Thursday, April 25, 2024

HomeNewsIndiaനോവായി വരുണ്‍ സിങ്ങും, അന്ത്യകര്‍മ്മങ്ങള്‍ വെള്ളിയാഴ്ച

നോവായി വരുണ്‍ സിങ്ങും, അന്ത്യകര്‍മ്മങ്ങള്‍ വെള്ളിയാഴ്ച

spot_img
spot_img

ബെംഗളൂരു : സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ച കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ഏക സൈനികനും മരിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39), എട്ട് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെ മരണത്തിനു കീഴടങ്ങി.

മൃതദേഹം ഇന്ന് യെലഹങ്ക വ്യോമതാവളത്തില്‍ പൊതുദര്‍ശനത്തിനു ശേഷം ഭോപാലിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടു പോകും. വെള്ളിയാഴ്ച സംസ്‌കാരം നടത്തുമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നതായും ഭാര്യയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ ബെംഗളൂരുവില്‍ എത്തിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. മരുന്നുകളോടു പ്രതികരിച്ചതോടെ രക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു.

പൊള്ളിയടര്‍ന്ന ചര്‍മത്തിനു പകരം പുതിയതു വച്ചുപിടിപ്പിക്കുന്ന (സ്‌കിന്‍ ഗ്രാഫ്റ്റ്) ശസ്ത്രക്രിയയ്ക്കു തയാറെടുപ്പു തുടങ്ങിയിരുന്നു. ഈ മാസം 8ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലെ ചടങ്ങിനാണ് റാവത്തും സംഘവും എത്തിയത്.

കോളജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ വരുണ്‍സിങ്, റാവത്തിനെയും സംഘത്തെയും കോയമ്പത്തൂരിനു സമീപം സൂലൂര്‍ വ്യോമതാവളത്തില്‍ സ്വീകരിച്ച് കോളജിലേക്ക് അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വേരുകളുള്ള അദ്ദേഹത്തിന്റെ കുടുംബം ഏറെക്കാലമായി ഭോപാലിലാണു താമസം.

പിതാവ് കെ.പി.സിങ് കരസേനാ റിട്ട. കേണലും സഹോദരന്‍ തനുജ് സിങ് നാവിക സേനയില്‍ ലഫ്. കമാന്‍ഡറുമാണ്. മാതാവ്: ഉമ സിങ്. ഭാര്യ: ഗീതാഞ്ജലി. ഒരു മകനും മകളുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments