ആലപ്പുഴ : കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി എന്‍ജിനീയര്‍. മുന്‍ എംഎല്‍എ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷന്‍ ആണു സ്വയം നിര്‍മിച്ച വിമാനത്തില്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്കു പറന്നത്. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണിത്.
കോവിഡ് ലോക്ഡൗണിലാണു വിമാനം നിര്‍മിക്കാനുള്ള ആശയം മനസ്സില്‍ ഉദിച്ചതെന്നു മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ അശോക് പറഞ്ഞു. ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു.
2019 മേയില്‍ തുടങ്ങിയ നിര്‍മാണം 2021 നവംബര്‍ 21നു പൂര്‍ത്തിയായി. ലൈസന്‍സ് ലഭിക്കാന്‍ 3 മാസത്തെ പരീക്ഷണ പറക്കല്‍. കഴിഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കല്‍ ലണ്ടനില്‍, 20 മിനിറ്റ്. മേയ് 6 നു കുടുംബത്തോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.
ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.