Tuesday, April 29, 2025

HomeNerkazhcha Specialമനുഷ്യര്‍ മാതൃകയാക്കേണ്ട, സാര്‍ത്ഥകമായ ഉറുമ്പ് ജീവിതം

മനുഷ്യര്‍ മാതൃകയാക്കേണ്ട, സാര്‍ത്ഥകമായ ഉറുമ്പ് ജീവിതം

spot_img
spot_img

വളരെ രസകരവും വിചിത്രവുമാണ് ഉറുമ്പുകളുടെ ജീവിത രീതി. അവയുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യന്റെതിനോട് സാമ്യതയുണ്ട്. എന്നാല്‍ മനുഷ്യര്‍ പഠിക്കേണ്ടതായ കുറെ പാടങ്ങളും ഉറുമ്പ് നമുക്ക് നല്‍കുന്നുമുണ്ട്. തേനീച്ചകളെ പോലെ ഉറുമ്പ് കോളനിയിലും റാണിയും തൊഴിലാളികളുമൊക്കെ ഉണ്ട്. തൊഴിലാളികള്‍ പെണ്‍വര്‍ഗം തന്നെയാണ്. ഉറുമ്പ് കോളനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ നേരിടാന്‍ വേണ്ടി പട്ടാളക്കാരും ഉണ്ട്. അവരും പെണ്‍ വര്‍ഗം തന്നെ. ആണ്‍ വര്‍ഗം ചെയ്യുന്നതോ തിന്നുക, റാണിയുമായി ഇണ ചേരുക. പരമ സുഖം.

ഇണ ചേരും മുമ്പ് റാണിക്കും ആണ്‍ ഉറുമ്പുകള്‍ക്കും ചിറകുണ്ടായിരിക്കും. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ ചിറകു കൊഴിഞ്ഞു പോകും. എന്നാല്‍ പെണ്‍ ഉറുമ്പുകള്‍ക്ക് ചിറകില്ല, അവ ഇണ ചേരുകയുമില്ല. ഒരു കോളനിയിലെ റാണി ചത്താല്‍ ആ കോളനി നശിക്കും. കാരണം റാണി ചത്താല്‍ മുട്ടയിടാന്‍ പിന്നെയാരുമില്ലല്ലോ.

ഹണി പോട്ട് എന്നയിനം ഉറുമ്പുകളുടെ ജീവിത രീതി

തൊഴിലാളി ഉറുമ്പുകള്‍ തേന്‍ ശേഖരിച് മറ്റു ചില ഉറുമ്പുകള്‍ക്ക് നല്‍കുന്നു. കുറെയധികം തേന്‍ കൊടുത്ത് അവരുടെ വയറങ്ങു വീര്‍പ്പിക്കും. ഒരു നല്ല തേന്‍ കുടമായി അത് മാറും. ഈ ഉറുമ്പുകളെ കൂടിന്റെ ഭിത്തിയില്‍ തൂക്കിയിടുന്നു. എന്നിട്ട് ആവശ്യമുള്ളപ്പോള്‍ കുറേശെ തേന്‍ എടുത്ത് കഴിക്കുന്നു. വറുതി കാലത്തേക്ക് ജീവനുള്ള ഒരു കലവറയാണിത്.

ഉറുമ്പുകളിലെ കര്‍ഷകരാണ് ഇല മുറിയന്‍ ഉറുമ്പുകള്‍. ഇവ ഇലകള്‍ ചെറു കഷ്ണങ്ങളാക്കി മാറ്റി മണ്ണിനടിയിലുള്ള മാളങ്ങളില്‍ സൂക്ഷിച്ചു വെക്കുന്നു. അവ ചീയാന്‍ തുടങ്ങുകയും പൂപ്പലുകള്‍ (ഫംഗസ്) വളരുകയും ചെയ്യും. ഈ പൂപ്പലുകള്‍ അവയുടെ ആഹാരമാണ്.

ചിലയിനം ഉറുമ്പുകള്‍ക്ക് മൃഗപരിപാലനമാണ് താല്പര്യം. അവ ‘അഫിഡ്’ വര്‍ഗത്തില്‍ പെട്ട ചില ഷഡ്പദങ്ങളുടെ മുട്ടകള്‍ ശേഖരിച് കൂട്ടില്‍ കൊണ്ട് വരുന്നു. അവിടെ വെച്ച് മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങളെ ധാരാളം ഭക്ഷണം കൊടുത്ത് വളര്‍ത്തുന്നു. ഈ പ്രാണികള്‍ തേനിനു സമാനമായ ഒരു ദ്രാവകം സ്രവിക്കും. ഇത് ഉറുമ്പുകളുടെ ഇഷ്ട ആഹാരമാണ്. മനുഷ്യന്‍ പാലിന് വേണ്ടി കാലികളെ വളര്‍ത്തുന്നത് പോലെയാണിത്.

ഉറുമ്പുകളിലെ മോഷ്ടാക്കളെ ഇനി പരിചയപ്പെടാം. സ്ലേവ് മേക്കര്‍ എന്നയിനം ഉറുമ്പ മറ്റു ഉറുമ്പുകളുടെ കൂട്ടില്‍ കയറി അവയുടെ പ്യൂപ്പകള്‍ മോഷ്ടിക്കുന്നു. ഇത് വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പിന്നെ അവരുടെ കോളനിയിലെ അടിമകളായി മാറും വേറെ ചില ഉറുമ്പുകള്‍ ഭക്ഷണമായിരിക്കും മോഷ്ടിക്കുക.

ഉറുമ്പിന്റെ കടിയേല്‍ക്കാത്ത ആരുമുണ്ടാവില്ല. ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവൂ എന്ന് കുട്ടികളെ ആശ്വസിപ്പിക്കാറുണ്ടല്ലോ. എന്നാല്‍ ചില ഉറുമ്പുകളുടെ കടി മാരകമാണ്. ഉദാഹരണത്തിന് ഓസ്‌ട്രേലിയില്‍ കാണപ്പെടുന്ന ബ്ലാക്ക് ബുള്‍ഡോഗ് എന്നയിനം ഉറുമ്പിന്റെ കടി അതിഭീകരമാണ്. ഒറ്റക്കടിക്ക് ഒരാളെ കൊല്ലാന്‍ വരെ അതിനു കഴിയും

ഉറുമ്പ് കടിക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന് കാരണം അവ ശരീരത്തിലേക്ക് കടത്തിവിടുന്ന ഫോര്‍മിക് ആസിഡ് എന്ന രാസവസ്തു മൂലമാണ്. തായ്‌ലാന്റുകാരുടെ വിശേഷപ്പെട്ട ആഹാരമാണ് ഉറുമ്പിന്റെ ലാര്‍വകള്‍. നല്ല പ്രോട്ടീന്‍ സംപുഷ്ടമായതും രുചികരവുമാണത്രേ ലാര്‍വകള്‍.

സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്പദങ്ങളാണ് ഉറുമ്പുകള്‍. ഒരു കോളനിയില്‍ തന്നെ നൂറുമുതല്‍ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങള്‍, വിത്തുകള്‍, ചത്തുപോയ മറ്റുഷഡ്പദങ്ങള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. 11,800ല്‍ പരം വിവിധ വംശങ്ങളില്‍ പെടുന്ന ഉറുമ്പുകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വംശവൈവിദ്ധ്യത്തില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശത്താണ്.

ജീവിതരീതി

വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പരിപാലിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മനുഷ്യനെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഉറുമ്പുകള്‍ സാമൂഹിക ജീവിതം ഐക്യത്തോടും, ചിട്ടയോടും മുന്നോട്ട് കൊണ്ട് പോകുന്നു. മണ്ണിലോ മരത്തിലോ ആവും താരതമ്യേന ഭംഗി കുറഞ്ഞ കൂടുകള്‍ ഉണ്ടാക്കുക. ഒരു കോളനിയില്‍ വിവിധ തരം ഉറുമ്പുകളെ കാണാന്‍ കഴിയും. രാജ്ഞിമാര്‍, ജോലിക്കാര്‍, ചിറകുള്ള ആണുറുമ്പുകള്‍, ചിറകുള്ള പെണ്ണുറുമ്പുകള്‍, പട്ടാളക്കാര്‍ മുതലായവയാണവ.

