Friday, March 29, 2024

HomeMain Storyബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

spot_img
spot_img

വത്തിക്കാന്‍ സിറ്റി ; പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്‌ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്.

ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്‌ബിഷപ്പായി.

1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു ‘ഡൊക്‌ട്രിന്‍ ഓഫ് ഫെയ്ത്’ സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച്‌ ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്‌ട് പതിനാറാമന്‍. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments