രാഷ്ട്രീയക്കാരുടെ ജീവിതദൈര്‍ഘ്യം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ കൂടുതലായിരിക്കുമെന്ന് പഠനം. 11 രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത് ആണ് ഗവേഷണം നടത്തിയത്.
ഒരു രാഷ്ട്രീയക്കാരന്‍ ഏതെങ്കിലും പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ശരാശരി പ്രായമായ 45 വയസ്സിന് ശേഷം എത്രകാലം കൂടി ഇവര്‍ ജീവിച്ചിരിക്കാറുണ്ടെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.
പൊതുജനങ്ങളുടെ കാര്യത്തില്‍ ഇത് 34.5 വയസ്സ് മുതല്‍ 37.8 വയസ്സ് വരെയായിരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് 40 വയസ്സാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 1940കള്‍ മുതലാണ് ഇത്തരത്തില്‍ ഒരു അന്തരം രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും ജീവിതദൈര്‍ഘ്യത്തില്‍ കണ്ട് തുടങ്ങിയതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും വരുമാനത്തിലും സമ്പത്തിലും ഉണ്ടായ അന്തരം മാത്രമല്ല ഇതിന് പിന്നിലുള്ള കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യപരിചരണത്തിലും ജീവിതശൈലിയും രാഷ്ട്രീയക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിലേക്ക് നയിച്ചിരിക്കാം.
20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പുകവലി എല്ലാ വിഭാഗങ്ങളുടെയും ഇടയില്‍ വ്യാപകമായിരുന്നെങ്കില്‍ 1950കള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ പല ബോധവത്ക്കരണ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പുകവലിയുടെ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.