ന്യൂഡൽഹി: ഇന്ത്യയ്ക്കു നൽകിയിരുന്ന എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി എടുത്തുകളഞ്ഞ് സ്വിറ്റസർലൻഡ്. പ്രത്യേക നികുതി ഇളവു നൽകുന്ന 30 വർഷം പഴക്കമുള്ള കരാറാണ് പിൻവലിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഫ്എംസിജി കമ്പനിയായ നെസ്‌ലെയ്ക്കെതിരായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 2025 ജനുവരി 1 മുതൽ സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉയർന്ന നികുതി ബാധകമാകും.
നികുതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കരാറിലെ പ്രത്യേക വ്യവസ്ഥയാണ് സ്വിറ്റ്സർലൻഡ് എടുത്തുകളഞ്ഞത്. സ്വിറ്റ്സർലൻഡ് ഇന്ത്യൻ കമ്പനികളുടെ ലാഭവീതത്തിനു നൽകുന്ന നികുതിയിളവ്, ഇവിടെ പ്രത്യേക സർക്കാർ വിജ്ഞാപനമില്ലാതെ തിരിച്ചു നൽകേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി 2023ൽ പറഞ്ഞത്. നിലവിൽ 5 ശതമാനം എടുക്കുന്ന ലാഭവീതം ഇനി 10 ശതമാനമായി ഉയരും.