ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പേരിലുള്ള സ്വിസ് ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന. സ്വിസ് ബാങ്കുകള്‍, ഇവയുടെ ഇന്ത്യന്‍ ശാഖകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയിലായി ഇന്ത്യക്കാരുടെ പേരിലുള്ള വിവിധ നിക്ഷേപങ്ങള്‍ 2020ല്‍ 20,700 കോടി (2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്)രൂപയായാണ് ഉയര്‍ന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കി!െന്‍റ വാര്‍ഷിക ഡാറ്റയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019ല്‍ 6,625 കോടി ആയിരുന്നതാണ്, 2020 ആയപ്പോള്‍ 13 വര്‍ഷത്തെ ഏറ്റവും വലിയ സംഖ്യയിലേക്ക് എത്തിയത്.
2006ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് എന്ന റെക്കോഡില്‍ എത്തിയിരുന്നുവെങ്കിലും 2011, 2013, 2017 വര്‍ഷങ്ങള്‍ ഒഴികെ പിന്നീടിങ്ങോട്ട് താഴേക്കായിരുന്നു. സ്വിസ് ബാങ്കുകള്‍ എല്ലാംകൂടി ഇന്ത്യന്‍ നിക്ഷേപകരോട് ബാധ്യതപ്പെട്ടിരിക്കുന്ന യഥാര്‍ഥ മൂല്യം 20,706 കോടിയാണ്. ഇതില്‍ 4000 കോടി നേരിട്ടുള്ള നിക്ഷേപമാണ്. 3100 കോടി മറ്റു ബാങ്കുകള്‍ വഴിയും 16.5 കോടി ട്രസ്റ്റുകള്‍ വഴിയും ആണ്. എന്നാല്‍ ബോണ്ട്, ഓഹരി തുടങ്ങിയവ വഴിയുള്ള നിക്ഷേപമാണ് ഏറ്റവും കൂടുതല്‍. ഇത് 13,500 കോടി രൂപയുണ്ട്.
നിക്ഷേപക!െന്‍റ അക്കൗണ്ട് വഴി നേരിട്ടുള്ള നിക്ഷേപത്തി!െന്‍റ കാര്യത്തില്‍ കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും മറ്റു വഴിയുള്ള നിക്ഷേപങ്ങളില്‍ ആറുമടങ്ങ് വര്‍ധന ഉണ്ടായി.
അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള തുകകളാണ് ഇവ. കാലങ്ങളായി പറഞ്ഞുകേള്‍ക്കാറുള്ള ‘സ്വിസ് ബാങ്കുകളിലെ കള്ളപ്പണം’ ഇതില്‍ പെടില്ല. മൂന്നാമതൊരു രാജ്യത്തുനിന്ന് ഇന്ത്യക്കാര്‍ നിക്ഷേപിച്ചവയും ഇതില്‍ വരില്ല.