Monday, January 30, 2023

HomeNerkazhcha Specialവി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ…ആ പുല്ലാങ്കുഴല്‍ നാദവും…

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ…ആ പുല്ലാങ്കുഴല്‍ നാദവും…

spot_img
spot_img

രവിമേനോന്‍

പാതി ചാരിയ ചന്ദനമണിവാതിലിലൂടെ മലയാളികളുടെ സംഗീതമനസ്സില്‍ പറന്നിറങ്ങിയ നാദശലഭങ്ങള്‍. ബി ശശികുമാറിന്റെ വയലിനും വി.സി ജോര്‍ജ്ജിന്റെ ഫ്‌ലൂട്ടുമില്ലാതെ ഭഭമരിക്കുന്നില്ല ഞാനി”ലെ ചന്ദനമണിവാതില്‍ പാതിചാരി എന്ന വേണുഗോപാല്‍ ഗാനമുണ്ടോ..?

അവരില്‍, വി.സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ. മലയാളത്തിലെ ഒട്ടനവധി മനോഹര ചലച്ചിത്രഗാനങ്ങള്‍ക്കും തരംഗിണി ആല്‍ബങ്ങള്‍ക്കും പിന്നില്‍ പുല്ലാങ്കുഴല്‍ നാദമായി നിറഞ്ഞുനിന്ന ജോര്‍ജ്ജേട്ടന്‍ വിടപറഞ്ഞത് ഇന്നലെ.

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങള്‍, എന്‍ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങള്‍, ഗ്രാമീണ ഗാനങ്ങള്‍… ജോര്‍ജ്ജേട്ടന്റെ മുരളീനാദം കൂടിയുണ്ട് ആ പാട്ടുകളുടെ ആസ്വാദ്യതയ്ക്ക് പിന്നില്‍.

ഗുണസിംഗിന്റെ ശിഷ്യന്‍, ജോണ്‍സന്റെ ഹാര്‍മോണിയം ഗുരു, ഗിറ്റാറിസ്റ്റ് ആറ്റ്‌ലിക്കും ഗായകന്‍ അക്ബര്‍ ഷായ്ക്കുമൊപ്പം വോയിസ് ഓഫ് തൃശൂര്‍ എന്ന പേരെടുത്ത ഗാനമേളാ ട്രൂപ്പിന്റെ ശില്പികളിലൊരാള്‍… വിശേഷണങ്ങള്‍ പലതുണ്ട് വി സി ജോര്‍ജ്ജിന്. ജന്മനാടായ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ലൂര്‍ദ് പള്ളിക്കും വേണ്ടി ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ട് സംഗീതലോകത്ത് അരങ്ങേറുമ്പോള്‍ ജോര്‍ജ്ജിന് പ്രായം കഷ്ടിച്ച് പതിനഞ്ച് വയസ്സ്.

പില്‍ക്കാലത്ത് സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സുഹൃത്തുക്കള്‍ക്കൊപ്പം പാരമൗണ്ട് റെവല്‍റി എന്ന പേരിലൊരു ഗാനമേളാ ഗ്രൂപ്പിന് രൂപം കൊടുത്തു അദ്ദേഹം. അതു കഴിഞ്ഞായിരുന്നു എത്രയോ പ്രഗത്ഭരുടെ പരിശീലനക്കളരിയായിരുന്ന വോയിസ് ഓഫ് തൃശൂരിന്റെ പിറവി.

നെല്ലിക്കുന്നില്‍ ജോര്‍ജ്ജേട്ടന്റെ വീടിനടുത്തായിരുന്നു ജോണ്‍സന്റെ വീട്. ഹാര്‍മോണിയത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാനായി പിതാവിനൊപ്പം തന്റെ വീടിന്റെ പടികടന്നുവന്ന പത്തുവയസ്സുകാരന്റെ ചിത്രം ജോര്‍ജ്ജേട്ടന്‍ എന്നും വാത്സല്യത്തോടെ ഓര്‍മ്മയില്‍ സൂക്ഷിച്ചു. നല്ലൊരു പാട്ടുകാരന്‍ കൂടിയായിരുന്നു കൊച്ചു ജോണ്‍സണ്‍ എന്നോര്‍ക്കുന്നു അദ്ദേഹം.

ജാനകിയുടെയും സുശീലയുടേയുമൊക്കെ ഗാനങ്ങള്‍ മധുരമായി പാടും. പെട്ടി വായിക്കാന്‍ പഠിപ്പിച്ചതോടൊപ്പം ശിഷ്യനെ തൃശൂരിലെ ഗാനമേളക്കാര്‍ക്ക് പരിചയപ്പെടുത്തുക കൂടി ചെയ്തു ജോര്‍ജ്ജേട്ടന്‍. സ്‌പെഷ്യല്‍ എഫക്റ്റ്‌സിനായി ഉപയോഗിച്ചിരുന്ന കബാസ എന്ന ഉപകരണമാണ് ആദ്യകാലത്ത് ജോണ്‍സണ്‍ ഗാനമേളകളില്‍ കൈകാര്യം ചെയ്തത്.

മലയാളികള്‍ വിസ്മയത്തോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരു സംഗീത ജൈത്രയാത്രയുടെ തുടക്കം അവിടെനിന്നായിരുന്നു. ആ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനിച്ചു വി സി ജോര്‍ജ്ജ്.

കൊച്ചിന്‍ കലാഭവനില്‍ വെച്ചായിരുന്നു യേശുദാസുമായുള്ള ആദ്യ കൂടിക്കാഴ്ച്ച 1970 കളുടെ തുടക്കത്തില്‍. ചെന്നൈയിലേക്ക് ക്ഷണിച്ചതും സിനിമയിലെ ഏറ്റവും തിരക്കേറിയ ഫ്‌ലൂട്ടിസ്റ്റായ ഗുണസിംഗിനെ പരിചയപ്പെടുത്തിക്കൊടുത്തതും യേശുദാസ്.

ഭഭവെള്ള ഫിയറ്റ് കാറില്‍ എന്നെ സ്വീകരിക്കാന്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കാത്തുനിന്ന യേശുദാസിന്റെ രൂപം ഇന്നുമുണ്ട് ഓര്‍മയില്‍.” ജോര്‍ജ്ജ്. ഹിന്ദുസ്ഥാനിയില്‍ സാമുവല്‍ മാസ്റ്ററും കര്‍ണ്ണാട്ടിക്കില്‍ പൊതുവാള്‍ മാസ്റ്ററുമായിരുന്നു പുല്ലാങ്കുഴലിലെ ആദ്യ ഗുരുക്കന്മാരെങ്കിലും റെക്കോര്‍ഡിംഗില്‍ വായിക്കാന്‍ ഗുണസിംഗിന് കീഴിലെ ഹ്രസ്വ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടന്ന് ജോര്‍ജ്ജ്.

ഗായകന്‍ ജെ എം രാജുവിനെപ്പോലുള്ളവരുടെ പിന്തുണയും മറക്കാനാവില്ല. 1970 കളുടെ അവസാനം നാട്ടില്‍ തിരിച്ചെത്തിയ ശേഷം തരംഗിണിയിലെ റെക്കോര്‍ഡിംഗുകളുടെ ഭാഗമായി അദ്ദേഹം. ഒപ്പം ആകാശവാണിയിലും. തിരക്കേറിയ വര്‍ഷങ്ങള്‍.

സംഗീതത്തിന്റെ സൂക്ഷ്മവശങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ജോര്‍ജ്ജിന്റെ പാടവം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് പറയും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ‘കാതോട് കാതോരത്തിലെ നീ എന്‍ സര്‍ഗ സൗന്ദര്യമേ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട സമയം.

എല്ലാവരും പാട്ടിനെ പറ്റി നല്ലത് പറയുന്നുണ്ടെങ്കിലും ജോര്‍ജേട്ടന്റെ നിരീക്ഷണമാണ് എന്റെ മനസ്സിനെ തൊട്ടത്. എടാ, ബി ജി എമ്മില്‍ നീ പരീക്ഷിച്ച ആ സ്‌കെയില്‍ പ്രോഗ്രഷന്‍ അസ്സലായി… എന്ന് അദ്ദേഹം പറഞ്ഞുകേട്ടപ്പോള്‍ ഉണ്ടായ സന്തോഷം വലുതായിരുന്നു. അദ്ദേഹത്തെപ്പോലൊരാള്‍ തുടക്കക്കാരനായ എന്റെ പാട്ടിനെ അത്രയും സൂക്ഷ്മമായി വിലയിരുത്തി എന്നത് ചെറിയ കാര്യമല്ലല്ലോ.”

ജീവിതത്തെ ഒരു പരിധി വരെ ലാഘവത്തോടെ നോക്കിക്കണ്ട ആളായിരുന്നു ജോര്‍ജ്ജ് എന്ന് തോന്നിയിട്ടുണ്ട് ഔസേപ്പച്ചന്. ഗൗരവമാര്‍ന്ന വിഷയങ്ങളില്‍ പോലും നര്‍മ്മം കാണാന്‍ കഴിവുള്ള ആള്‍. താന്‍ വ്യാപരിക്കുന്ന മേഖല വെട്ടിപ്പിടിക്കണം എന്ന അമിതമോഹമൊന്നും ഒരിക്കലും വെച്ചുപുലര്‍ത്തിയിരുന്നില്ല.

ഭഭസംഗീതത്തിലായാലും ബിസിനസ്സിലായാലും വേറിട്ട ചിന്തകളായിരുന്നു ജോര്‍ജ്ജേട്ടന്റെത്. ആദ്യകാലത്ത് അദ്ദേഹത്തിന് ഒരു പിക്കിള്‍ ബിസിനസ്സ് ഉണ്ടായിരുന്നു. പിക്കിളിന് അദ്ദേഹം നല്‍കിയ പേരാണ് രസകരം: മുഖ്യമന്ത്രി അച്ചാര്‍. അന്നോ ഇന്നോ ആകട്ടെ, ഒരു അച്ചാറിന് അത്തരമൊരു പേര് ആരുടെയെങ്കിലും തലയില്‍ ഉദിക്കുമോ?”

പല കാലങ്ങളിലായി ചിക്കന്‍, ഫിഷ് െ്രെഫ ബിസിനസ്സുകളിലും ഭാഗ്യപരീക്ഷണം നടത്തി വി.സി ജോര്‍ജ്ജ്. റെക്കോര്‍ഡിംഗിനിടെ തനിക്ക് വായിക്കാനുള്ള ഫ്‌ലൂട്ട് ബിറ്റ് വായിച്ചുതീര്‍ത്ത ശേഷം ചിക്കന്‍ പാഴ്‌സല്‍ ആവശ്യക്കാരനെത്തിക്കാന്‍ വേണ്ടി സ്റ്റുഡിയോയില്‍ നിന്ന് ഭഭമുങ്ങി”ക്കളഞ്ഞ കഥ ജോര്‍ജ്ജേട്ടന്‍ തന്നെ രസകരമായി വിവരിച്ചുകേട്ടിട്ടുണ്ട്.

വി.സി ജോര്‍ജ്ജിനൊപ്പം ഒരു കാലഘട്ടം കൂടി ഓര്‍മ്മയാകുന്നു. സിന്തസൈസറും കീബോര്‍ഡുമൊക്കെ പ്രചുരപ്രചാരം നേടും മുന്‍പ്, ഗാനങ്ങളുടെ പിന്നണിയില്‍ മൗലിക വാദ്യോപകരണങ്ങള്‍ മാത്രം നിറഞ്ഞുനിന്ന കാലം. ആ പാട്ടുകള്‍ക്കൊപ്പം അവയ്ക്ക് പിന്നിലെ സൂക്ഷ്മമായ നാദശകലങ്ങള്‍ പോലും നാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുവെങ്കില്‍, അതുതന്നെ ആ പ്രതിഭകള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments