മൊണോക്കോ: ലോക അത്ലറ്റിക്സ് പുരസ്‌കാര നിറവില്‍ അഞ്ജു ബോബി ജോര്‍ജ്. ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിനാണ് അഞ്ജു അര്‍ഹയായിരിക്കുന്നത്. യുവതാരങ്ങളുടെ വളര്‍ച്ചക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്നതായി നടത്തിയ നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് അഞ്ജു ട്വിറ്ററില്‍ പ്രതികരിച്ചു.
ഓരോ ദിവസവും യുവ വനിതാ താരങ്ങളുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്ന മറ്റൊന്നുമില്ലെന്നും എന്റെ അധ്വാനത്തെ അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും അഞ്ജു കുറിച്ചു. 2003ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് 44കാരിയായ അഞ്ജു.
ലോങ് ജംപില്‍ ഇന്ത്യയ്ക്കായി അഭിമാന മെഡലുകള്‍ നേടിയിട്ടുള്ള അഞ്ജു എന്നും രാജ്യത്തെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. 2005ലോ ലോക അത്ലറ്റിക്സ് ഫൈനലില്‍ സ്വര്‍ണ്ണവും 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയതാണ് അഞ്ജുവിന്റെ പ്രധാന നേട്ടങ്ങള്‍.
കായിക താരമെന്ന നിലയില്‍ കരിയറിന് വിരാമമിട്ട ശേഷവും രാജ്യത്തെ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് അഞ്ജു കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞിടെ തനിക്ക് ഒരു കിഡ്നി മാത്രമാണുള്ളതെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചിരുന്നു. ചെറിയ കുറവുകളുടെ പേരില്‍ പോലും പലരും തളര്‍ന്നുപോകുമ്പോഴും ഇത്രയും വലിയൊരു പ്രയാസത്തെയും തന്റെ മനക്കരുത്തുകൊണ്ട് ചാടിക്കടന്ന അഞ്ജു ലോകത്തിന് തന്നെ പ്രചോദനവും മാതൃകയുമാണ്.
രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2003ല്‍ അര്‍ജുന പുരസ്‌കാരവും 2004ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരവും ഇതേ വര്‍ഷം പത്മശ്രീയും നല്‍കി രാജ്യം അഞ്ജുവിന്റെ കായിക പ്രതിഭയെ അംഗീകരിച്ചിട്ടുണ്ട്. 2021ല്‍ ബിബിസിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും അഞ്ജുവിനെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോക അത്ലറ്റിക്സ് പുരസ്‌കാരത്തിനും അഞ്ജു അര്‍ഹയായിരിക്കുന്നത്. ഇന്ത്യന്‍ കായിക ലോകത്തിന് തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന പുരസ്‌കാരമാണിത്.
ഈ വര്‍ഷത്തെ മികച്ച വനിതാ അത്ലറ്റിനുള്ള പുരസ്‌കാരം ജമൈക്കയുടെ ഒളിംപിക്സ് ചാമ്പ്യയായ എലെയ്ന്‍ തോംസന് ലഭിച്ചു. 29കാരിയായ താരം അതിവേഗ ഓട്ടക്കാരിയാണ്. 2016ലെ ഒളിംപിക്സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം. 2020ലെ ടോക്കിയോ ഒളിംപിക്സിലും ഇതേ നേട്ടം ആവര്‍ത്തിച്ചു. ഒപ്പം 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി. ഹാട്രിക് ഒളിംപിക്സ് സ്വര്‍ണ്ണ നേട്ടമാണ് എലെയ്നെ ഈ നേട്ടത്തിലേക്കെത്തിച്ചത്.