Saturday, June 14, 2025

HomeArticlesArticlesഈ മറുനാടന്റെ ഒരു കാര്യം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഈ മറുനാടന്റെ ഒരു കാര്യം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
spot_img

കേരളത്തിലെ ഏതു രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ പേടിക്കുന്നത് രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറെ മാത്രം ആണ്‌. രാഷ്ട്രീയക്കാരുടെ മുഴുവൻ ജാതകവും അരച്ചു കലക്കി കുടിച്ചിട്ടുള്ള ജയശങ്കർ മിക്കവാറും എല്ലാ ചാനലുകളിലും മാറി മാറി കയറി ഇറങ്ങി അന്തി ചർച്ചയിൽ വേണ്ടതും വേണ്ടാത്തതും എല്ലാം വിളിച്ചു പറയും

എന്നാൽ രാഷ്ട്രീയക്കാരും സിനിമക്കാരും ബിസിനസ്ക്കാരും പൊതു പ്രവർത്തകരും ഒരുപോലെ പേടിക്കുന്നത് മറുനാടൻ ചാനലിനെയും അതിന്റെ ഉടമയും അവതാരകനും ആയ ഷാജൻ സ്‌കറിയയെ മാത്രം ആണ്‌

രണ്ടായിരത്തി പതിനാറിൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിങ്ജ്ഞ ചെയ്തു അധികാരം ഏറ്റ അന്നു മുതൽ മറുനാടൻ പിണറായിക്കെതിരെയും അദ്ദേഹത്തിന്റെ സർക്കാരിനെതിരെയും ആക്രമണം ആരംഭിച്ചു. കേരളത്തിലെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കൂടുതൽ ഗവണ്മെന്റിനെതിരെ പോരാടിയത് മറുനാടൻ ആയിരുന്നു

ഒന്നാം പിണറായി സർക്കാരിന്റെ അവസാന വർഷങ്ങളിൽ ഉണ്ടായ സ്വർണ്ണ കള്ളകടത്തും ഡോളർ കടത്തും ബിസ്‌ക്കറ് കടത്തും ആയുധം ആക്കിയ മറുനാടൻ തന്റെ യൂട്യൂബ് ചാനലിൽ കൂടി അഴിഞ്ഞു ആടുകയായിരുന്നു. സ്വർണ്ണ കടത്തിൽ പിടിക്കപ്പെട്ടു ജയിലിൽ ആയ സ്വപ്ന സുരേഷിനെ മറുനാടൻ സ്റ്റുഡിയോയിൽ ഇന്റർവ്യൂ ചെയ്തും ഷാജൻ സർക്കാരിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിച്ചു. മറുനാടൻ ചാനലിന് ഇന്റർവ്യൂ കൊടുത്ത ശേഷം ആണ്‌ സ്വപ്ന സുരേഷ് മറ്റു ചാനലുകളിൽ പോയി തുടങ്ങിയത്

മറുനാടന്നാൽ ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രമുഖൻ മുൻ കേന്ദ്രമന്ത്രിയും ദീർഘനാൾ കോൺഗ്രസ്‌ ടിക്കറ്റിൽ എറണാകുളം എം പി യും ആയിരുന്ന ഇപ്പോഴത്തെ ഇടതുപക്ഷ സഹയാത്രികൻ കെ വി തോമസ് ആണ്‌. സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വീടായ പത്താം നമ്പർ ജൻപതിൽ സ്‌ഥാനമാനങ്ങൾ കിട്ടുവാൻ മാഷ് മീൻകറി വച്ചു കൊടുത്തിട്ടുണ്ടന്നുള്ളത് രഹസ്യമായ പരസ്യമാണെങ്കിലും അതു നാലാളു കേൾക്കെ വിളിച്ചു പറഞ്ഞത് മറുനാടൻ ആണ്‌. അതുപോലെ പണ്ടു കരുണാകര ഭക്തൻ ആയിരുന്ന മാഷ് കരുണാകരൻ മകൾ പദ്മജയുടെ എറണാകുളത്തു പനമ്പള്ളി നഗറിൽ ഉള്ള വീട്ടിൽ വരുമ്പോൾ അധികാരം കിട്ടുവാൻ വേണ്ടി ലീഡറെ സോപ്പിടുവാൻ വീട്ടിൽ നിന്നും കുമ്പളങ്ങി പുഴയിൽ നിന്നും പിടിച്ച തിരുത കറിവച്ചു കൊണ്ടുപോയി കൊടുക്കുമായിരുന്നു എന്നും മറുനാടൻ ഈ ഇടയ്ക്കാണ് പരസ്യമാക്കിയത്. മീൻ കൊതിയൻ ആയ മുഖ്യൻ പിണറായി ഫ്രഷ് മീൻകറി കഴിക്കുവാൻ ആണ്‌ തോമസ് മാഷിനെ കൂടെ കൂട്ടിയതെന്നും മറുനാടൻ വെളിപ്പെടുത്തി

ബിസിനസ്കാരെയും മറുനാടൻ വെറുതെ വിട്ടില്ല കേരളത്തിലെ സമ്പന്നരിൽ പ്രമുഖർ ആയ ജോയ് ആലുക്കാസ്‌ സണ്ണി വർക്കി കൊല്ലത്തെ രവി പിള്ള യൂസഫ് അലി തുടങ്ങി ഒട്ടനവധി പണചാക്കുകളെ മറുനാടൻ വെള്ളം കുടുപ്പിച്ചു

മറുനാടന്റെ ആക്രമണം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ സമ്പന്നരിൽ പ്രമുഖൻ സെലിബ്രിറ്റി പണക്കാരൻ ആയ ബോച്ചേ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ ആണ്‌. ബോചെയെ മറുനാടൻ വേണ്ടതിനും വേണ്ടാത്തതിനും ആക്രമിക്കുമ്പോൾ ബോച്ചേയും വിട്ടു കൊടുത്തില്ല തന്റെ സോഷ്യൽ മീഡിയ വഴി കൃത്യമായ മറുപടി മറുനാടന്നു കൊടുത്തുകൊണ്ടിരുന്ന ബോചെയെ കുറച്ചു നാൾ മുൻപാണ് മറുനാടൻ വാക്പോരിന് തന്റെ സ്റ്റുഡിയോയിലേയ്ക്കു വരുവാൻ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത ബോചെയ്ക്കു വേണ്ടി ഒരു കസേരയും ഇട്ട് മറുനാടൻ പ്രേക്ഷകരെ മുൾമുനയിൽ ആക്കി അര മണിക്കൂർ ഷാജൻ സ്റ്റുഡിയോയിൽ കാത്തിരുന്നു എങ്കിലും ബോച്ചേ എത്താതിരുന്നത് കൊണ്ടു കേരളത്തിലെ വാർത്തകളിൽ എന്നും നിറയുന്ന രണ്ടു ഹാസ്യ സാമ്രാട്ടുകൾ തമ്മിലുള്ള യുദ്ധം കാണുവാൻ ഉള്ള ഭാഗ്യം നാട്ടുകാർക്ക് നഷ്ടപ്പെട്ടു

ഏതാണ്ട് രണ്ടു വർഷമായി മറുനാടൻ കുറച്ചു യാതനകളിൽ കൂടി ആണ്‌ കടന്നു പോകുന്നത്. അതിന് പ്രധാന കാരണം സി പി എം ന്റെ മുൻ സഹയാത്രികൻ പി വി അൻവറിനെ മറുനാടൻ ചൊറിഞ്ഞതാണ്. ഏതാണ്ട് രണ്ടായിരത്തി പതിനാറിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയ കാലം മുതൽ മൂന്നു മാസം മുൻപ് വരെ മലപ്പുറം ജില്ലയുടെ ആഭ്യന്തര വകുപ്പ് അനൗദ്യോഗികമായി ഭരിച്ചിരുന്ന അൻവർ മറുനാടനു എതിരെ തിരിഞ്ഞതോടെ മറുനാടൻ ആകാശത്തും ഭൂമിയിലും അല്ലാത്ത അവസ്‌ഥയിൽ ആയി

രണ്ടു വർഷമായി കേസുകളിൽ നിന്നും കേസുകളിലേയ്ക്കു പോയ്കൊണ്ടിരുന്ന മറുനാടൻ രായ്ക്കു രാമാനം പെട്ടിയും പാണ്ടവും എടുത്തു നാടുവിട്ടു ഒളിവിൽ പോയതിന് കണക്കില്ല. സ്റ്റുഡിയോയിലെ കമ്പ്യൂട്ടർ മുഴുവൻ പോലീസ് എടുത്തുകൊണ്ടു പോയത് കൊണ്ടു പോകുന്ന വഴി ലാപ്ടോപ്പിൽ ഇരുന്നാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നത്. ഒരിക്കൽ നാട് വിട്ടു യൂ കെ യിൽ പോയപ്പോൾ ലണ്ടൻ എയർപോർട്ടിൽ വച്ചു മറുനാടൻ ഏതോ ഒരു സി പി എം പ്രവർത്തകനിൽ നിന്നും തല്ലു കൊണ്ടു എന്നും വാർത്ത വന്നു

തല്ലു വാർത്ത നിഷേധിച്ച മറുനാടൻ പറഞ്ഞത് താൻ എരുമേലിക്കാരനാണെന്നും മണ്ണിന്റെ മകനാണെന്നും കപ്പ തിന്നു വളർന്നവനാണെന്നും എന്നാണ്. ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തു തനിക്കു മൂന്നു നേരവും മുളക് പൊട്ടിച്ചത് കൂട്ടി കപ്പ തിന്നാൻ ഒരേക്കറിൽ കപ്പ കൃഷി ചെയ്തിട്ടുണ്ടന്നുമാണ്. അതുകൊണ്ട് ഒരാളല്ല അഞ്ചു പേര് വന്നാലും ലണ്ടൻ എയർപോർട്ട് അല്ല ന്യൂയോർക്കിലാണെങ്കിലും അടിച്ചു താഴെ ഇടുമെന്നും ആണ്‌

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അര ഡസൻ അറസ്റ്റ് എങ്കിലും മറുനാടന് എതിരെ നടന്നിട്ടുണ്ട്. ഓരോ അറസ്റ്റും കഴിയുമ്പോൾ താൻ കൂടുതൽ കരുത്തൻ ആകുക ആണെന്നാണ് മറുനാടൻ പറയുന്നത്

ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപ് ആരംഭിച്ച മറുനാടൻ ചാനൽ ജന ശ്രേദ്ധ ആകർഷിക്കുന്നത് രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറു വരെയുള്ള ഉമ്മൻചാണ്ടി ഗവണ്മെന്റിന്റെ കാലത്താണ്. സോളാർ വിവാദം കത്തി നിന്ന കാലത്ത് ഉമ്മൻചാണ്ടിക്കെതിരെ വ്യക്തിപരമായി ആക്രമണം അഴിച്ചു വിട്ട മറുനാടൻ പിന്നീട് ഉമ്മൻചാണ്ടിക്ക് തുടർ ഭരണം നഷ്ടമായ ശേഷം അദ്ദേഹത്തെ പോയി കണ്ടു മാപ്പ് പറയുകയുണ്ടായി

അതുകൊണ്ട് മറുനാടൻ ഉൾപ്പെടെ ഉള്ള യൂട്യൂബ് ചാനലുകൾ ചാനൽ സബ്സ്ക്രിബ്ഷനും വ്യൂവർഷിപ്പും കൂട്ടുവാനും കൃത്യമായി അറിയാത്ത ചില വാർത്തകളിൽ ആക്രാന്തം കാണിക്കുന്നുണ്ടോയെന്നു നാട്ടുകാരും പ്രേക്ഷകരും ചിന്തിക്കുന്നുണ്ടെങ്കിൽ കുറ്റം പറയുവാൻ പറ്റുമോ.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments