Friday, July 12, 2024

HomeMain Storyഎക്സ്‌പോ 2020 ദുബൈ: ഇതുവരെ 56 ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിച്ചു

എക്സ്‌പോ 2020 ദുബൈ: ഇതുവരെ 56 ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിച്ചു

spot_img
spot_img

ദുബൈ: ലോകമഹാമേളയായ എക്സ്‌പോ 2020 ദുബൈ ആരംഭിച്ച് ഇതുവരെയെത്തിയത് 56 ലക്ഷത്തിലേറെ സന്ദര്‍ശകര്‍. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും കായിക, സംഗീത, സാംസ്‌കാരിക, വിനോദ പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് എക്സ്‌പോ വില്ലേജിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ സന്ദര്‍ശകരുടെ എണ്ണം 5,663,960 ആയി ഉയര്‍ന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ആഘോഷവേളകളില്‍ ഓരോ പവിലിയനിലും അനിതരസാധാരണവും അഭൂതപൂര്‍വവുമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി വിവിധ രാഷ്ട്രത്തലവന്‍മാര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരുള്‍പെടെ 5383 നേതാക്കളുടെ ഔദ്യോഗിക പരിപാടികള്‍ക്കും എക്സ്‌പോ വില്ലേജ് സാക്ഷ്യം വഹിച്ചു.

ഒട്ടുമിക്ക രാജ്യങ്ങളുടെയും ദേശീയദിനാഘോഷങ്ങള്‍ക്കും എക്സ്‌പോ വേദി സാക്ഷിയായി. എക്സ്‌പോ ആരംഭിച്ച് ആദ്യ രണ്ടു മാസങ്ങളില്‍ 10,461 ഔദ്യോഗിക പരിപാടികള്‍ നടന്നു. ഇത്തരത്തിലൊരു ലോക പ്രദര്‍ശനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യുഎഇ ഗവണ്‍മെന്റിനെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു മാക്രോണ്‍ എക്‌സ്‌പോ വില്ലേജ് സന്ദര്‍ശിച്ചത്.

സന്ദര്‍ശകരില്‍ പകുതിയിലേറെ പേരും എക്സ്‌പോ സീസണ്‍ പാസ് ഉപയോഗിക്കുന്നവരാണ്. യുഎഇയുടെ 50-മത് ദേശീയദിനം ആഘോഷിക്കാനും മിക്കവരും തിരഞ്ഞെടുത്തത് എക്സ്‌പോ വില്ലേജായിരുന്നുവെന്നതില്‍ അഭിമാനിക്കുന്നുവെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബൈ ഡയറക്ടര്‍ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു.

ഇന്ത്യ, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ, യുകെ എന്നിവയുള്‍പ്പെടെ മുന്‍നിര അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കൊപ്പം നവംബറില്‍ എത്തിയ സന്ദര്‍ശകരിലേറെ പേരും യുഎഇക്ക് പുറത്തുനിന്നായിരുന്നു. ഏതാണ്ട് 28 ശതമാനം പേര്‍.

യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും രണ്ടര ലക്ഷത്തിലേറെ പേര്‍ ഇതിനകം വേദി സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനകം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി സൗകര്യങ്ങള്‍ 455,000 തവണ പ്രയോജനപ്പെടുത്തി. ടാക്സികള്‍, ബസുകള്‍ എന്നിവയുടെ ഉപയോഗം 600,000 ആണ്.

ഏതാണ്ട് 22 ലക്ഷം സന്ദര്‍ശകരാണ് പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്. എക്സ്‌പോ 2020 വെര്‍ച്വല്‍ സന്ദര്‍ശനം രണ്ടര കോടിയിലെത്തി. ശക്തമായ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് ലോകമഹാമേള ജൈത്രയാത്ര തുടരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments