Sunday, July 14, 2024

HomeNerkazhcha Specialഅങ്ങനെ നിങ്ങള്‍ നാട്ടില്‍ പോവണ്ട, പ്രവാസികളെ ജാഗ്രത!

അങ്ങനെ നിങ്ങള്‍ നാട്ടില്‍ പോവണ്ട, പ്രവാസികളെ ജാഗ്രത!

spot_img
spot_img

ആർ. അപർണ

ആവോളം പുകഴ്ത്തലുകളും അതിനേക്കാള്‍ തിരിച്ചടികളും നേരിടുന്നവരാണ് പ്രവാസികള്‍. പ്രവാസികളുടെ ജീവിതം പണ്ടുകാലം മുതല്‍ ഇങ്ങനെയൊക്കെയാണ്. തീര്‍ത്താല്‍ തീരാത്ത പരാതികള്‍. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവഗണനകള്‍… അതൊക്കെ കേട്ടാലും കേള്‍ക്കാത്ത ഭരണാധികാരികള്‍. വാഴ്ത്തിപ്പാടലുകളും സമ്പദ്ഘടനയുടെ നെടുംതൂണുകൾ എന്ന വിശേഷണംകൊണ്ടും മാത്രം ഇനി എത്രനാള്‍ ഇങ്ങനെ നീങ്ങാന്‍ അവര്‍ക്കാകും? അവരുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നമായ യാത്രാദുരിതത്തിനെങ്കിലും പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

വിമാനക്കമ്പനികളുടെ അവസാനിക്കാത്ത ചൂഷണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് അഞ്ച് മടങ്ങിലേറെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചത്. ഇനി ഇല്ലാത്ത കാശിന് ടിക്കറ്റെടുത്താലാകട്ടെ കാത്തിരിക്കുന്നത് സര്‍വീസ് റദ്ദാക്കലും വൈകിപ്പറക്കലും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ വിമാനക്കമ്പനികള്‍ക്കോ അതിലിടപെടാന്‍ ഭരണസംവിധാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല എന്നത് തീര്‍ത്തും അവഗണനയായി മാത്രമേ കാണാന്‍ കഴിയൂ.

വിമാനക്കമ്പനികളുടെ ജീവശ്വാസമാണ് പ്രവാസികള്‍. ഓരോ ദിവസവും ഈ സേവനത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രവാസികള്‍ക്കൂടി ചേരുമ്പോഴാണ്. അപ്പോഴും അവരെ പരിഗണിക്കാതെ പോകുന്നത് അവഗണനയുടെ പ്രതിഫലനമാണ്. അവസാനനിമിഷം യാത്രക്കാരെ പെരുവഴിയിലാക്കിയും ബുദ്ധിമുട്ടിച്ചും മുന്നോട്ടുള്ള ഈ പോക്ക് എത്രകാലം കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയും? പ്രതീക്ഷയോടെ നാട്ടിലേക്ക് പോകുന്ന പ്രവാസികളെയാണ് പലപ്പോഴും ഇത് അതീവഗൗരവമായി ബാധിക്കുന്നത്. അവസാന നിമിഷങ്ങളില്‍ യാത്രകള്‍ റദ്ദാക്കുമ്പോള്‍ പകരം സംവിധാനം ഒരുക്കാന്‍പോലും ഈ വന്‍കിട കമ്പനികള്‍ക്ക് കഴിയുന്നില്ല എന്നയിടത്താണ് പ്രതിസന്ധി. തുടര്‍ച്ചയായി എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കല്‍ മഹോത്സവം ആഘോഷമാക്കുമ്പോള്‍ നഷ്ടമാകുന്നത് അതിന്റെ വിശ്വാസ്യത കൂടിയാണ്.

അവധിക്കാലത്ത് തോന്നുംപടി ടിക്കറ്റ് നിരക്ക് ഉയര്‍ന്നതോടെ പ്രവാസികളില്‍ വലിയൊരു വിഭാഗം നാട്ടിലേക്ക് പോകാതെ കഴിഞ്ഞു കൂടുന്നവരുമുണ്ട്. പ്രത്യേകിച്ച് കുടുംബമായി കഴിയുന്നവരാണ് ഇവരില്‍ ഏറെയും. ഭീമമായ തുക ടിക്കറ്റ് ഇനത്തില്‍ ചെലവഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്. കൂടാതെ  സര്‍വീസ് റദ്ദാക്കിയാലാണ് കൂടുതലായും ബാധിക്കുക. അവധിക്കാലത്ത് മൂന്നിരട്ടിയലധികം ചിലവാക്കി എടുത്ത ടിക്കറ്റുകളാകും ഇതില്‍ പലതും. പിന്നീടൊരു ടിക്കറ്റിന് ശ്രമിച്ചാല്‍ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വര്‍ധിപ്പിക്കും.

ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍, ചികിത്സക്ക് പോകുന്നവര്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ എന്നിങ്ങനെ അടിയന്ത സാഹചര്യത്തെ മുന്നില്‍ കണ്ട് യാത്ര ചെയ്യുന്നവരാണ് ആളുകളില്‍ ഏറെയും. ഇരട്ടിയിലധികം തുക നല്‍കി ടിക്കറ്റ് എടുത്തിട്ടും അവസാന നിമിഷം സര്‍വീസ് കൂടി റദ്ദാക്കിയാല്‍ അവര്‍ക്കുണ്ടാകുന്ന മാനസ്സിക സമ്മര്‍ദ്ദത്തിന് ആര് പരിഹാരം കാണും. സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഷെഡ്യൂള്‍ മാറ്റി നല്‍കാം എന്നു കരുതിയാലും പലര്‍ക്കും ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടും ഉണ്ട്. വിനോദ സഞ്ചാരികളെ അടക്കം ഗൗരവമായി ബാധിക്കുന്ന വിഷയമാണെന്നിരിക്കെയാണ് ഈ തോന്നിവാസങ്ങള്‍ തുടരുന്നത്.

സ്വന്തം റിസ്‌ക്കില്‍ രണ്ടും കല്‍പ്പിച്ച്  ടിക്കറ്റെടുക്കുന്ന അവസ്ഥ വന്നതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രവാസികളെ അതീവഗൗരവമായി ബാധിക്കുന്ന ഇത്തരം യാത്രാദുരിതങ്ങളുടെ പരാതികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവഗണനയുടെ ടിക്കറ്റെടുത്ത് ഉയരത്തില്‍ പറക്കാന്‍ പിന്നെയും പ്രവാസിയുടെ ജീവിതം ബാക്കി എന്ന നിലയിലെത്തി കാര്യങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments