കോഴിക്കോട്: ആനപ്പുറത്ത് കയറി സവാരി നടത്തുന്ന സായി ശ്വേത ടീച്ചറുടെ വീഡിയോ വൈറല്‍. അങ്ങനെ ആ സ്വപ്നവും നടന്നു എന്ന തലക്കെട്ടോടെയാണ് ടീച്ചര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.
വീടിനടുത്തുള്ള മണികണ്ഠന്‍ എന്ന ആനയുടെ പുറത്താണ് ടീച്ചര്‍ കയറിയത്. വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയപ്പെട്ട മലയാളികളുടെ ഇഷ്ടപ്പെട്ട ടീച്ചറായി മാറിയതാണ് സായിശ്വേത. വടകര പുറമേരിക്കടുത്ത് മുതുവടത്തൂര്‍ എല്‍പി സ്കൂളിലെ അധ്യാപികയാണ് സായി.
‘ആനയെ പണ്ടുമുതലേ വലിയ ഇഷ്ടമാണ്. ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ് ആനപ്പുറത്തുകയറണം എന്നത്. മണികണ്ഠന്‍ ആന ഇണക്കമുള്ളതാണ്. അങ്ങനെയാണ് ആനപ്പുറത്തുകയറുകയെന്ന സ്വപ്നം സാധ്യമായത്’ ടീച്ചര്‍ പറഞ്ഞു.
രണ്ടുമണിക്കൂര്‍ ആനയുടെ അടുത്തു ചെലവഴിച്ചു. ആനയ്ക്ക് തീറ്റ കൊടുത്തു. അങ്ങനെ ആനയുമായി ഇണങ്ങിയ ശേഷമാണ് പുറത്തുകയറിയതെന്ന് ടീച്ചര്‍ പറയുന്നു. ആനയുമായി ഒരു ഇഷ്ടം വന്നാല്‍ ധൈര്യമൊക്കെ താനെ വന്നുകൊള്ളുമെന്നും ടീച്ചര്‍ പറഞ്ഞു.