Tuesday, April 16, 2024

HomeMain Storyയുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

spot_img
spot_img

പറവൂര്‍: പെരുവാരത്ത് യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമികനിഗമനം. സാഹചര്യത്തെളിവുകളും മരിച്ചതായി കരുതുന്ന യുവതിയുടെ മാതാപിതാക്കളുടെ മൊഴികളുമാണ് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. എന്നാല്‍, ഡി.എന്‍.എ പരിശോധനഫലം പുറത്തുവന്ന ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. മരിച്ചത് 22നും 30 വയസ്സിനും മധ്യേയുള്ള യുവതിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

നഗരസഭ ഒമ്പതാം വാര്‍ഡില്‍ പെരുവാരം പനോരമ നഗര്‍ അറക്കപ്പറമ്പില്‍ പ്രസാദത്തില്‍ ശിവാനന്ദന്റെ വീടിനാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ തീപിടിച്ചത്. സംഭവസമയത്ത് ശിവാനന്ദനും ഭാര്യ ജിജിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ രണ്ട് മുറി പൂര്‍ണമായി കത്തിനശിച്ചു. തിരിച്ചറിയാനാകാത്ത വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ആരുടേതെന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്ത മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതോടെ തീ പിടിത്തത്തിനുശേഷം കാണാതായ ജിത്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സി.സി ടി.വിയില്‍നിന്ന് ജിത്തു വീട്ടില്‍നിന്ന് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിസ്മയയുടെ മൊബൈല്‍ ഫോണുമായാണ് ജിത്തു വീടുവിട്ടത്. വൈകീട്ട് ആറോടെ എടവനക്കാട് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് കൊലപാതകം നടത്തി ജിത്തു ഒളിവില്‍ പോയതായി സംശയമുയര്‍ന്നത്.

ജിത്തുവിന് ഒരു യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെ വിസ്മയ എതിര്‍ത്തിരുന്നെന്നും ഇതേച്ചൊല്ലി വീട്ടില്‍ പലവട്ടം വഴക്ക് ഉണ്ടായതായും പറയുന്നു. അടുത്തിടെ കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ജിത്തു പുറത്ത് പോയിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും നാളുകളായി ജിത്തു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ജിത്തുവിന്റെ ആണ്‍സുഹൃത്തിനെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്നാണ് പൊലീസ് പറയുന്നതെങ്കിലും തിന്നര്‍ പോലെ തീ പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള ലായനി ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സംഭവശേഷം ഒളിവില്‍ പോയ ജിത്തുവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments