വാഷിങ്ടൻ: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഫ്ലോറിഡ സ്വദേശി ഹാരൂൺ അബ്ദുൽ മാലിക് യേനറിനെ (30) എഫ്ബിഐ അറസ്റ്റ് ചെയ്തു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എഫ്ബിഐ അന്വേഷണം ആരംഭിച്ചത്. ബോംബ് നിർമാണത്തിനുള്ള ടൈമറുകൾ, ഇലക്ട്രോണിക് സർക്കീറ്റുകൾ തുടങ്ങിയവ പ്രതിയിൽ നിന്നു കണ്ടെടുത്തു. 2017 മുതൽ യുവാവ് ഇതിനായി ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുന്നതായും കണ്ടെത്തി.
ഈ മാസം 28 ന് വിളവെടുപ്പുത്സവത്തിനു (താങ്ക്സ് ഗിവിങ് ഡേ) മുൻപ് വിദൂരനിയന്ത്രിത സംവിധാനത്തിലൂടെ കെട്ടിടം തകർക്കുകയായിരുന്നു പദ്ധതി.
വീട്ടുപകരണങ്ങൾ ഉപയോഗിച്ച് ബോംബ് നിർമിക്കാനുള്ള വഴികളെപ്പറ്റി ഏതാനും വിഡിയോകളും ഇയാൾ മുൻപ് യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ചില സർക്കാർ വിരുദ്ധ സംഘടനകളിൽ പ്രവർത്തിച്ചതായും സൂചനയുണ്ട്. കോടതിയിൽ ഹാജരായ യേനറിനെ എഫ്ബിഐ കസ്റ്റഡിയിൽ വാങ്ങി.