ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ കത്തിയുമായി കയറിയ അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് വീട്ടിലെ ജോലിക്കാരി പോലീസിനോട് പറഞ്ഞു. സെയ്ഫ് അലിഖാന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കാരിയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ഇവരാണ് ആദ്യം അക്രമിയെ കണ്ടത്. പുലര്‍ച്ചെയോടെ കുളിമുറിയ്ക്ക് സമീപം ഒരു നിഴല്‍ കണ്ടെന്നും ഇവര്‍ പറഞ്ഞു.
ഇളയമകനെ നോക്കാനായി കരീന കപൂര്‍ വന്നതായിരിക്കും എന്നാണ് താന്‍ കരുതിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് എന്തോ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് അക്രമി തനിക്ക് നേരെ പാഞ്ഞടുത്തതെന്നും ഇവര്‍ പറഞ്ഞു. അക്രമിയെ കണ്ടയുടനെ നിലവിളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇയാള്‍ കത്തികാട്ടി ശബ്ദമുണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു. അതേസമയം മറ്റൊരു ജോലിക്കാരിയും ഇവിടേക്ക് എത്തി. ഇതോടെ വെറുതെ വിടണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് അക്രമി പറഞ്ഞുവെന്നും ജോലിക്കാരി പറഞ്ഞു.
ഈ സമയത്താണ് സെയ്ഫ് അലിഖാന്‍ മുറിയിലേക്ക് എത്തിയതെന്നും തുടര്‍ന്ന് അക്രമിയുമായി സംഘട്ടനം ഉണ്ടായെന്നും ജോലിക്കാരി പറഞ്ഞു. ഇതിനിടെയാണ് അക്രമി ആറ് തവണ സെയ്ഫ് അലിഖാനെ കത്തികൊണ്ട് കുത്തിയത്.
അതിനിടെ ജീവനക്കാര്‍ അക്രമിയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ വേഗം ആശുപത്രിയിലെത്തിക്കാനായിരുന്നു ജോലിക്കാര്‍ ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂത്തമകനായ ഇബ്രാഹിമിനെ വിവരം അറിയിച്ചു. ഫ്‌ളാറ്റിന്റെ എട്ടാം നിലയിലാണ് സെയ്ഫിന്റെ മക്കളായ ഇബ്രാഹിമും സാറാ അലിഖാനും താമസിച്ചിരുന്നത്. ഇവര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് എത്തി സെയ്ഫിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. കാര്‍ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയിലാണ് സെയ്ഫ് അലിഖാനെ ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത്.