ദോഹ: ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന ലോക ചാംപ്യന്‍മാര്‍. തുടർച്ചയായ രണ്ടാം ലോകകപ് എന്ന മോഹവുമായി വന്ന ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4 – 2 ന് തോൽപിച്ചാണ് മെസിയും സംഘവും 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത് .
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനിലയിലായതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണ് ഫ്രാൻസ് ഗോളാക്കിയത്. അധിക സമയത്ത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയിലായിരുന്നു.
ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഹാട്രിക് അടിച്ചു.അര്‍ജന്‍റ്റീനക്ക് വേണ്ടി രണ്ടു തവണ ഗോള്‍ നേടി മെസ്സിയും ഒരു ഗോളോടെ ഏഞ്ചല്‍ ഡി മരിയയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.
ഹാട്രിക് തികച്ച് സുവര്‍ണ ബൂട്ടുമായി എംബാപ്പെ തിളങ്ങിയപ്പോള്‍ കരിയറിലെ അവസാന ലോകകപ്പില്‍ മെസ്സി രണ്ടു വട്ടം ഗോള്‍ നേടി ടീമിന്റെ വിജയനായകനായി.ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി എംബാപ്പെയാണ് മുന്നിൽ.