പിറവം വള്ളംകളി .30/9/23 നാണ് ഇക്കൊല്ലത്തെ പിറവം വള്ളംകളി. ഈ സന്ദർഭത്തിൽ പിറവം വള്ളംകളിയുടെ തുടക്കവും വളർച്ചയും ഒന്നോർത്തെടുക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.
കേരളം രൂപം കൊണ്ടതിനുശേഷം 1957-ൽ അധികാരത്തിലേറിയ ജനകീയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ് പിറവത്ത് ആദ്യത്തെ വള്ളംകളി നടക്കുന്നത്. അന്ന് പിറവം പാലം പണിതിരുന്നില്ല. പാഴൂരു നിന്ന് പിറവത്തേക്ക് പോകാൻ കടത്തുകടവുകളും തോണികളുമായിരുന്നു ആശ്രയം.
പുഴയിൽ പല സ്ഥലത്തും വെള്ളം കുറവായിരുന്നു. വേനൽക്കാലത്ത് പുഴയിൽക്കൂടി അക്കരെയ്ക്ക് നടന്നു പോകാമായിരുന്നു. ബംഗ്ലാവ് സ്കൂളിൽ ഞാൻ പഠിച്ചിരുന്ന പ്രൈമറി കാലത്തു് പുഴയിൽ ഇറങ്ങി നടന്ന് എക്സൈസ് കടവ് കേറി സ്കൂളിൽ പോയി പുഴയിൽ കൂടി മടങ്ങി അക്കരെയുള്ള ഞങ്ങളുടെ വടക്കെ കടവിലെ കല്പടകൾ കയറി എത്രയോ തവണ തിരിച്ചെത്തിയിട്ടുണ്ട്. ( ഇന്നു കാണുന്ന വെള്ളമൊക്കെ നമ്മുടെ പുഴയിൽ ഉണ്ടായത് 1975-ൽ ഇടുക്കി ഡാം കമ്മീഷൻ ചെയ്തതിനു ശേഷം മാത്രമാണ്. വിദ്യുച്ഛക്തി ഉൽപ്പാദിപ്പിച്ച് പുറത്തേക്ക് തള്ളുന്ന വെള്ളം (Tail water)മൂവാറ്റുപുഴയാറിൽ പതിച്ചപ്പോഴാണ് പിറവം പുഴയിൽ വേനൽക്കാലത്തു പോലും വെള്ളം നിറഞ്ഞു നിലയില്ലാതായത്.)

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവത്തെ അന്നത്തെ പ്രമുഖ നേതാവ് ഡോ. എ.സി. ജേക്കബ് ആയിരുന്നു. അദ്ദേഹത്തിന്റെയും മറ്റു പലരുടെയും ഉത്സാഹത്തിൽ ആണ് വള്ളംകളി തുടങ്ങിയതു്. അന്ന് കൂടുതൽ വള്ളങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കടത്തുവളളങ്ങൾ ആയിരുന്നു ഒരു കൂട്ടർ. സർക്കാരിന്റെ കീഴിലുള്ള വലിയ കടത്ത് വള്ളങ്ങൾ , കുര്യാക്കോയും തൊമ്മച്ചനും തുഴഞ്ഞിരുന്നത്. ആ വള്ളങ്ങളിൽ യാത്ര free ആയിരുന്നു.ഞങ്ങൾ സ്കൂൾകുട്ടികൾ എല്ലാം അതിലാണ് പുഴ കടന്നിരുന്നതു്. അതു കൂടാതെ പൈസ മേടിച്ച് യാത്രക്കാരെ കടത്തിയിരുന്ന സ്വകാര്യ വള്ളങ്ങൾ വേറെയും . ബാലൻ, നാരായണൻ, ശങ്കുണ്ണി, കുമാരൻ മുതലായവർ തുഴഞ്ഞിരുന്നത്.
വള്ളംകളി ദിവസം ഈ സ്വകാര്യ വള്ളങ്ങൾ തമ്മിൽ ഒരു മത്സരം . അതിന് ശേഷം ഒരാൾക്ക് കേറാൻ പറ്റുന്ന കൊതുമ്പു തോണികളുടെയും. അന്ന് നാട്ടിൽ ഞങ്ങളുടേതുൾപ്പടെ പല വീടുകളിലും ഇതു പോലുള്ള ചെറു തോണികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് വെള്ളം കയറിയാൽ തോണി കളിക്കാനും കാരണവന്മാർക്കു പാഴൂരമ്പലത്തിൽ പോകാനും മറ്റുമാണ് ഈ തോണികൾ .
സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ നല്ല വർഷക്കാലത്തും ഞങ്ങൾ ചെറിയ തോണികളിൽ പുഴയിൽ കളിച്ചിരുന്നു. ഇവയിൽ അഛന്റെ favourite ആയിരുന്നു പരുന്തുവാലൻ എന്ന തോണി. അതിലും മറ്റൊരു തോണിയിലുമായി ഞങ്ങളുടെ രണ്ടു് ഏട്ടന്മാർ ആദ്യത്തെ വള്ളംകളി മത്സരത്തിനു പോയിരുന്നു. ഇവരുടെ പ്രധാന എതിരാളി എക്സൈസ് കടവിന്റെയടുത്ത് താമസിച്ചിരുന്ന ചാരക്കാട്ട് തങ്കപ്പനായിരുന്നു. തങ്കപ്പന് രണ്ടു തലയും ചുരുണ്ട ഒരു കൊതുമ്പ് വള്ളം ഉണ്ടായിരുന്നു. തോണി തുഴയലോ നിത്യ തൊഴിൽ അഭ്യാസവുമാണ്. മറ്റു മത്സരാർത്ഥികൾക്ക് ആവട്ടേ തുഴച്ചിൽ ഒരു വിനോദം മാത്രം . അതുകൊണ്ട് തങ്കപ്പൻ വലിയ ആയാസമില്ലാതെ തന്നെ ഒന്നാമതെത്തി.
പിന്നീടാണ് ശരിയായ വള്ളങ്ങൾ തമ്മിലുള്ള മത്സരം. രണ്ടു വള്ളങ്ങൾ മാത്രമേ അക്കൊല്ലം ഉണ്ടായിരുന്നുള്ളു. തുരുത്തുമാലിയും ജലവീരനും . ഒരെണ്ണം പടിഞ്ഞാറുവശത്തുകൂടിയും മറ്റേത് കുറച്ചു മാറി ഏകദേശം നടുവിൽ കൂടിയും . നട്ടായത്തിന്റെ ഏകദേശം നടുക്കായപ്പോൾ കിഴക്കുള്ള തുരുത്തുമാലി വള്ളം പടിഞ്ഞാട്ട് മാറിക്കൊണ്ടിരുന്നു. അതിന് അവർ പിന്നീട് പറഞ്ഞ ന്യായം വെള്ളക്കുറവു കാരണം വള്ളം നീങ്ങിയിരുന്നില്ല എന്നാണ്.
എക്സൈസ് കടവിന്റെ എതിർവശത്ത് ഞങ്ങളുടെ കടവിലെത്തിയപ്പോൾ മുമ്പിൽ പോകുകയായിരുന്ന ജലവീരനെ തുരുത്തുമാലി ഇടിച്ച് വള്ളങ്ങൾ മറിഞ്ഞു. ബഹളമായി, കശപിശയായി. കാണികൾ ഇടപെട്ടു. തൊട്ടുതാഴെ നടക്കുന്ന ഇതെല്ലാം ശരിക്കും കണ്ടുകൊണ്ട് ഞങ്ങളുൾപ്പടെ കുറെയാൾക്കാർ മുറ്റത്ത് അരമതിലിനോടു ചേർന്ന് നിന്നിരുന്നു. കുറച്ചു സമയത്തിനുശേഷം , എ.സി. ജേക്കബിന്റെ മൈക്കിൽ കൂടിയുള്ള അഭ്യർത്ഥന കേട്ടു. ഈ സംഭവത്തിന് ദൃക്സാക്ഷിയായ വടക്കുംമനക്കൽ കുഞ്ചു നമ്പൂതിരിപ്പാട് ഉടൻ തന്നെ പന്തലിൽ എത്തണം. പിന്നാലെ തന്നെ വള്ളവും ആളും കൊണ്ടു പോകാൻ വന്നു.
അഛൻ ചെന്ന് താൻ കണ്ട കാര്യം മൈക്കിൽകൂടി പറഞ്ഞു. മുമ്പിൽ പോയിരുന്ന പടിഞ്ഞാറുവശത്തുള്ള തോണിയിൽ കിഴക്കുവശത്തുള്ള തോണി ഇടിക്കുകയായിരുന്നു. സംഘാടകർ ഇതു് കണക്കിലെടുത്ത് പടിഞ്ഞാറു വലിച്ചിരുന്ന ഓടിവള്ളം, ജലവീരൻ, വിജയിച്ചതായി പ്രഖ്യാപിച്ചു. അങ്ങിനെ ആദ്യത്തെ പിറവം വള്ളംകളി സമാപിച്ചു.
അതിനുശേഷം പിന്നെയും വള്ളംകളികൾ നടന്നു. എല്ലാ വർഷവും ഇല്ല. പുഴയിൽ വെള്ളമില്ലാത്ത കാരണം കൊണ്ടും നടക്കാതിരുന്നിട്ടുണ്ട്. പാലം 1961-ൽ ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1962- തൊട്ട് കടത്തുകൾ നിന്നു. അതു വരെ നടന്ന വള്ളം കളികളിൽ കടത്തു വള്ളക്കാർ മത്സരിച്ചിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ബാലൻ മണൽ കോൺട്രാക്ടറായി, നാരായണൻ ട്രാൻസ്പോർട്ട് ഡ്രൈവറായി . കുര്യാക്കോയും തൊമ്മച്ചനും P. W. D. യിൽ എത്തി. മറ്റുള്ളവരുടെ കാര്യം അറിയില്ല. ശങ്കുണ്ണിയുടെ മകൻ എന്റെ കൂടെ പഠിച്ച മണി കുറെ കാലം എളേടം ബിൽഡിംഗ്സിൽ പ്രവർത്തിച്ചിരുന്ന മാർക്സിസ്റ്റ് പാർട്ടി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
1962 – വരെ നടന്ന വള്ളംകളികളിൽ മുഖ്യമായും കടത്തുതോണികൾ ആണ് പങ്കെടുത്തിരുന്നതു്. ഓടിവള്ളങ്ങളിൽ സ്ഥിരം വന്നിരുന്നത് ചെമ്പിലരയന്റെ ‘ഹനുമാൻ, ചെറചാടി , തെറ്റാലി മുതലായ വള്ളങ്ങൾ ആണ്. വാശിയേറിയ മറ്റു മത്സരങ്ങൾ നടന്നിരുന്നതു് കരക്കാർ തമ്മിലായിരുന്നു.
പാഴൂരുകാർ കക്കാട്ടുകാരുമായി ഏറ്റുമുട്ടിയിരുന്നു. പാഴൂരുകാരുടെതു് ഞങ്ങളുടെ ഒരു വള്ളമായിരുന്നു. വളവരയൊക്കെ ഉള്ള ഒരു തോണി. ഇതിലായിരുന്നു അമ്മയൊത്ത് ഞങ്ങളുടെ അമ്മാത്തേക്കുള്ള ( അമ്മയുടെ ഗൃഹം) പോക്ക്. വെട്ടിക്കാട്ട് മുക്ക് കടന്ന് തോട്ടറ പുഞ്ചയിലൂടെയുള്ള യാത്ര. കട്ടോക്കര വർക്കി അമരക്കാരൻ . സഹായിയായി വേറൊരാളും. മിക്കവാറും മകൻ കറിയയോ തൊമ്മച്ചായിയോ ആയിരിക്കും. റോഡുകളും ബസ്സുകളും വന്നതോടെ അങ്ങിനെയുള്ള യാത്രകളൊക്കെ നിന്നിരുന്നു. ആ തോണിയിൽ വളവര മാറ്റി വെച്ചാൽ 18 ആൾക്കാർക്കു വരെ കയറി തുഴയാം.
അമരക്കാരൻ പാറശ്ശേരി നാരായണൻ നായർ. തുഴച്ചിലുകാർ ഏട്ടൻമാർ ഉൾപ്പടെയുള്ള പാഴൂരെ ചെറുപ്പക്കാരും. ഇതാണ് ആദ്യത്തെ കൊല്ലത്തെ വലിക്കാർ. പാഴൂർ ടീമും കക്കാട്ടെ ടീമുമായി പലകൊല്ലങ്ങളിലും മത്സരിച്ചിരുന്നു. രണ്ടു കൂട്ടരും മാറി മാറി ജയിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. കൊതുമ്പു വള്ളങ്ങളുടെ മത്സരത്തിൽ തങ്കപ്പൻ ജയം തുടർന്നു കൊണ്ടിരുന്നു. ഇല്ലത്തെ പരുന്തുവാലൻ തോണിയിൽ പാഴൂരുകാരൻ കോരപ്പിള്ളി കുഞ്ഞ് മത്സരിച്ചു തുടങ്ങി. വേറെയും മത്സരാർത്ഥികൾ ഉണ്ടായിരുന്നു. എന്നാലും വിജയി ചാരക്കാട്ട് തങ്കപ്പൻ തന്നെ.
കുറച്ചു തവണ കുഞ്ഞ് പരിശ്രമിച്ചു , വിജയിക്കാൻ പറ്റിയില്ല. എന്നാൽ ഒരു തവണ തങ്കപ്പനെ ഞങ്ങളുടെതന്നെ വേറൊരു ചെറുവള്ളത്തിൽ മത്സരിച്ച് അന്യനാട്ടുകാരനായ പേരു് ഓർമമയിലില്ലാത്ത ഒരാൾ തോൽപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ചെറുതോണി മത്സരവും ഇടക്കാലത്ത് ഉണ്ടായിരുന്നു. അതിൽ ഞങ്ങൾ പലരും പങ്കെടുത്തിട്ടുണ്ട് . എക്സൈസ് കടവ് തൊട്ട് കടത്തു കടവുവരെ ഒരേ മട്ടിൽ വലിക്കാനുള്ള stamina ഇല്ലാത്ത കാരണം ജയിക്കാറില്ല.
എന്റെ അനിയൻ ദാസൻ (ദേവദാസ് ) ചെറുവള്ളത്തിൽ സ്ററൂളും വെച്ച് ചില അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ടായിരുന്നു. ( കഴിഞ്ഞ കൊല്ലം ഞാനും ദാസനും പുഴയിൽ ചെറുതോണി ഇറക്കിയിരുന്നു. കുട്ടിക്കാലത്തു് പതിവുള്ള പോലെ പാലം കടന്നൊന്നും പോയില്ല. പഴയപോലെ ശരീരം വഴങ്ങില്ല. എന്നാലും അഭ്യാസ ബലത്തിന് മാറ്റമൊന്നും വന്നിട്ടില്ല. )
ഈ കൊല്ലങ്ങളിലൊക്കെ ഓടിവള്ളങ്ങൾ ആയിരുന്നു താരങ്ങൾ. ഒരു മത്സര ദിവസം സാക്ഷാൽ പടക്കുതിര വന്നു. എന്തു വലുതാണ് , എന്തു് രാജകീയമാണ് ആ വരവ് എന്നൊക്കെ അന്ന് തോന്നി. പാഴൂരുകാരുടെ തോണി അതിനോടു ചേർത്ത് നിർത്തി പടക്കുതിര ഓടിവള്ളത്തെ നോക്കി കണ്ടതും തൊട്ടു നോക്കിയതുമെല്ലാം ഏട്ടന്മാർ എന്ത് ആവേശത്തിലാണ് വന്നു പറഞ്ഞിരുന്നതു് ! അക്കൊല്ലം പാരില്ലാതെ ( ജോഡി വള്ളമില്ലാതെ ) മത്സരിക്കാൻ പറ്റാതെ പടക്കുതിര മടങ്ങുകയാണുണ്ടായത്. പിന്നീട് പടക്കുതിര ഇവിടെ മത്സരിച്ച് ജയിച്ചിട്ടുമുണ്ട് , പരാജയപ്പെട്ടിട്ടുമുണ്ട്.
1960-കളിലെ യൊക്കെ വള്ളം കളി മത്സരത്തിലെ ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു പിറവത്ത് മാത്യൂസ് സ്റ്റുഡിയോ നടത്തിയിരുന്ന അങ്കമാലിക്കാരൻ മാത്യൂസ്. ഒരു ഓടി വള്ളത്തിന്റെ അമരക്കാരൻ മാത്യൂസ് ആയിരിക്കും. പറ്റിയ നയമ്പ് അദ്ദേഹം ഇല്ലത്ത് കണ്ടുവെച്ചിട്ടുണ്ട്. മിക്കവാറും ഓടി വള്ളം ഞങ്ങളുടെ കടവിൽ അടുപ്പിച്ചിട്ടാകും , അല്ലെങ്കിൽ വേറെ ഒരു വള്ളത്തിൽ വന്നോ , മാത്യൂസ് ആ നയമ്പ് അഛനോട് മേടിച്ച് കൊണ്ടുപോകും. തിരിച്ച് അതേ പോലെ എത്തിക്കുകയും ചെയ്യും. കനവും പൊക്കവും വീതിയുമൊക്കെയുള്ള ഒരു ഒത്ത നയമ്പായിരുന്നു അത്. മാത്യൂസിന് കയ്യിനിണങ്ങിയത്. ആ നയമ്പില്ലെങ്കിൽ അമരം നിന്ന് കൊത്തിയെറിയൽ ശരിയാകുകയില്ലത്രെ. അദ്ദേഹം പിന്നീട് പിറവം വിട്ട് നാട്ടിലേക്കുപോയി. അങ്കമാലി വഴിയുള്ള യാത്രയിൽ
മാത്യൂസ് സ്റ്റുഡിയോ കാണുമ്പോൾ ഇതൊക്കെ ഓർമ്മ വരും.
പല കരക്കാരും വള്ളങ്ങൾ ഇറക്കാറുണ്ടായിരുന്നു. അവർ തന്നെ പിരിവെടുത്ത് കൊണ്ടു വന്ന വള്ളങ്ങൾ എണ്ണ കൊടുത്ത് അവർ തന്നെ വലിക്കും. പാഴൂരുകാര് ഒരു കൊല്ലം കൊണ്ടു വന്ന പണ്ഡിതർ വള്ളം എനിക്ക് ഓർമ്മയുണ്ട്. നാട്ടിലെ തുഴച്ചിൽകാർ വന്ന് വള്ളം നീരിൽ ഇറക്കി പ്രാക്ടീസ് ചെയ്യുന്നതും വൈകുന്നേരം ഞങ്ങളുടെ വയ്പയിൽ കേറ്റി വക്കുന്നതും എണ്ണ കൊടുക്കുന്നതുമെല്ലാം ഓർക്കുന്നു. മത്സര ദിവസത്തെ ആവേശവും വൈകുന്നേരത്തെ നിരാശയും.
ഞാൻ ഇവിടെ ഇല്ലാത്ത കൊല്ലങ്ങളിലും പാഴൂരുകാർ വള്ളം കൊണ്ടുവന്ന് വലിച്ചിട്ടുണ്ട്. വള്ളം കളിയായാൽ കരക്കാരുടെ ഉത്സാഹവും ആവേശവും കുട്ടനാട്ടിലെ പോലെ ഇവിടെയുമുണ്ട്. പണ്ട് സ്ത്രീകൾ ചെറുവള്ളങ്ങൾ വലിച്ചു വരുന്നതു് സാധാരണമായിരുന്നു. പിറവം മുനിസിപ്പൽ ചെയർപേഴ്സൺ ആയിരിക്കുന്ന സമയത്തു പോലും സഖാവ് ഉമാദേവി അന്തർജനം യൂനിഫോം ധരിച്ച സ്ത്രീകളുടെ ഒപ്പം കളമ്പൂരുനിന്ന് തോണി തുഴഞ്ഞു വന്നിരുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ കേൾക്കുന്നതു് വള്ളം മാത്രമല്ല വലിക്കാരെയും ഒന്നിച്ച് Sponsor ചെയ്യുന്നു എന്നാണ്.. അപ്പോൾ പല അപൂർവ്വ കാഴ്ചകളും നമുക്ക് നഷ്ടപ്പെടുന്നു.
ഒരുകൊല്ലം കവിത മുണ്ടാർ ടീം വലിയ ഹനുമാൻ ഓടിവള്ളവുമായി എത്തി. നെഹ്റു ട്രോഫി ജേതാക്കൾ ആണ്. മിന്നൽത്തങ്കം വള്ളത്തെ അവർ പരാജയപ്പെടുത്തിയ അന്നാണ് ശരിയായ മത്സരവള്ളംവലി പിറവംകാർ കണ്ടത്. പിന്നീട് അവർ പിരിഞ്ഞ് രണ്ടു കൂട്ടരായി. ആ രണ്ടു കൂട്ടരും തമ്മിലുള്ള മത്സരവും നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന് ചുണ്ടൻവള്ളങ്ങൾ എല്ലാം കയ്യടക്കി. കൊതുമ്പു തോണികളും ചെറുവള്ളങ്ങളും ഓടി വള്ളങ്ങളുമെല്ലാം അപ്രസക്തമായി.
ഒരു വലിയ പ്രശ്നം പുഴയിലെ ഓളമാണ്. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ബോട്ടുകളും സ്പീഡ് ബോട്ടുകളും ഉണ്ടാക്കുന്നതു് തിരമാലകൾ പോലെയുള്ള ഓളങ്ങളാണ്. കൊതുമ്പു വള്ളങ്ങളും ചെറുവള്ളങ്ങളും പുഴയിൽ പഴയ ഓർമ്മക്കായെങ്കിലും ഒന്ന് ഇറക്കാമെന്ന് ചിന്തിക്കാൻ പോലും വയ്യ. എല്ലാം വെറും പഴം കഥകളായി മാറുന്നു.120 ആൾക്കാർ ഒക്കെ ഒരേ പോലെ ഒന്നിച്ചു തുഴയുന്ന പ്രശസ്തമായ ചുണ്ടൻ വള്ളങ്ങളാണ് പിറവം പുഴയിൽ ഇന്ന് മത്സരിക്കുന്നത്. ആദ്യമായി ഒരു ചുണ്ടൻ വള്ളം ഇവിടെ വന്നത് ഒരു കാലത്തു് വളരെ പ്രസിദ്ധമായിരുന്ന പാർത്ഥസാരഥി ചുണ്ടൻ ആണെന്ന് തോന്നുന്നു. പടക്കുതിരയെപ്പോലെ മത്സരിക്കുവാൻ ജോഡിയില്ലാതെ മടങ്ങി. പാർത്ഥസാരഥിയുടെ ചാലാശ്ശേരി കടവിൽ നിന്നും താളത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള ആ കുതിച്ചു വരവ് കാണാൻ പുഴയുടെ തീരത്തേക്ക് മറ്റു പലരേയും പോലെ ഓടിച്ചെന്നതു് ഇപ്പോഴും ഓർമ്മയുണ്ട് .
66 വർഷം മുമ്പ് ആരംഭിച്ച പിറവം വള്ളംകളി മത്സരവള്ളംകളിയുടെ ചരിത്രം എടുത്താൽ പഴക്കംകൊണ്ട് നെഹ്‌റുട്രോഫിക്കു തൊട്ടുതാഴെയാണ്. ഇന്നിത് Kerala Champions Boat League ന്റെ ഭാഗമാണ്. ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് സ്പോൺസർഷിപ്പും സാമ്പത്തിക സഹായവും കിട്ടാൻ സാദ്ധ്യതയുണ്ട്. എല്ലാ കൊല്ലവും നടക്കുകയും ചെയ്യും. നാടിന്റെ ഒരു മുഖമുദ്രയായി തീർന്നിരിക്കുന്നു പിറവം വള്ളംകളി. എന്നാലും ” നമ്മളെങ്ങനെ നമ്മളായെന്ന് നമ്മളറിയണം ” എന്നല്ലെ കവി കടമ്മനിട്ട നാടു മുഴുവൻ പാടി നടന്നത്. വള്ളംകളി ആദ്യകാലത്ത് എങ്ങിനെയാണ് ഇവിടെ തുടങ്ങിയതും വളർന്നതും എന്നുള്ള എന്റെ ഓർമ്മകൾ ആണിത്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്നല്ലേ കവി പറയുന്നതു് . ഞാൻ ഇവിടെ ഈ സ്മരണകൾ അവസാനിപ്പിക്കുന്നു.
വി.ജി. കൃഷ്ണൻ
വടക്കില്ലം, പാഴൂർ, പിറവം