Wednesday, July 17, 2024

HomeMain Storyപേള്‍ ഹാര്‍ബര്‍: നൊമ്പര സ്മരണകള്‍ക്ക് 80 വയസ്‌

പേള്‍ ഹാര്‍ബര്‍: നൊമ്പര സ്മരണകള്‍ക്ക് 80 വയസ്‌

spot_img
spot_img

എ.എസ് ശ്രീകുമാര്‍

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്ക് എണ്‍പത് വയസ്… അന്നൊരു ഡിസംബര്‍ പ്രഭാതത്തിലായിരുന്നു അപ്രതീക്ഷിതമായ ആ കൊടിയ ആക്രമണം… കോളനിവല്‍ക്കരണവും അധിനിവേശതൃഷ്ണയും മനസിലേറ്റിയ കിഴക്കിന്റെ കിരാത ശക്തികള്‍ അമേരിക്കന്‍ മണ്ണില്‍ ചുടല നൃത്തം ചവുട്ടിയ ഭീതിയുടെ പുലര്‍കാലം…

ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ട കപ്പലുകളില്‍ നിന്ന് അശാന്തിയുടെ ഹുങ്കാരവുമായി അമേരിക്കയുടെ ആകാശവിശാലതയിലെത്തിയ ജാപ്പനീസ് വിമാനങ്ങള്‍ പസഫിക്കിലെ ഏറ്റവും വലിയ നേവല്‍ ബേസായ പേള്‍ ഹാര്‍ബറില്‍ ബോംബുകള്‍ നിഷ്‌കരുണം വര്‍ഷിച്ചു.

കേവലം രണ്ടു മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച ഈ സംഹാര താണ്ഡവത്തില്‍ പേള്‍ ഹാര്‍ബര്‍ ശ്മശാന ഭൂമിയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു… അനേകര്‍ മുറിവുണങ്ങാതെ ജീവിക്കുന്ന രക്തസാക്ഷികളായി. പില്‍ക്കാലത്ത് ധര്‍മബോധത്തിന്റെ കരുത്തുമായി ഒട്ടേറെ പടയോട്ട വിജയങ്ങള്‍ നേടാന്‍ അമേരിക്കയെ പ്രാപ്തമാക്കിയത് പേള്‍ഹാര്‍ബര്‍ ആക്രമണമായിരുന്നു…

പേള്‍ ഹാര്‍ബറില്‍ ജീവത്യാഗം ചെയ്ത ധീര സേനാനികളെയും നിരപരാധികളെയുമൊക്കെ വീണ്ടും ഓര്‍ത്ത് നാം അഞ്ജലീബദ്ധരാവുന്നു… ചരിത്രത്തിലെ വമ്പന്‍ സൈനിക ആക്രമണങ്ങളിലൊന്നായ പേള്‍ ഹാര്‍ബര്‍ പോരാട്ടത്തിന്റെ എണ്‍പതാം വാര്‍ഷികമാണ് ഈ വരുന്ന ഡിസംബര്‍ ഏഴ്.

അമേരിക്കന്‍ മണ്ണില്‍, രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന്റെ പിന്നാമ്പുറത്തേയ്ക്കും 1941 ഡിസംബര്‍ ഏഴിന്റെ പ്രഭാതഭീതിയിലേയ്ക്കും കടന്നു ചെല്ലാം…വടക്കന്‍ ഇന്‍ഡോ ചൈനയിലേക്കുള്ള അനധികൃത കടന്നുകയറ്റത്തിന്റെ പേരില്‍ 1940 സെപ്റ്റംബറില്‍ അമേരിക്ക ജപ്പാന് ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് ജപ്പാനിലേയ്ക്കുള്ള ഉരുക്ക്, അസംസ്‌കൃത ഇരുമ്പ്, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി അമേരിക്ക നിര്‍ത്തിവച്ചു.

അമേരിക്കയുമായോ ബ്രിട്ടനുമായോ യുദ്ധത്തിലേര്‍പ്പെട്ടാല്‍ തിരിച്ചുള്ള ആക്രമണങ്ങള്‍ തടയുന്നതിന് തങ്ങളെ സഹായിക്കണമെന്ന ഒരു നിഷ്പക്ഷ ഉടമ്പടിയില്‍ 1941 ഏപ്രിലില്‍ ജപ്പാന്‍ സോവിയറ്റ് യൂണിയനെകൊണ്ട് ഒപ്പു വയ്പ്പിച്ചു. വടക്കു കിഴക്കന്‍ ഏഷ്യയില്‍ ഇതിനോടകം പിടിമുറുക്കിക്കഴിഞ്ഞ ജപ്പാന്‍ 1941 ജൂലൈ അവസാനത്തോടുകൂടി വടക്കന്‍ ഇന്‍ഡോ ചൈന കൈവശപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അമേരിക്കയും ബ്രിട്ടനും നെതര്‍ലാന്‍ഡും ജപ്പാന്റെ ആസ്തികള്‍ മരവിപ്പിച്ചു.

ഇതോടെ ജപ്പാന് ഇന്ധനം വാങ്ങാനുള്ള അവസരം ഇല്ലാതാവുകയും അവരുടെ ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നിവയുടെ ചലനം താറുമാറാവുകയും ചെയ്തു. 1941ന്റെ അവസാനത്തോടെ സഖ്യശക്തികളുടെ ആക്രമണത്താല്‍ സോവിയറ്റ് യൂണിയന്‍ പരാജയത്തിന്റെ വക്കിലെത്തി. ഈ അവസരം മുതലാക്കി തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഇന്ധന സ്രോതസുകള്‍ കൈക്കലാക്കാന്‍ ജപ്പാന്‍ ശ്രമമാരംഭിച്ചു.

ജപ്പാന്റെ അധിനിവേശങ്ങളും വ്യാപനവും അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒരു യുദ്ധം അമേരിക്കന്‍ ജനത ആഗ്രഹിച്ചില്ല. ചൈനയില്‍ നിന്നും ഇന്‍ഡോ ചൈനയില്‍ നിന്നും പിന്‍വാങ്ങാന്‍ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടു. സഖ്യകക്ഷികളോടൊപ്പം ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്ക തങ്ങളുടെ സൈനിക ശക്തിയും സ്ഥാനവും അതോടെ ഊട്ടി ഉറപ്പിച്ചിരുന്നു. അമേരിക്കയുടെ ആവശ്യപ്രകാരം പിന്‍വാങ്ങലിന്റെ അടയാളം മാത്രം കാട്ടിയ ജപ്പാന്‍ പുതിയ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കില്ലെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

പകരമായി ഇന്ധന ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുദ്ധം. അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തി അവര്‍ വശം കെട്ടു. 1941 ഒക്‌ടോബര്‍ പകുതിയോടെ ജപ്പാന്റെ പ്രീമിയറായ ജനറല്‍ തോജോ ഹിദേക്കി, നവംബര്‍ 29-ാം തീയതി, യുദ്ധം ഒഴിവാക്കിക്കൊണ്ടുള്ള അവസാന ഒത്തുതീര്‍പ്പ് ദിനമായി തീരുമാനിച്ചു. ഇതാകട്ടെ ഒരു രഹസ്യ തീരുമാനവുമായിരുന്നു.

ജപ്പാന്‍ മിലിട്ടറിയോട് യുദ്ധ പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെടുന്നു. ബര്‍മ, മലയ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപൈന്‍സ് എന്നിവിടങ്ങള്‍ അടിച്ചു നിരത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതോടൊപ്പം സെന്‍ട്രല്‍, സൗത്ത് വെസ്റ്റ് പസഫിക്കില്‍ പ്രതിരോധ ദുര്‍ഗം സ്ഥാപിക്കാനും പ്ലാനായി. അമേരിക്കയുമായി യുദ്ധമുണ്ടായാല്‍ കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാനും വിജയിക്കാനും കഴിയില്ലെന്ന് ജപ്പാന്‍ മനസിലാക്കി.

പേള്‍ ഹാര്‍ബറിലെ ‘പസഫിക് കപ്പല്‍പ്പട’ തങ്ങളുടെ പദ്ധതികളെല്ലാം തകര്‍ക്കുമെന്നവര്‍ക്ക് നിശ്ചയമായിരുന്നു. അതിനാല്‍ ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ പസഫിക് കപ്പല്‍പ്പടയെ നിഷ്പ്രഭമാക്കാനുള്ള ദൗത്യം ജാപ്പനീസ് നേവി ഏറ്റെടുത്തു. ആക്രമണം ആസന്നമായിരിക്കുന്നു എന്ന് മനസിലാക്കിയ അമേരിക്ക ജപ്പാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. വാഷിംഗ്ടണില്‍ നിന്ന് മുന്നറിയിപ്പിന്റെ സന്ദേശം അയച്ചു. പക്ഷേ അപ്പോഴേയ്ക്കും വൈകിയിരുന്നു.

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് വളരെ സൂക്ഷ്മതയോടെയുള്ള തയ്യാറെടുപ്പുകളാണ് ജപ്പാന്‍ നടത്തിയത്. തങ്ങളുടെ പദ്ധതി വലിയ റിസ്‌കുള്ളതാണെന്ന ബോധ്യം സൈന്യത്തിനുണ്ടായിരുന്നു വൈസ് അഡ്മിറല്‍ ച്യൂയിചി നഗുമോയുടെ നേതൃത്വത്തിലുള്ള സൈന്യം 1941 നവംബര്‍ 26ന് വടക്കുകിഴക്കന്‍ ജപ്പാനിലെ ഇതോറോഫു ദ്വീപില്‍ നിന്ന് ശാന്ത സമുദ്രത്തിലൂടെയുള്ള മൂവായിരം മൈല്‍ ദൈര്‍ഘ്യമുള്ള യാത്ര ആരംഭിച്ചു.

ആറ് വിമാനവാഹിനികള്‍, ഒന്‍പത് സംഹാരയാനങ്ങള്‍, രണ്ട് യുദ്ധകപ്പലുകള്‍, രണ്ട് വലിയ യാത്രക്കപ്പലുകള്‍, ഒരു ചെറിയ യാത്രക്കപ്പല്‍, മൂന്ന് അന്തര്‍വാഹിനികള്‍ എന്നിവ ശാന്ത സമുദ്രത്തിലൂടെ രഹസ്യയാത്ര ആരംഭിച്ചു. ഇത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
മറ്റ് കപ്പലുകള്‍ തങ്ങളെ കണ്ടു പിടിക്കുമോ എന്ന ഭയത്താല്‍ പ്രധാന കടല്‍ വഴികള്‍ ഒഴിവാക്കി ഒഴിവാക്കി, വളഞ്ഞു പുളഞ്ഞുള്ള ഗതിയാണ് ജപ്പാന്‍ പട സ്വീകരിച്ചത്. ഒന്നരയാഴ്ചത്തെ യാത്രയ്‌ക്കൊടുവില്‍ ഹവായി ദ്വീപായ ഒഹുവിന് 230 മൈല്‍ വടക്കുള്ള ലക്ഷ്യസ്ഥാനത്ത് അവര്‍ എത്തി.

ഡിസംബര്‍ ഏഴ്, 1941: പുലര്‍ച്ചെ ആറ് മണി, ശാന്തസമുദ്രം പതിവിലും വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു. ഭയപ്പെടുത്തുന്ന ആഴക്കടലിലെ വിമാനവാഹിനികളില്‍ നിന്ന് ബോംബറുകള്‍ ഒന്നിനു പിറകെ ഒന്നായി പറന്നുയരുകയാണ്… ആദ്യഘട്ട ആക്രമണത്തിനായി മൊത്തം 187 എണ്ണം മേഘപാളികളില്‍ മറഞ്ഞു.

സമയം 7:15: രണ്ടാം ഘട്ട ആക്രമണത്തിനായി 167 വിമാനങ്ങള്‍ ആകാശത്തിലേയ്ക്ക്….

പേള്‍ ഹാര്‍ബര്‍: അവിടെ ഞായറാഴ്ച സൈനികരെ സംബന്ധിച്ച് ഒഴിവുദിവസമാണ്. പലരും ഉറക്കമെഴുന്നേറ്റിട്ടില്ല. ചിലര്‍ മെസ് ഹാളില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുപേര്‍ പള്ളിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്. ഒരു ആക്രമണത്തെപ്പറ്റി അവര്‍ സ്വപ്നം കണ്ടിരുന്നില്ല. പൊടുന്നനെ പ്രശാന്തമായ അന്തരീക്ഷം ഭികരതയിലേയ്ക്ക് വഴുതിമാറി.

സമയം 7.55: ആദ്യഘട്ട ആക്രമണവിമാനങ്ങള്‍ പേള്‍ ഹാര്‍ബറിന് മുകളിലെത്തി. ആദ്യ ബോംബ് ഉതിര്‍ക്കും മുമ്പ് ആകാശ ആക്രമണത്തിന്റെ ലീഡറായ കമാന്‍ഡര്‍ മിത്‌സുവോ ഫുച്ചിഡ ഉച്ചത്തില്‍ കല്‍പ്പിച്ചു…”ട്രിഗര്‍… ട്രിഗര്‍… ട്രിഗര്‍… ”താഴെ ഉഗ്രശബ്ദത്തില്‍ ബോംബുകള്‍ പൊട്ടിച്ചിതറി.

പുകപടലങ്ങള്‍ ഭീമാകാരമായ തൂണുകളായി മുകളിലേയ്ക്കുയര്‍ന്നു. മനുഷ്യര്‍ പിടഞ്ഞുവീണു മരിക്കുന്നു. താഴ്ന്നു പറന്ന വിമാനങ്ങള്‍, പേള്‍ ഹാര്‍ബര്‍ ശരിക്കും ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സൂചന നല്‍കി… ചിന്നിച്ചിതറിയ ശരീരങ്ങള്‍… പാതിവെന്ത ദേഹവുമായി വിലപിക്കുന്നവര്‍… തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍… ജപ്പാന്റെ ഒന്നും രണ്ടും ഘട്ട ആക്രമണങ്ങള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.

ആക്രമണം അപ്രതീക്ഷിതമായിരുന്നുവെങ്കിലും പലരും പെട്ടെന്ന് പ്രതികരിച്ചു. ആദ്യ ആക്രമണത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ യു.എസ് സൈനികര്‍ക്ക് ജപ്പാന്‍ വിമാനങ്ങളില്‍ ചിലത് വെടിവെച്ചിടാനായി. എട്ടുമണിയോടെ പേള്‍ ഹാര്‍ബറിന്റെ ചുമതല വഹിച്ചിരുന്ന അഡ്മിറല്‍ ഹസ്ബാന്‍ഡ് കിമ്മല്‍ അമേരിക്കയിലെ എല്ലാ നാവികപ്പടയ്ക്കും അടിയന്തര സന്ദേശമയച്ചു.

അമേരിക്കന്‍ വിമാനവാഹിനികള്‍ പിടിക്കുകയായിരുന്നു ജപ്പാന്റെ ലക്ഷ്യം. പക്ഷേ അവയൊന്നും ഹാര്‍ബറില്‍ ഇല്ലായിരുന്നു. അതിനാല്‍ സുപ്രധാനമായ യുദ്ധക്കപ്പലുകള്‍ ടാര്‍ജറ്റ് ചെയ്തു. ആക്രമണസമയത്ത് പേള്‍ ഹാര്‍ബറില്‍ എട്ട് യുദ്ധക്കപ്പലുകള്‍ ഉണ്ടായിരുന്നു. അവയില്‍ ഏഴെണ്ണവും ‘ബാറ്റില്‍ഷിപ്പ് റോ’യില്‍ ആയിരുന്നു.

നെവാഡ, അരിസോണ, ടെന്നസി, മെരിലാന്‍ഡ്, വെസ്റ്റ് വെര്‍ജീനിയ, ഒക്കലഹോമ, കാലിഫോര്‍ണിയ എന്നിവയായിരുന്നു അവ. പെന്‍സില്‍വേനിയ ഡ്രൈ ഡോക്കിലും, പസഫിക് ഫ്‌ളീറ്റിലെ കൊളറാഡോ എന്ന യുദ്ധക്കപ്പല്‍ പേള്‍ഹാര്‍ബറിന് പുറത്തായിരുന്നു.

നിരവധി ബോംബുകള്‍ പതിച്ച അരിസോണ കടലില്‍ മുങ്ങി. 1,100 ഓളം പേര്‍ കൊല്ലപ്പെട്ടു. (അരിസോണ മുങ്ങിയ സ്ഥലത്ത് ‘യു.എസ്.എസ്. അരിസോണ മെമ്മോറിയല്‍’ ഉണ്ട്. ) വെസ്റ്റ് വിര്‍ജീനിയയും ഒക്കലഹോമയും കാലിഫോര്‍ണിയയും കടലിന്റെ അഗാധതയിലേയ്ക്ക് മറഞ്ഞു. മറ്റ് കപ്പലുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. മറ്റ് യുദ്ധസന്നാഹങ്ങളും നശിപ്പിക്കപ്പെട്ടു.

188 അമേരിക്കന്‍ വിമാനങ്ങള്‍ തകര്‍ന്നു ചിതറി. 159 എണ്ണത്തിന് കേടുപാടുകള്‍ പറ്റി. ആക്രമണത്തില്‍ 3500 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 2,403 അമേരിക്കക്കാര്‍ ഉള്‍പ്പെടുന്നു. ജപ്പാന്റെ 55 പേരാണ് കൊല്ലപ്പെട്ടത്. 29 വിമാനങ്ങളും തകര്‍ന്നു. 9.45 ഓടെ ജപ്പാന്‍ വിമാനങ്ങള്‍ പേള്‍ ഹാര്‍ബര്‍ വിട്ട് വിമാനവാഹിനികളിലേയ്ക്ക് പറന്നു.12.14 ഓടു കൂടി അവയെല്ലാം തിരിച്ചെത്തി. ജപ്പാന്‍ സൈന്യം മടക്കയാത്ര തുടങ്ങി.

പിറ്റെ ദിവസം പ്രസിഡന്റ് ഫാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത്, ഡിസംബര്‍ ഏഴാം തീയതി “A date that will live in infamy” എന്ന് പ്രഖ്യാപിച്ചു. പ്രസംഗശേഷം പ്രസിഡന്റ്, കേണ്‍ഗ്രസിനോട് ജപ്പാനുമായി യുദ്ധം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് യുദ്ധം പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ അമേരിക്ക നിരബന്ധിതമായി. രണ്ടാം ലോകമഹായുദ്ധം അമേരിക്കയെ ലോകത്തിന്റെ അധീന ശക്തിയായി മാറ്റുകയായിരുന്നു.

പേള്‍ ഹാര്‍ബര്‍ ഓര്‍മദിവസം ഫെഡറല്‍ ഹോളിഡേ അല്ല. ഗവണ്‍മെന്റ് ഓഫീസുകളും സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും മറ്റും അന്നേ ദിവസം പ്രവര്‍ത്തിക്കും. പബ്ലിക് ട്രാന്‍സിസ്റ്റ് സിസ്റ്റവും സാധാരണഗതിയില്‍ തന്നെയായിരിക്കും. മണ്‍മറഞ്ഞവരോടുള്ള ആദരസൂചകമായി, പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വൈറ്റ് ഹൗസിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും അമേരിക്കകാരുടെ വീടുകളിലുമെല്ലാം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

പേള്‍ ഹാര്‍ബറിലെ യു.എസ്.എസ്. അരിസോണ മെമ്മോറിയലിലും ഇതര സ്ഥലങ്ങളിലും വിവിധപരിപാടികളോടെ അനുസ്മരണ ചടങ്ങുകള്‍ നടക്കും. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്താളുകളിലെഴുതപ്പെട്ട പേള്‍ ഹാര്‍ബര്‍ ആക്രമണത്തെപ്പറ്റി സ്‌കൂളുകളില്‍ പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

രാഷ്ട്ര ഗാത്രത്തെ പൊള്ളിച്ച ആ ദുരന്തത്തിന്റെ ഓര്‍മകള്‍ക്കു മുന്നില്‍, ഈ കോവിഡ് ഒമൈക്രോണ്‍ വ്യാപന കാലത്തും അമേരിക്കയുടെ സര്‍വ സുരക്ഷിതത്വത്തിലും ജീവിക്കുന്ന നമുക്കേവര്‍ക്കും ശ്രദ്ധാഞ്ജലിയര്‍പ്പിക്കാം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments