Monday, January 24, 2022
spot_img
HomeMain Storyവീണ്ടും ആശുപത്രികള്‍ നിറഞ്ഞുകവിയും, ആശങ്കയോടെ ലോകാരോഗ്യസംഘടന

വീണ്ടും ആശുപത്രികള്‍ നിറഞ്ഞുകവിയും, ആശങ്കയോടെ ലോകാരോഗ്യസംഘടന

ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ മൂലമുള്ള കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പല സ്ഥലങ്ങളിലും ആശുപത്രികള്‍ വൈകാതെ നിറഞ്ഞു കവിയാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒമിക്രോണ്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.

പ്രാദേശിക വ്യാപനം നടന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ ഒന്നര മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിക്കുന്നതായും, നാളിതു വരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായും ഡബ്യുഎച്ച്ഒ അറിയിച്ചു.

ഉയര്‍ന്ന തോതിലുള്ള കോവിഡ് പ്രതിരോധശേഷി കൈവരിച്ച രാജ്യങ്ങളില്‍ പോലും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. എന്നാല്‍ ഇത് വൈറസിന്റെ അതിവ്യാപന ശേഷി കൊണ്ടാണോ അതോ പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാനുള്ള അതിന്റെ കഴിവ് കൊണ്ടാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ആശങ്ക പരത്തുന്ന വകഭേദമായി നവംബര്‍ 26നാണ് ഡബ്യുഎച്ച്ഒ ഒമിക്രോണിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വകഭേദം മൂലമുണ്ടാകുന്ന കോവിഡ് അണുബാധയുടെ തീവ്രത ഉള്‍പ്പെടെ പല കാര്യങ്ങളും ഇനിയും അറിവായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ ഡേറ്റ പുറത്തു വരേണ്ടത് ആവശ്യമാണെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യയില്‍ 200ലധികം ഒമിക്രോണ്‍ കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍. കേരളത്തില്‍ 15 കേസുകള്‍ ഒമിക്രോണ്‍ മൂലം സ്ഥീരീകരിച്ചു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments