ഈ അടുത്ത കാലത്തായി പല ഫ്‌ളൈറ്റുകളിലും യാത്രക്കാർ സഹയാത്രക്കാരോട് വളരെ മോശമായി പെരുമാറുന്നതായുള്ള ഒരുപാട് വാർത്തകൾ വരുന്നുണ്ട്. അതിൽ ഒരു യാത്രക്കാരൻ, തൻ്റെ സഹയാത്രികൻ്റെ ശരീരത്തേക്ക് മൂത്രമൊഴിച്ചെന്ന കേസും, ഒരു മലയാള സിനിമാ നടിയോട് സഹയാത്രികൻ അപമര്യാദയായി പെരുമാറി എന്ന കേസുമൊക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. ചില യാത്രക്കാർ ചെക്കിൻ സമയത്ത് പ്രകോപിതർ ആകുകയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി അനാവശ്യ വാഗ്വാദത്തിൽ ഏർപ്പെടുകയും, അതുമൂലം പ്രശ്നങ്ങളിൽ പെടുന്നതായുമുള്ള വാർത്തകളും നമ്മുടെ മുൻപിലുണ്ട്.
ഫ്ലൈറ്റ് യാത്രകളിൽ മാത്രമല്ല ഏതു പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുമ്പോഴും യാത്രക്കാർ അവരുടെ സഹയാത്രക്കാരോട് ഏറ്റവും നല്ല രീതിയിലാണ് പെരുമാറേണ്ടത്. ഫ്ലൈറ്റ് യാത്രകളിൽ എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചൊക്കെ അന്താരാഷ്ട്ര തലത്തിൽ തന്നെ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ അവബോധം ഇല്ലായെന്നുള്ളതാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു വേണം കരുതാൻ.
എല്ലാ യാത്രകളിലും, പ്രത്യേകിച്ച് ഫ്ലൈറ്റ് യാത്രകളിൽ കാത്തുസൂക്ഷിക്കേണ്ട ഒരുപാട് സാമാന്യ മര്യാദകളുണ്ട്. സഹയാത്രക്കാരെ ബഹുമാനിക്കേണ്ടതും അവർക്ക് വേണ്ട പരിഗണന നൽകേണ്ടതും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ മാത്രമേ നിങ്ങൾക്കും മറ്റുള്ളവർക്കും ഒരു ഫ്ലൈറ്റ് യാത്ര കഴിയുന്നത്ര മനോഹരമാക്കാനും സുഗമമാക്കാനും സാധിക്കൂ. ഒരു ഫ്ലൈറ്റ് യാത്രയിൽ, വളരെ ഉയരത്തിൽ ഒറ്റപ്പെട്ടാണ് നാം സഞ്ചരിക്കുന്നതെന്നും, ചെറിയ കാര്യങ്ങൾ പോലും നമ്മുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന ബോധവും നമുക്കുണ്ടായിരിക്കണം.
ഫ്ലൈറ്റ് അറ്റൻഡേഴ്സിനെ അനുസരിക്കേണ്ടത് നമ്മുടെ സുരക്ഷയുടെ ആവശ്യം കൂടിയാണ്. അപകടകരമായ സാഹചര്യത്തിൽ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന മനുഷ്യരാണ് അവരെന്ന ബോധ്യവും നമുക്കെപ്പോഴും ഉണ്ടാകേണ്ടതാണ്. ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ എല്ലാവരോടും നന്നായി മര്യാദയോടെ ഇടപെടാൻ പരിശീലനം ലഭിച്ചവരും അവർ കൃത്യതയോടെ അത്തരത്തിൽ പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ എല്ലാ യാത്രക്കാരും അവരോട് അതേ രീതിയിൽ മര്യാദ കാട്ടുന്നവരല്ല. ചിലരെങ്കിലും അവരോട് മോശമായി പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫ്‌ളൈറ്റിൽ എത്തുമ്പോൾ തന്നെ ഏതെങ്കിലും രീതിയിലുള്ള ആവശ്യങ്ങളുമായി അവരുടെ ശ്രദ്ധ ക്ഷണിക്കുന്നവരുമുണ്ട്. പലപ്പോഴും അത്തരം ആവശ്യങ്ങൾ വളരെ നിസ്സാരമായിരുന്നുവെന്നും തോന്നാറുണ്ട്.
മാന്യമായ ഒരു യാത്രയുടെ ആദ്യ നിയമം ഒരാൾ ആ യാത്രയിലെ നിയമങ്ങൾ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് പരിചയമില്ലാത്ത ആളുകളുമായാണ് ദീർഘമായ സമയത്ത് അടുത്തിടപഴകേണ്ടി വരുന്നത്. അടുത്തടുത്തായി ഇരിക്കുന്ന യാത്രക്കാരുടെ കൈമുട്ട് ചിലപ്പോൾ ആം റെസ്റ്റിൽ വെക്കുമ്പോൾ പരസ്പരം മുട്ടുവാൻ ഇടയാകും. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഓരോരുത്തർക്കും ഉണ്ടാകണം. സ്വന്തം സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ സൗകര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുവാനും, അവരുടെ സ്വകാര്യതയ്ക്ക് കോട്ടം സംഭവിക്കാതിരിക്കാനും ഏതൊരാളും ശ്രദ്ധിക്കേണ്ടതാണ്. അതിലൂടെ യാത്ര എല്ലാവർക്കും കുറച്ചുകൂടി സുഖകരമാക്കാനും, അനാവശ്യ സംഘർഷം ഒഴിവാക്കാനും സാധിക്കുന്നതാണ്
ഒരു ഫ്‌ളൈറ്റ് യാത്രികൻ എയർപോർട്ടിലോ, ഫ്‌ളൈറ്റിലോ ആയിരിക്കുമ്പോൾ, പാലിക്കേണ്ട നിയമങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും വേണം. എയർപോർട്ടിലേയോ, ഫ്‌ളൈറ്റിലേയോ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതിരിക്കുകയോ, സ്റ്റാഫിൻ്റെയോ, ക്രൂ അംഗങ്ങളുടെയോ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ, സ്റ്റാഫിനോടോ, സഹയാത്രികരോടോ അപമര്യാദയായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, എന്തെങ്കിലും നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്ന പക്ഷം അവരെ ഫ്‌ളൈറ്റിൽ നിന്നും പുറത്താക്കാനോ നിയമ നടപടികൾ സ്വീകരിക്കാനോ വിമാനക്കമ്പനികൾക്കും എയർപോർട്ട് മാനേജ്മെൻ്റിനും അധികാരമുണ്ടെന്നുള്ള വസ്തുത യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതാണ്.
ഒരു യാത്രികൻ സെക്യൂരിറ്റി ക്ലിയർ ചെയ്യുന്നതും, സീറ്റ് ബെൽറ്റ് ഇടുന്നതും, ഇലക്ട്രോണിക്സ് ഓഫ് ചെയ്യുന്നതും, അവരുടെ ലഗ്ഗേജുകൾ ഒതുക്കുന്നതും എങ്ങനെയെന്നും, എന്തിനെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. വിമാനത്തിൽ കയറിയ ഉടൻ അത് പാലിക്കുകയാണെങ്കിൽ, ഒരു ഫ്ലൈറ്റ് അറ്റൻഡറും അവരെ നിയമ ലംഘകരായി കാണില്ല, എന്ന് മാത്രമല്ല സന്തോഷകരമായ ഒരു യാത്രക്ക് വഴിയൊരുക്കുകയും ചെയ്യും. നിങ്ങളുടെ ഫോൺ ഓഫാക്കി ഇരിക്കാൻ ഫ്ലൈറ്റ് ക്രൂ നിങ്ങളോട് പറയേണ്ടതില്ല. ജീവനക്കാരെ അനുസരിച്ച് കൊണ്ട് ബാക്കിയുള്ള യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വവും കടമയുമാണ്.
ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട പോംവഴി യാത്രക്കാർക്ക് ആവശ്യമായ അവബോധം ഉണ്ടാക്കി കൊടുക്കുക എന്നതാണ്. അതിന് സ്‌കൂളുകളിലും മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുമൊക്കെ ഇത്തരത്തിൽ അറിവ് പകർന്ന് കൊടുക്കുന്ന ശില്പശാലകൾ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും.
പലരും തങ്ങളുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നത് വളരെ അശ്രദ്ധയോടെയാണ്. നിങ്ങൾ ഇരിക്കുന്ന നിരയിൽ മുകളിൽ ഉള്ള സ്‌റ്റോറേജ് സ്‌പേസിലായിരിക്കണം നിങ്ങളുടെ ബാഗുകൾ വയ്ക്കേണ്ടത്. മറ്റ് യാത്രക്കാരുടെ സ്‌റ്റോറേജ് സ്‌പേസ് എടുക്കുന്നത് മര്യാദയില്ലാത്ത ഒരു രീതിയാണ്. ഇത്തരത്തിൽ ദൂരെയുള്ള സ്‌റ്റോറേജ് സ്‌പേസുകൾ എടുക്കുന്നതിനാൽ നിങ്ങൾക്കും മറ്റൊരാൾക്കും അവരുടെ ബാഗ് ലഭിക്കാൻ ചിലപ്പോൾ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വരും.
ഓവർഹെഡ് സ്‌റ്റോറേജ് സ്‌പേസിൽ സാധനങ്ങൾ വയ്ക്കുമ്പോൾ എപ്പോഴും വേഗവും ജാഗ്രതയും കാട്ടേണ്ടതാണ്, കാരണം മറ്റുള്ളവർക്ക് നിങ്ങളെ മറികടന്ന് വേണം അവരുടെ ഇരിപ്പിടങ്ങളിൽ എത്താൻ, അതിന് ഇടനാഴി ആവശ്യമാണ്. യാത്രയിൽ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ കൈവശം വയ്ക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ യാത്രാവേളയിൽ അത് എടുക്കുവാൻ ഓവർഹെഡ് സ്‌റ്റോറേജ് സ്‌പേസ് തുറക്കുന്നത് മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരിക്കും.
നിങ്ങളുടെ സീറ്റ് ചാരിയിരിക്കാമെന്ന് നിങ്ങളോട് ഫ്‌ളൈറ്റ് അറ്റൻഡർ പറയുന്നതുവരെയോ, അറിയിപ്പ് കിട്ടുന്നതുവരെയെങ്കിലും നിവർന്നു ഇരിക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടെ സീറ്റ് ചാരിയിരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് പതുക്കെ ചെയ്യുക. അല്ലാത്തപക്ഷം, പുറകിലുള്ള യാത്രക്കാർക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അത് ഉണ്ടാക്കിയേക്കാം. ചാരിക്കിടക്കുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ സുഖകരമായിരിക്കാം, എന്നാൽ നിങ്ങളുടെ മുന്നിലുള്ള സീറ്റ് ചാരിക്കിടക്കുന്നത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നത് പോലെ മറ്റൊരാൾക്ക്, നിങ്ങൾ ഇത്തരത്തിൽ അനവസരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്. പലപ്പോഴും ഫ്‌ളൈറ്റ് അറ്റൻഡേഴ്സിന് പല പ്രാവശ്യം ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകേണ്ടി വരുന്നതായി കാണാൻ സാധിക്കും.
ഫ്ലൈറ്റിലുടനീളം കുട്ടികൾ അറിയാതെ അവരുടെ മുന്നിലുള്ള സീറ്റ് തട്ടുകയോ ചവിട്ടുകയോ ചെയ്യുമ്പോൾ, അവരുടെ മുന്നിൽ ഇരിക്കുന്ന ചില യാത്രക്കാർക്കെങ്കിലും അത് വളരെ അസ്വസ്ഥതയുണ്ടാക്കാം. കുട്ടികളുടെ മറ്റ് തരത്തിലുള്ള കുസൃതികളോ, കളികളോ, സമീപത്തുള്ള മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്നതായിരിക്കരുത്. ചില യാത്രക്കാർക്ക് ഇത്തരത്തിൽ കുട്ടികളുമായി ഇടപെടാനോ കളിക്കുവാനോ താൽപ്പര്യമുണ്ടാകില്ല.
നിങ്ങൾ ഇടനാഴിയിലോ, നിങ്ങളുടെ വരിയിലോ നടക്കുമ്പോൾ, മറ്റുള്ളവരുടെ സീറ്റ് പിന്നിലേക്ക് പിടിക്കുന്നത്, അതിൽ ഇരിക്കുന്ന വ്യക്തിയെ അസ്വസ്ഥനാക്കും. ഇടനാഴിയിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ മുകളിലുള്ള ലഗേജ് കമ്പാർട്ടുമെൻ്റുകൾ പിടിച്ച് നടക്കുന്ന രീതിയിൽ നടക്കാൻ ഒരോ യാത്രക്കാരും ശ്രമിക്കേണ്ടതാണ്. ടോയ്‌ലെറ്റ്സ് ഉപയോഗിക്കുന്നതിന് എഴുന്നേൽക്കുക, അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ മാത്രം നടക്കുക എന്നതാണ് ശരിയായ രീതി. പലപ്പോഴും ചെറു യാത്രകളിൽ പോലും ചില യാത്രികർ അനാവശ്യമായി എക്സർസൈസ് ചെയ്യാനെന്ന രീതിയിൽ നടക്കുന്നത് കാണാം. ചെറിയ ഒരു ഇടനാഴിയിൽ ഫ്‌ളൈറ്റ് അറ്റൻ്റന്മാർ ധൃതി പിടിച്ച് നടക്കുമ്പോൾ അവരുടെ ജോലിയെയും തടസ്സപ്പെടുത്തുകയാണെന്ന് ചിന്തിക്കണം.
യാത്രകളിൽ പുതിയ ഫ്രണ്ട്സിനെ ഉണ്ടാക്കാൻ നിങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടാകാം, എന്നാൽ അടുത്തുള്ള യാത്രക്കാരൻ ചില ജോലികൾ ചെയ്യുകയാവാം, അല്ലെങ്കിൽ സംസാരിക്കാൻ അവർക്ക് താല്പര്യം ഇല്ലായിരിക്കാം. നിങ്ങളുടെ ഒരു സൗഹൃദപരമായ അഭിപ്രായത്തിനോ ചോദ്യത്തിനോ കുറഞ്ഞ ഉത്തരമാണ് അവരിൽ നിന്ന് ലഭിക്കുന്നതെങ്കിൽ, അത് സൂചനയായി സ്വീകരിച്ച് അവരെ ഉപേക്ഷിക്കുകയാണ് ഏറ്റവും ഉത്തമവും മര്യാദയും. അല്ലെങ്കിൽ നിങ്ങൾ അവർക്കൊരു ശല്യമായി തീരും.
ഒരു യാത്രികൻ ഒരു പത്രം വായിക്കുകയാണെങ്കിലോ, ലാപ്‌ടോപ്പ് ഉപയോഗിക്കുകയാണെങ്കിലോ, അയാളുടെ സ്വകാര്യ ഇടത്തിലേക്ക് നിങ്ങളുടെ കൈ മുട്ടുവാൻ ഇടയാക്കാതിരിക്കുക. അതോടൊപ്പം ആ പത്രത്താളുകളിലേക്കോ, അവരുടെ ലാപ്ടോപ്പുകളിലേക്കോ, മൊബൈൽ ഫോണുകളിലേക്കോ, കണ്ണെറിയരുത്, അത്തരം പ്രവർത്തികൾ അത് ഉപയിഗിക്കുന്നവർക്ക് അരോചകവും, നിങ്ങളുടെ നിലവാര തകർച്ചയെയുമാണ് സൂചിപ്പിക്കുക. മറ്റുള്ളവരുടെ വസ്ത്രങ്ങളിലേക്കോ, ശരീരഭാഗങ്ങളിലേക്കോ സൂക്ഷിച്ച് നോക്കുന്നത് ശരിയായ ഒരു പ്രവണതയല്ല. അത് അവരുടെ സ്വകര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്ത്രീകളോടുള്ള പെരുമാറ്റം ഏറ്റവും അന്തസ്സാർന്നതായിരിക്കണം. അതാണ് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നത്. അത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായി തീരണം. എങ്ങനെയാണ് ഒരാൾ സമൂഹത്തിൽ പെരുമാറേണ്ടതെന്നത് നമ്മുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ്.
എല്ലാവർക്കും വിന്ഡോ സൈഡ് സീറ്റിനോട് പ്ര്യത്യേകിച്ച് ഒരു താല്പര്യമുള്ളതാണ്. പുറത്തെ കാഴ്ചകൾ കാണുവാനും കൂടുതൽ സ്വകാര്യതക്ക് വേണ്ടിയുമാണ് ഇത്തരത്തിൽ സീറ്റ് തിരഞ്ഞെടുക്കുന്നത്. ആ സീറ്റ് ഏതെങ്കിലും രീതിയിൽ ഒരാൾ കൈയടക്കാൻ ശ്രമിക്കുന്നത് തികച്ചും ഔചിത്യമില്ലാത്ത പ്രവർത്തിയാണ്. അതുപോലെ മധ്യത്തിൽ ഇരിക്കുന്ന ഒരു യാത്രികനോട് ചില ന്യായമായ പരിഗണന കാട്ടുകയെന്നത് ഒരു സാമാന്യ മര്യാദയാണ്.
ഒരു ഫ്‌ളൈറ്റ് യാത്രികൻ്റെ അന്തസ്സ് കാത്തുസൂക്ഷിക്കുവാൻ ആവശ്യമായ സ്വാതന്ത്ര്യം ഫ്‌ളൈറ്റ് യാത്രകളിൽ ഒരു പരിധിവരെ അനുവദിക്കുന്നുണ്ട്. സെക്യൂരിറ്റി ചെക്ക് ഒഴികെയുള്ള ഒരു അനാവശ്യ ചെക്കിങ്ങുകളും ഒരു ഫ്‌ളൈറ്റ് യാത്രകളിലും ഉണ്ടാകാറില്ല. ഉദാഹരണത്തിന് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നോ, എത്രമാത്രം മദ്യപിച്ചിട്ടുണ്ടെന്നോ, ആരും അന്വേഷിക്കാറില്ല. പല ഇൻ്റർനാഷണൽ ഫ്‌ളൈറ്റുകളിലും മദ്യം വിളമ്പാറുമുണ്ട്. എന്നാൽ ചില എയർലൈനുകൾ മദ്യപാനത്തിൻ്റെ പരിധി കവിഞ്ഞതായി സംശയിക്കുന്ന യാത്രക്കാരെ വിമാനത്തിൽ അനുവദിക്കാറുമില്ല. എത്രമാത്രം മദ്യപിക്കണമെന്ന് ഒരു യാത്രികനാണ് സ്വയം ചിന്തിച്ച് തീരുമാനിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അത്തരത്തിലുള്ള മദ്യപാനം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടായിത്തീരരുത്. നില വിട്ടുള്ള ഒരു പെരുമാറ്റവും ഒരു യാത്രക്കാരനിൽ നിന്നും ഉണ്ടാകരുതെന്നതാണ് ഏറ്റവും പ്രധാനം.
പലപ്പോഴും വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ആദ്യമിറങ്ങാനുള്ള ഒരു അധിക തിരക്ക് കാണാറുണ്ട്. ഇത്തരത്തിൽ തിരക്ക് കൂട്ടുന്നത് കൊണ്ട് ഒരു പ്രത്യേക പ്രയോജനം ആർക്കും ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. നിങ്ങൾ ആദ്യമിറങ്ങിയത് കൊണ്ട് നിങ്ങളുടെ ബാഗേജ് കൺവെയറിൽ ആദ്യമെത്തില്ല എന്നതാണ് രസകരമായ കാര്യം. പുറത്തു കടക്കുന്നതിന്, ഡോറിന് അടുത്തുള്ളവർ ആദ്യം ഇറങ്ങുകയും. നിങ്ങളുടെ ഊഴം വരുമ്പോൾ, വേഗത്തിൽ നീങ്ങുകയുമാണ് വേണ്ടത്, അതുവഴി അനാവശ്യ തിരക്ക് ഒഴിവാക്കുവാനും എല്ലാവർക്കും ബുദ്ധിമുട്ടില്ലാതെ പുറത്തെത്താനും കഴിയും.
ഒരു യാത്രക്കാരൻ മര്യാദകൾ ലംഘിച്ച് നിങ്ങളുടെ സീറ്റ് ഇടയ്ക്കിടെ ഇടിക്കുകയും, അങ്ങനെ ചെയ്യരുതെന്ന നിങ്ങളുടെ വിനീതമായ അഭ്യർത്ഥന നിരസിക്കുകയും, മറ്റേതെങ്കിലും രീതിയിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുകയാണെങ്കിൽ, അതിൽ നിങ്ങൾ കൂടുതൽ ഇടപെടുന്നത് ഒഴിവാക്കിക്കൊണ്ട്, ആ സാഹചര്യം കൈകാര്യം ചെയ്യാൻ ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റിൻ്റെ സഹായം ആവശ്യപ്പെടുകയാണ് വേണ്ടത്.
ഒരു ഫ്‌ളൈറ്റ് യാത്രയിൽ ഏറ്റവും പ്രധാനമായത് സഹയാത്രികരോട് എല്ലാ ബഹുമാനത്തോടെയും അന്തസ്സാർന്നതുമായ സമീപനമാണ്. അതിലൂടെ എല്ലാ യാത്രക്കാർക്കും സന്തോഷകരമായ ആനന്ദകരമായ യാത്ര ഉണ്ടാകുവാൻ ഇടയാകും.