിഎൻഎ, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇരയുടെ വസ്ത്രം എന്നിവയും കേസിൽ നിർണായകമായി.
ഒക്ടോബർ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.