തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണ തര്‍ക്കം അവസാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വര്‍ധന നടപ്പാക്കാന്‍ തീരുമാനമായി. ഇതോടെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആയി ഉയര്‍ന്നു. കെ സ്വിഫ്റ്റ് ഇടതുമുന്നണി നയം ആയതിനാല്‍ അത് നടപ്പാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പളപരിഷ്‌കരണം ഉണ്ടാക്കുന്ന ബാധ്യത പിന്നീട് കണക്കാക്കും.
മാസങ്ങളായി നീണ്ടുനില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളപരിഷ്‌കരണ തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം.
പതിനൊന്നാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കുറഞ്ഞ അടിസ്ഥാന ശമ്പളമായ 23,000 രൂപ കെ.എസ്.ആര്‍.ടി.സിയിലും നടപ്പാക്കും. പതിനൊന്ന് ശമ്പള സ്‌കെയിലുണ്ടാകും. 8,730 രൂപയില്‍നിന്ന് 23,000 രൂപയായി കുറഞ്ഞ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നതോടെ സാമ്പത്തിക ബാധ്യത ഉയരും.
അടിസ്ഥാന ശമ്പളത്തിന്റെ 137 ശതമാനം ഡി.എയില്‍ ലയിപ്പിക്കും. കുറഞ്ഞ എച്ച്.ആര്‍.എ. 1,200 രൂപയും കൂടിയത് 5,000 രൂപയുമാകും. ശമ്പള പരിഷ്‌കരണത്തിന് 2021 ജൂണ്‍ മുതല്‍ മുന്‍കാലപ്രാബല്യമുണ്ടായിരിക്കും. എന്നാല്‍ ജൂണിന് ശേഷം വിരമിച്ചവര്‍ക്ക് മാത്രം സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ കുടിശ്ശിക നല്‍കും. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നടപ്പാക്കുന്നത് 2022 ജനുവരി മുതലാണ്. ശമ്പള പരിഷ്‌കരണം അംഗീകരിച്ചതോടെ കെ സ്വിഫ്റ്റിന് എതിരായ പിടിവാശി ജീവനക്കാര്‍ ഉപേക്ഷിച്ചു.
45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ശതമാനം ശമ്പളത്തോടെ അഞ്ചുവര്‍ഷം അവധി അനുവദിക്കുന്നതടക്കം പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ കേഡറും 500 കിലോമീറ്ററില്‍ കൂടുതലുള്ള സര്‍വീസുകള്‍ക്ക് ക്രൂ ചേഞ്ചും നടപ്പാക്കും. പെന്‍ഷന്‍ വര്‍ധന ചര്‍ച്ചകള്‍ക്കും ഡ്യൂട്ടി പരിഷ്‌കരണം നിയമോപദേശത്തിനും ശേഷം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.