റാണി

ചിറകില്ലാത്തതും പ്രത്യുത്പാദനശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടില്‍ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. എന്നാല്‍ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. രാജ്ഞിമാരുടെ ആയുസ്സും കൂടുതലാണ്. ഒരു വയസ്സുമുതല്‍ പതിനഞ്ച് വയസ്സു വരെ ജീവിച്ചിരിക്കുന്ന രാജ്ഞിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും രാജ്ഞിമാര്‍ ചെയ്യാറില്ല. കൂടിന്റെ ഏറ്റവും ഉള്ളറകളിലൊന്നില്‍ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. രാജ്ഞിമാര്‍ക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാര്‍ക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു കൂട് നിര്‍മ്മിക്കുമ്പോള്‍ മാത്രമേ രാജ്ഞിമാര്‍ കൂടുവിട്ടിറങ്ങാറുള്ളു.

വേലക്കാര്‍

പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാര്‍. ജോലിക്കാരാണ് ഒരു കൂട്ടിലേക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാജ്ഞിമാരേയും മറ്റുറുമ്പുകളേയും ലാര്‍വകളേയും തീറ്റിപ്പോറ്റുക, കൂടുകള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ ചെയ്യുന്നത്. വേലക്കാരില്‍ തന്നെ ജോലിവിഭജനമുണ്ട്. കൂടിനു പുറത്തുള്ള ജോലികള്‍ ചെയ്യേണ്ട ജോലിക്കാരും കൂട്ടിനകത്തെ ജോലികള്‍ ചെയ്യേണ്ട ജോലിക്കാരുമുണ്ടായിരിക്കും. ചിലയിനം ഉറുമ്പുകളില്‍ കൂട്ടിനു പുറത്തുള്ള ജോലികള്‍ ചെയ്യുന്നതിനുമുന്‍പ് കൂട്ടിനകത്തെ ജോലികള്‍ ഏതാനും ദിവസം പുതിയ ജോലിക്കാരെ കൊണ്ടു ചെയ്യിക്കുന്നതു കാണാം.

മുട്ടകളേയും ലാര്‍വകളേയും എടുത്ത് മാറ്റുക, കുഞ്ഞുറുമ്പുകളെ വൃത്തിയാക്കുക, ഭക്ഷണവസ്തുക്കള്‍ ചുമന്നുകൊണ്ടുവരിക, ബാക്കിവരുന്ന പദാര്‍ത്ഥങ്ങള്‍ കൂടിനു വെളിയില്‍ കളയുക എന്നിവയാണ് പ്രധാന ജോലികള്‍. ചില വേലക്കാര്‍ ഭക്ഷണം വയറ്റില്‍ സൂക്ഷിച്ചാണു കൊണ്ടുവരിക, പ്രത്യേകിച്ചും ലാര്‍വകള്‍ക്കായി. അവ പിന്നീട് തികട്ടിയെടുത്ത് നല്‍കുന്നു.

തേനുറുമ്പുകള്‍ പോലുള്ളവയിലാകട്ടെ വയര്‍ കൂടുതല്‍ തേന്‍ സൂക്ഷിക്കാനായി നന്നായി വികസിച്ചതാണ്. പുതിയ വേലക്കാര്‍ക്ക് മൂന്നോ നാലോ ദിവസം പ്രായമാകുന്നതോടെ അവരും പണിചെയ്തു തുടങ്ങുന്നു. കൂടുകളിലൂടെ വെറുതേ നടക്കുകയും അവിടവിടെ കൂട്ടം കൂടി നില്‍ക്കുകയും ചെയ്യുന്ന വേലക്കാരേയും കൂട്ടിനുള്ളില്‍ കാണാം. ഇവ എന്തുധര്‍മ്മമാണനുഷ്ഠിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കിതുവരെ മനസ്സിലായിട്ടില്ല

കൂട്ടിനു വെളിയില്‍ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാര്‍ ഒറ്റക്കോ കൂട്ടമായോ ഇക്കാര്യം ചെയ്യുന്നു. നാല് മില്ലീഗ്രാം ഭാരമുള്ള ഉറുമ്പ് എട്ടു മില്ലീഗ്രാം വരെ ഭാരമുള്ള ഭക്ഷണവസ്തുക്കളെ വഹിച്ചുകൊണ്ടു പോകുന്നു. ചിലപ്പോള്‍ ഒന്നിലധികം ഉറുമ്പുകള്‍ ഒന്നിച്ചാവുമിതു ചെയ്യുന്നത്. കൂട്ടില്‍ നിന്ന് പുറത്തു പോയി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തേടുന്ന ഉറുമ്പുകള്‍ ദിശകണ്ടെത്തുന്നതിന് പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. സംയുക്ത നേത്രം ആണുള്ളതെങ്കില്‍ കൂടി, വഴിയില്‍ കാണുന്ന എന്തിനേയും ഇവ അടയാളമാക്കി ശേഖരിക്കുന്നുവത്രേ. ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ ദിശ, വഴിയില്‍ സ്വയം പുറപ്പെടുവിക്കുന്നതും കാണപ്പെടുന്നതുമായ രാസഘടകങ്ങളേയും അടയാളമാക്കാറുണ്ട്.

പട്ടാളക്കാര്‍

അങ്ങിനെയങ്ങു ഉറുമ്പിന്‍ കൂട്ടില്‍ വന്ന് ആരും ഞോണ്ടിയിട്ടു പോകാമെന്നു വിചാരിക്കണ്ട. നല്ല ഒന്നാന്തരം ആര്‍ട്ടിലറി ആര്‍മി പടയും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. ശത്രുക്കളെ നേരിടാന്‍ ഇവര്‍ പ്രാപ്തരായിരിക്കും. വലിയ തലയും കടിക്കാനും മുറിക്കാനുമുള്ള ഉറപ്പുള്ള വായ്ഭാഗങ്ങള്‍ മുതലായവ ഇവക്കുണ്ടാകും.

അത്തരം ഭാഗങ്ങളെ മാന്‍ഡിബിളുകള്‍ എന്നു വിളിക്കുന്നു. മാന്‍ഡിബിളുകള്‍ കട്ടിയുള്ള വിത്തുകളും മറ്റും പൊട്ടിക്കാന്‍ തക്കവണ്ണം ശക്തിയുള്ളവയുമായിരിക്കും. ഒരു കൂടിന്റെ പ്രവേശന മാര്‍ഗ്ഗത്തില്‍ ശത്രുവിന്റെ സാന്നിദ്ധ്യമറിഞ്ഞാല്‍ അവ തലയുടെ വലിയ ഭാഗമുപയോഗിച്ച് കൂടടച്ചുവെക്കുന്നു.

വലിയ ദ്വാരമാണെങ്കില്‍ ഒന്നിലധികം ഉറുമ്പുകള്‍ ഇതിനായി ശ്രമിക്കുന്നു. ശത്രുക്കളെ നേരിടാന്‍ ഉറുമ്പുകള്‍ ശരീരത്തിലുത്പാദിപ്പിക്കുന്ന ഫോര്‍മിക് അമ്ലവും ഉപയോഗിക്കാറുണ്ട്. ചില വര്‍ഗ്ഗങ്ങളില്‍ വേലക്കാര്‍ തന്നെയാകും പട്ടാളക്കാരുടെ ജോലിയും ചെയ്യുക. പട്ടാളക്കാര്‍ക്ക് ഭക്ഷണം തേടി അലഞ്ഞുതിരിയാനുള്ള കഴിവ് സ്വതവേ കുറവാണ്.

അവയെ മറ്റുള്ളവര്‍ നയിച്ചുകൊണ്ടുപോകുകയാണുണ്ടാവാറ്. കൂടുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ഉറുമ്പുകള്‍ ഇലകള്‍ കൊണ്ട് വരുമ്പോള്‍ ഇലകള്‍ക്ക് മുകളിലിരുന്ന് ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന പട്ടാളക്കാരായ ഉറുമ്പുകള്‍ ചില സാഹചര്യങ്ങളില്‍ രക്തസാക്ഷികളാകാറുമുണ്ട്.

ചിറകുള്ള ഉറുമ്പുകള്‍

ചിറകുള്ളതും പ്രത്യുത്പാദനശേഷിയുള്ളതുമായആണുറുമ്പുകളും, പെണ്ണുറുമ്പുകളും കൂട്ടിലുണ്ടാകാറുണ്ട്. ചിലപ്പോള്‍ അവ ഒരു കൂട്ടത്തില്‍ നിന്നും പിരിഞ്ഞ് മറ്റൊരു കൂട്ടത്തില്‍ ചേരുന്നു. ചിലപ്പോള്‍ ഇണചേരാനായിരിക്കും ഇവ പുറത്തു വരുന്നത്. വായുവില്‍ വെച്ചോ, നിലത്തു വച്ചോ ഇണചേര്‍ന്ന ശേഷം ആണുറുമ്പുകള്‍ ചത്തുപോകുന്നു. പെണ്ണുറുമ്പുകള്‍ പുതിയ കോളനി നിര്‍മ്മിക്കാനനുയോജ്യമായ സ്ഥലങ്ങളില്‍ മുട്ടയിടുകയും ചെയ്യുന്നു. ഒരു കൂട്ടില്‍ ചിലപ്പോള്‍ രാജ്ഞിയുടെ അഭാവത്തില്‍ പെണ്ണുറുമ്പുകള്‍ മുട്ടയിടുന്നു. അവയില്‍ നിന്ന് വേലക്കാരോ ആണുറുമ്പുകളോ ആണുണ്ടാവുക.

വളര്‍ച്ചാ ഘട്ടങ്ങള്‍

എല്ലാ ഷഡ്പദങ്ങളേയും പോലെ മുട്ട, ലാര്‍വ, കൊക്കൂണ്‍ (പ്യൂപ്പ), പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി, എന്നിങ്ങനെ നാലവസ്ഥയാണ് ഉറുമ്പുകള്‍ക്കുമുള്ളത്. ലാര്‍വാവസ്ഥയില്‍ ഉറുമ്പ് പൂര്‍ണ്ണമായും മറ്റുറുമ്പുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവയ്ക്ക് കാലുകള്‍ പോലുമുണ്ടാകില്ല. സമാധിഅവസ്ഥയില്‍ നിന്നു പുറത്തുവരണമെങ്കിലും മറ്റുറുമ്പുകളുടെ സഹായം ആവശ്യമാണ്.

ആശയവിനിമയം

സ്പര്‍ശികകള്‍ ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങള്‍ (ഫിറമോണ്‍സ്) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളില്‍ മറ്റുറുമ്പുകള്‍ സ്വന്തം സ്പര്‍ശിക ഉപയോഗിച്ചു തൊടുമ്പോള്‍ അവക്ക് കാര്യം മനസ്സിലാക്കാന്‍ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പര്‍ശികയോ മുന്‍കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടില്‍ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്. ഭക്ഷണത്തിനാണു പോകുന്നതെങ്കില്‍ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാല്‍ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.

ഉപകാരം

പലസസ്യങ്ങളും ഉറുമ്പുകള്‍ക്കായി കൂടുതല്‍ തേന്‍ ശേഖരിച്ചു വെക്കാറുണ്ട്. അതുകൊണ്ടു തന്നെ അവയില്‍ കീടങ്ങള്‍ വരാറില്ല. വിത്തുകള്‍ കേടുകൂടാതിരിക്കും എന്ന ഗുണം ചെടിക്കു ലഭിക്കുമ്പോള്‍ ഉറുമ്പുകള്‍ക്കു ഭക്ഷണവും ലഭിക്കുന്നു. അമേരിക്കയിലെ പ്യോണി പുഷ്പങ്ങള്‍ക്ക് വിരിയാന്‍ തന്നെ ഉറുമ്പുകളുടെ സഹായമാവശ്യമാണ്. ചില ഉറുമ്പുകളാകട്ടെ കൂട്ടിനുള്ളില്‍ പൂപ്പലുകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നു. ഉറുമ്പുകള്‍ പൂപ്പലുകള്‍ കുറേശ്ശെ ഭക്ഷണമായുപയോഗിക്കുകയും ചെയ്യുന്നു.

പലതരം വിത്തുകളും വിതരണം ചെയ്യുന്നത് ഉറുമ്പുകളാണ്. വിത്തുകള്‍ ഉറുമ്പുകള്‍ക്കായുള്ള അനുവര്‍ത്തനങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലവിത്തുകളില്‍ ഇലായിയോസോമുകള്‍ എന്ന കോശഘടനകള്‍ ഉറുമ്പുകള്‍ക്കായി കാണാം. ഉറുമ്പുകള്‍ക്കു പോഷകപ്രദങ്ങളായ പലവസ്തുക്കളും ഇവയിലുണ്ട്. വിത്തുകള്‍ കൊണ്ടുപോയി ഇലായിസോമുകള്‍ ഭക്ഷിക്കുന്ന ഉറുമ്പുകള്‍ പിന്നീടവയെ ഉപേക്ഷിക്കുന്നു. അത് മിക്കവാറും കൂട്ടില്‍ തന്നെയാവും വിത്തുകള്‍ സുരക്ഷിതമായ സ്ഥലത്ത് വളരുന്നു. ഉറുമ്പുകള്‍ വഴിയുള്ള വിത്തുവിതരണത്തിന് മിര്‍മിക്കോകോറി എന്നാണ് പറയുന്നത്.

പല പക്ഷികളും ഉറുമ്പുകൂട്ടത്തിനടുത്തു ചിറകുകള്‍ വിടര്‍ത്തി ഇരിക്കാറുണ്ട്. അവയുടെ മേല്‍ ഉറുമ്പുകള്‍ കയറുകയും അവയുടെ ശരീരത്തിലെ ക്ഷുദ്രകീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. പക്ഷികള്‍ക്ക് ക്ഷുദ്രജീവികളില്‍ നിന്ന് രക്ഷയും ഉറുമ്പുകള്‍ക്ക് ഭക്ഷണവും ലഭിക്കുന്നു. ഉറുമ്പുകുളി എന്നാണിതറിയപ്പെടുന്നത്. ആനിമൊണ്‍ ഹെപ്പാറ്റിക്ക, റനണ്‍കുലസ് ഫെക്കെറിയ, അഡൊനിസ് വെര്‍ണാലിസ് മുതലായ ചെടികളുടെ അകീനുകള്‍ ഒരുതരം സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. ഇത് ഉറുമ്പുകളെ ആകര്‍ഷിക്കുകയും അതുവഴി വേഗം പ്രകീണങ്ങള്‍ നടക്കുകയും ചെയ്യും.

കൗതുകം

സ്വന്തം ഭാരത്തേക്കാള്‍ അനേകം ഇരട്ടി ഭാരം വഹിക്കാന്‍ ഉറുമ്പുകള്‍ക്കാവുംഒറ്റ നില്‍പ്പില്‍ തന്നെ അഷ്ടദിക്കും താഴെയും മേലെയും ഒരു പോലെ ദര്‍ശിക്കാനാവുന്ന സംവിധാനമുണ്ട്.ഉറുമ്പുകളുടെ ഘ്രാണശക്തി അതിശക്തമാണ്.ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവിവര്‍ഗ്ഗമാണ് ഉറുമ്പുകള്‍രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചും സ്പര്‍ശിച്ചും ആശയവിനിമയം നടത്തുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments