Sunday, February 16, 2025

HomeNews'പ്രായമായി, പക്ഷെ അസുഖങ്ങളൊന്നുമില്ല': സഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

‘പ്രായമായി, പക്ഷെ അസുഖങ്ങളൊന്നുമില്ല’: സഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

spot_img
spot_img

റോം : ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. ‘എനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായി എന്നത് യാഥാര്‍ഥ്യമാണ്, വീല്‍ചെയറിന്‍റെ സഹായവുമുണ്ട്. പക്ഷേ സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ് നടത്തുന്നത്, കാലുകള്‍ കൊണ്ടല്ല…’ നൂറ് രാജ്യങ്ങളില്‍ ഇന്ന് പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞമാസം എണ്‍പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കടുത്ത ജലദോഷം കാരണം കഴിഞ്ഞയാഴ്ച വാര്‍ഷിക വിദേശനയ പ്രസംഗം സഹായിയെക്കൊണ്ടാണ് വായിപ്പിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഓരോ തവണയും അദ്ദേഹം സ്ഥാനമൊഴിയും, കര്‍ദിനാളുമാരുടെ കോണ്‍ക്ലേവ് ചേരും എന്നൊക്കെ വാര്‍ത്ത പ്രചരിക്കാറുണ്ട്. ഈ അഭ്യൂഹങ്ങള്‍ക്കാണ് ‘ഹോപ്’ (പ്രതീക്ഷ) എന്ന ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിരാമമിടുന്നത്.

2021ല്‍ വന്‍കുടലിനെ ബാധിക്കുന്ന ഡൈവെര്‍ട്ടിക്കുലൈറ്റിസ് രോഗം ഭേദമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2023ല്‍ ഹെര്‍ണിയ ശസ്ത്രക്രിയയും നടത്തി. ഓരോ തവണയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ‘കോണ്‍ക്ലേവ്’ അഭ്യൂഹം പരക്കുന്നതിനെക്കുറിച്ച് തനിക്കറിയാമെന്ന് മാര്‍പാപ്പ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രിയ നടന്ന ദിവസങ്ങളില്‍പ്പോലും രാജിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2013ലാണ് 140 കോടി അംഗബലമുള്ള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. മാര്‍പാപ്പയാകുന്ന ആദ്യ ലാറ്റിനമേരിക്കന്‍ പുരോഹിതനാണ് അര്‍ജന്‍റീനയില്‍ നിന്നുള്ള പോപ് ഫ്രാന്‍സിസ്. ബ്യൂണസ് ഐറിസിലെ ബാല്യകാലവും അര്‍ജന്‍റീനയില്‍ ബിഷപ്പായി പ്രവര്‍ത്തിച്ചകാലവും ആഗോളസഭയുടെ അധ്യക്ഷനായി എടുത്ത സുപ്രധാന തീരുമാനങ്ങളുമെല്ലാം ‘ഹോപ്പി’ല്‍ വിശദീകരിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതരെ അനുവദിച്ച വിപ്ലവകരമായ തീരുമാനത്തെക്കുറിച്ചും ഇതിലുണ്ട്. ‘മനുഷ്യരാണ് ആശീര്‍വദിക്കപ്പെടുന്നത്, ബന്ധമല്ല. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ല, അതൊരു മാനുഷിക യാഥാര്‍ഥ്യമാണ്.’ – മാര്‍പാപ്പ കുറിച്ചു.

രണ്ട് ഭാഗങ്ങളുള്ള ആത്മകഥയുടെ ആദ്യഭാഗം നേരത്തേ പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം തന്‍റെ മരണശേഷം പ്രസിദ്ധീകരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം  തീരുമാനിച്ചിരുന്നതെന്ന് പ്രസാധകരായ മൊണ്‍ടാദോരി പറഞ്ഞു. എന്നാല്‍ ഇക്കുറി വിശുദ്ധവര്‍ഷാചരണത്തിന്‍റെ തീം ഹോപ് അഥവാ പ്രതീക്ഷ ആയതിനാല്‍ ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം തന്നെ നിര്‍ദേശിക്കുകയായിരുന്നു. 303 പേജുകളടങ്ങിയതാണ് ആത്മകഥയുടെ രണ്ടാം ഭാഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments