Thursday, March 28, 2024

HomeNerkazhcha Specialകുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി; ഉണര്‍വിന്റെ മഹാ ശിവരാത്രി

കുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി; ഉണര്‍വിന്റെ മഹാ ശിവരാത്രി

spot_img
spot_img

എ.എസ് ശ്രീകുമാര്‍

‘ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി…” എന്നാണ് പ്രമാണം. ശിവരാത്രി ശിവന്റെ രാത്രിയാണ്. പുരാണങ്ങള്‍ പ്രകാരം എല്ലാമാസത്തിലും ഓരോ ശിവരാത്രി വരുന്നുണ്ട്. ഇതുപ്രകാരം എല്ലാമാസത്തിലെയും കൃഷ്ണ പക്ഷത്തിലെ ചതുര്‍ദശിയാണ് മാസ ശിവരാത്രി. എന്നാല്‍ മാഘമാസത്തിലെ (കുംഭം) കൃഷ്ണപക്ഷ ചതുര്‍ദശ്ശിയെയാണ് മഹാശിവരാത്രി എന്നു വിശേഷിപ്പിക്കുന്നതും ആഘോഷിക്കുന്നതും. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ വരുന്ന ദിവസമാണ് വ്രതം അനുഷ്ഠിക്കന്നത്. രണ്ടുരാത്രികളില്‍ ചതുര്‍ദ്ദശി വന്നാല്‍ ആദ്യത്തെ ചതുര്‍ദ്ദശിക്കാണ് ശിവരാത്രിയായി കണക്കാക്കുക.

നാളെ (ഫെബ്രുവരി 18) ആണ് ഈ വര്‍ഷത്തെ മഹാശിവരാത്രി. ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും ശ്രേഷ്ഠമായ വ്രതം ശിവരാത്രി വ്രതമാണ്. ഏതുപാപങ്ങളെയും കഴുകിക്കളയുന്ന വ്രതം. ശുദ്ധനായ, ഭക്തപ്രിയനായ മഹാദേവന്റെ പ്രീതിയിലൂടെ ശിവലോകം നേടാനുളള പാതയാണ് മഹാശിവരാത്രി വ്രതം. നന്ദികേശനോട് (പരമശിവന്റെ വാഹനമായ കാള) ശിവന്‍ തന്നെയാണ് മഹാശിവരാത്രിയുടെ മഹത്വം വിവരിച്ചുനല്‍കിയത്. പിന്നീട് നന്ദി, മഹര്‍ഷിമാര്‍ക്കും ദേവകള്‍ക്കും ഈ ദിനത്തിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്തു.

മഹാശിവരാത്രി വ്രതമെടുക്കുന്നത് അത്യന്തം ശ്രേയസ്‌ക്കരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിട്ടയോടെയുളള വ്രതത്താലും ശിവപൂജയിലൂടെയും ഇതേ ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനാവും. ശിവന്റെ അനുഗ്രഹം നേടിയെടുക്കാനുളള മാര്‍ഗ്ഗമാണ് ശിവരാത്രി വ്രതം. തമോ, രജോ ഗുണങ്ങളെ നിയന്ത്രിച്ച് സ്വാത്വിക ഭാവം നേടിയെടുക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന വ്രതം കൂടിയാണ് മഹാ ശിവരാത്രി വ്രതം. കൃഷ്ണപക്ഷ ചതുര്‍ദശിയുടെ തലേദിവസം ഒരിക്കലെടുത്ത് പഴവര്‍ഗ്ഗങ്ങള്‍ പോലുളള മിതമായ ഭക്ഷണം മാത്രം കഴിച്ചു വേണം വ്രതം തുടങ്ങാന്‍.

വ്രതം തുടങ്ങുന്നതിനും മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സ്വാത്വികഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓംനമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.

ശിവരാത്രിനാളില്‍ പകല്‍സമയം ഉപവാസമാണ് നിര്‍ബന്ധമായി പറഞ്ഞിട്ടുളളത്. ഒഴിവാക്കാതെ ഇത് പിന്തുടരുന്നതാണ് ഉചിതമായ രീതി. ശിവരാത്രി വ്രതത്തില്‍ പ്രാധാന്യമുളളതാണ് പകലത്തെ ഉപവാസം. തീരെപറ്റാത്ത സാഹചര്യത്തില്‍ ചിലര്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുവാങ്ങുന്ന ഇളനീരും പഴങ്ങളും കഴിക്കുന്നതും പതിവാണ്. എന്നാല്‍ പകലുളള ഉപവാസവും സാധനയുമാണ് ശിവരാത്രിയുടെ ചിട്ട എന്നതാണ് വാസ്തവം. ശിവപുരാണം വായിക്കുന്നത് വളരെ നല്ലതാണ്. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശ്ശനം നടത്തി കഴിവിനനുസരിച്ചുളള വഴിപാടുകള്‍ നടത്തുക.

അഭിഷേകം, അര്‍ച്ചന, കൂവള മാല, ധാര തുടങ്ങിയവയാണ് പ്രധാനമായും നടത്തേണ്ടത്. പാല്‍, കരിക്ക്,ജലം എന്നിവകൊണ്ടുളള അഭിഷേകം വിശേഷപ്പെട്ടതാണ്. കൂവളമാല അര്‍പ്പിക്കുന്നതും ഇലകൊണ്ടുളള അര്‍ച്ചനയും ഭഗവാനെ പ്രീതിപ്പെടുത്താനും ഉത്തമമാണ്. ശിവക്ഷേത്രത്തില്‍ മൂന്നുതവണ വലം വെക്കുന്നതും നല്ലതാണ്.

രാവിന്റെ അന്ത്യയാമത്തില്‍ ശിവ പൂജയും ആരാധനയും നടത്തുന്നത് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പതിവാണ്. തേന്‍, പാല്‍, ഇളനീര്‍, ജലം എന്നിവയാല്‍ ഭക്തര്‍ നേരിട്ടുനടത്തുന്ന അഭിഷേകമാണ് വടക്കേ ഇന്ത്യയിലെ പ്രത്യേകത. ഇതുകൂടാതെ വ്യത്യസ്തങ്ങളായ പല ചടങ്ങുകളും രീതികളും വടക്കേ ഇന്ത്യയില്‍ ശിവരാത്രിയുടെ ഭാഗമായി നടത്തുന്നു.

രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാനഭാഗം. ശിവപഞ്ചാക്ഷരിക്കൊപ്പം ശിവസഹസ്രനാമം,ശിവാഷ്ടകം എന്നിവയും ജപിക്കാം.ശിവപുരാണം വായിക്കാം. ചിലര്‍ പൂര്‍ണ്ണശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അര ശിവരാത്രി അനുഷ്‌റിക്കുന്നതും പതിവാണ്. അര്‍ദ്ധരാത്രിവരെ വ്രതത്തോടെ ഉറക്കമൊഴിയുന്ന രീതിയാണിത്. ശിവരാത്രി വ്രതമെടുത്ത് പിതൃതര്‍പ്പണം നടത്തുന്നതിലൂടെ പൃതൃക്കള്‍ക്ക് ശിവരാത്രിയുടെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.

ഉറക്കമില്ലാതെ ശിവപൂജയും പാരായണവും നടത്തി തൊടട്ടുത്ത ദിവസം ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. യഥാവിധി വ്രതം ആചരിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളും അകലുന്നു. വ്രതം അവസാനിക്കുന്നുവെങ്കിലും അതേദിവസം പകലുറക്കം പാടില്ല. മഹാശിവരാത്രിയുടെ പുണ്യം നേടിയെടുത്ത ശേഷം ഒരാള്‍ പുരാണങ്ങള്‍ നിഷിദ്ധമെന്ന് അനുശാസിക്കുന്ന പകലുറക്കം നടത്തുന്നത് ശരിയല്ല എന്നതാണ് കാരണം. അതേദിവസം ചന്ദ്രോദയം കണ്ടിട്ടു വേണം വ്രതമെടുക്കുന്ന ആള്‍ ഉറങ്ങാന്‍ എന്നു പറയുന്നതിനു പിന്നിലും പകലുറക്കം പാടില്ല എന്ന കാരണമാണ്.

ഏതുപാപങ്ങളെയും കഴുകിക്കളയുന്ന ശിവരാത്രിയില്‍ കൃത്യമായ ചര്യകളും മനസര്‍പ്പിച്ചുുളള പ്രാര്‍ത്ഥനയും അത്യാവശ്യമാണ്. ശരിയായ അനുഷ്ഠാനത്തിനൊപ്പം ഭക്തിയും അത്യാവശ്യം. ശിവരാത്രി വ്രതം അനുഷ്ഠിച്ചതിലൂടെ മഹാപാപങ്ങള്‍ തീര്‍ന്നവരുടെകഥകള്‍ പുരാണങ്ങളില്‍ കാണാനാവും.

ശിവനെന്നാല്‍ സ്വയംപ്രകാശിക്കുന്നവനും മറ്റുളളവയെ പ്രകാശിപ്പിക്കുന്നവനുമാണ്. പൂര്‍ണനാണ് ഒപ്പം പരിശുദ്ധനും ആണ് മഹാദേവന്‍. നിറഞ്ഞ അറിവ്, പൂര്‍ണ്ണമായ സാധന എന്നിവയെല്ലാം തികഞ്ഞവനാണ് ഭഗവാന്‍. ദേവന് ഏറെ പ്രാധാന്യമുളള മഹാശിവരാത്രിദിനത്തില്‍ ശിവനെ പൂജിക്കുന്നത് ഏറ്റവും മുക്തിദായകമായി കരുതപ്പെടുന്നു.

ശിവരാത്രി മാഹാത്മ്യത്തിനു പിന്നില്‍ നിരവധി ഐതീഹ്യങ്ങളുണ്ട്. പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടും വിഷമായ കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് മഹാദേവന്‍ സ്വന്തം ഇഷ്ടപ്രകാരം അത് കുടിച്ചു. ഭയചകിതയായ പാര്‍വതീ ദേവി ദേവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചതിനാല്‍ വിഷം ഉദരത്തിലെത്താതെ കണ്ഠത്തില്‍ തങ്ങിനിന്നു. എന്നിട്ടെന്തുണ്ടായി…

മാരകവിഷത്തിന്റെ ഫലമായി ശിവന്‍ നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ദേഹത്തിനു വിഷബാധയേല്‍ക്കാതിരിക്കാനായി ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മക്കായി ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നു. ദേവന്‍തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന്‍ പറഞ്ഞതെന്നും വിശ്വാസമുണ്ട്. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നു.

ശിവ പാര്‍വ്വതിമാരുടെ വിവാഹം നടന്ന ദിനമായി ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയെ കണക്കാക്കുന്നു. ഈ വിശ്വാസ പ്രകാരം ദേവി ദേവന്‍മാരുടെ വിവാഹം നടന്ന മംഗളദിനമെന്ന പ്രാധാന്യമാണ് ശിവരാത്രിക്കു നല്‍കുന്നത്. ശിവഭഗവാന്‍ ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു.

പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായാണ് ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നത്. മഹാനടനത്തില്‍ സൃഷ്ടിസ്ഥിതിസംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി ഉണ്ടായി. ശിവന്‍ ജ്യോതിരൂപത്തില്‍ പ്രത്യക്ഷമായ പുണ്യമുഹൂര്‍ത്തമെന്നും മഹാശിവരാത്രിക്ക് പേരുണ്ട്.

പ്രകാശരൂപത്തില്‍, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് ശിവന്‍ പ്രത്യക്ഷനായതും അവരോട് പ്രകാശരൂപത്തിലുളള തന്റെ ആദിയും അന്തവും കണ്ടെത്താന്‍ പറഞ്ഞതും ഇതേ ദിനത്തിലാണെന്നും പറയപ്പെടുന്നു. ശിവന്റെ തനുജ്യോതിയുടെ ആദ്യാന്തങ്ങള്‍ കണ്ടെത്താനാവാതെ പരാജയപ്പെട്ട വിഷ്ണുവും ബ്രഹ്‌മാവും തങ്ങളാണ് പ്രപഞ്ചത്തിലെ വലിയവരെന്ന അഹംബോധം വെടിഞ്ഞെന്നും വിശ്വാസമുണ്ട്.

തനുജ്യോതിരൂപം പ്രകടമാക്കിയ ദിനമാണ് വിശ്വാസപ്രകാരം മഹാശിവരാത്രി. ലിംഗരൂപത്തില്‍ ശിവന്‍പ്രത്യക്ഷനായതും മഹാശിവരാത്രിയുടെ പുണ്യമുഹൂര്‍ത്തത്തിലാണെന്നത് മറ്റൊരു മറ്റൊരു വിശ്വാസം.. പുണ്യമേറിയ മുഹൂര്‍ത്തമാണ് എല്ലാം കൊണ്ടും ശിവരാത്രി.

കലയുടെയും നാട്യത്തിന്റെയും ദേവനായ ശിവന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന മഹാശിവരാത്രിദിനത്തില്‍ പ്രശസ്തക്ഷേത്രങ്ങളായ കൊണാര്‍ക്ക്, ഖജുരാഹോ, ചിദംബരം ഇവിടങ്ങളില്‍ പ്രഗത്ഭരുടെ ന്യത്തോത്സവങ്ങള്‍ നടത്തുന്നു.

നാടിന്റെ വിശപ്പകറ്റിയ
ഊട്ടുപുരയുടെ വിശേഷം

ശിവരാത്രി മഹോത്സവനാളുകളില്‍ നാടിന്റെ വിശപ്പകറ്റിയ അന്നദാനപുരയുടെ വിശേഷമിതാണ്. അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇവിടുത്തെ ഊട്ടുപുരയും ഉത്സവനാളുകളില്‍ എക്കാലവും സജ്ജീവമാണ്. ജാതിമത വ്യത്യാസമില്ലാതെ ശിവരാത്രി മഹോത്സവത്തിന്റെ നാളുകളില്‍ ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതിദിനം 5000ത്തോളം ആളുകള്‍ എത്തുന്നു.

ഇത് കാലങ്ങളായി തുടര്‍ന്നു വരുന്നു. ഉത്സവനാളുകളില്‍ ഇവിടെ ഭക്ഷണം കഴിക്കുവാനായി എത്തുന്നവര്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചാണ് മടങ്ങാറും.രാവിലെ ഇഡലിയും ഉപ്പുമാവും, ഉച്ചയ്ക്കും വൈകിട്ടും സ്വാദിഷ്ടമായ ഊണ്. മുന്‍ക്കാലങ്ങളില്‍ തുടങ്ങിവെച്ച അന്നദാനത്തെ മഹാധാനമായി കണ്ട് ഇന്നും പതിവുരീതിയില്‍ ഇവിടെ ഉത്സവ നാളുകളില്‍ അന്നദാനം തുടര്‍ന്നു വരുന്നു.

ഇവിടുത്തെ മറ്റൊരു പ്രത്യേകത ജാതിമതവ്യത്യാസമില്ലാത്ത ഒരു നാടിന്റെ ഒത്തുച്ചേരല്‍കൂടിയാണ് . ഭക്ഷണം ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമെല്ലാം എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ ക്ഷേത്രസന്നിധിയില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഊട്ടുപുര ഉണരും.

എത്രയാളുകള്‍വന്നാലും ഇവിടെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാകുക പതിവാണ്. ഉത്സവം കൊടിയിറങ്ങുമ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്കുള്ള കാത്തിരിപ്പുകൂടി തുടങ്ങുകയാണ് നാടിന്റെ വിശപ്പകറ്റുന്നതിനൊപ്പം ഒത്തുചേരലിന്റെ ഉത്സവനാളുകള്‍ക്കായുള്ള കാത്തിരിപ്പ്…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments