പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും യു.എസ്. പോസ്റ്റല്‍ സര്‍വീസ് വഴി വിതരണം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഇതിനു മുമ്പു എത്ര കോവിഡ് 19 ടെസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ഇപ്പോള്‍ നടത്തുന്ന വിതരണത്തിന് ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു.
നാലു ടെസ്റ്റുകള്‍ വീതമാണ് ഓരോ അഡ്രസ്സിനും ലഭിക്കുക.
ഈ വര്‍ഷാരംഭത്തില്‍ അയച്ചു തുടങ്ങിയ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ സെപ്റ്റംബര്‍ മാസത്തോടെ നിര്‍ത്തിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനാവശ്യമായ ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കാതിരുന്നതാണ് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏകദേശം 600 മില്യണ്‍ ഹോം കോവിഡ് ടെസ്റ്റുകള്‍ ഇതിനകം തന്നെ വിതരണം ചെയ്തിരുന്നു.
കഴിഞ്ഞ ചില ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്നതും, മറ്റൊരു കോവിഡ് തരംഗം ഉണ്ടാകുമോ എന്ന ഭയവുമാണ് പുതിയ കോവിഡ് ടെസ്റ്റുകള്‍ വിതരണം ചെയ്യാന്‍ ബൈഡന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ഡിസംബര്‍ 14 വ്യാഴാഴ്ച മുതല്‍ Covidtests.gov എന്ന വെസ്സൈറ്റില്‍ അപേക്ഷ നല്‍കണമെന്നും, 19 മുതല്‍ പോസ്റ്റല്‍ സര്‍വീസ് വഴി വീടുകളില്‍ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.