കൊച്ചി: പഞ്ചാബില്‍ നിന്നുള്ള ദമ്പതികള്‍ കൊച്ചിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിഖ് വിവാഹം ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. 29കാരനായ മന്‍തേജ് സിങ്ങും 28കാരിയായ ഇന്ദര്‍പ്രീത് കൗറുമാണ് തങ്ങളുടെ വിവാഹം കൊച്ചിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജൂലൈ ആറിന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് പരമ്പരാഗത പഞ്ചാബി ശൈലിയിലും ഇവര്‍ വിവാഹിതരാകുമെന്ന് ഇന്ത്യൻ എക്സ് പ്രസ് റിപ്പോർട്ട് ചെയ്തു.
എന്നാല്‍, എന്തുകൊണ്ടാണ് ഇരുവരും കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്.
‘‘എന്റെ മരുമകന്‍ മന്‍തേജ് സിങ് ഓസ്‌ട്രേലിയയില്‍ ആണ് ജോലി ചെയ്യുന്നത്. എന്റെ മകളാകട്ടെ പാരീസില്‍ താമസിച്ച് ജോലി ചെയ്യുന്ന ഒരു ഫാഷന്‍ ഡിസൈനറാണ്. പരമ്പരാഗത പഞ്ചാബി ശൈലിയിലുള്ള അവരുടെ വിവാഹത്തിന് ആറ് മാസത്തെ കാലതാമസമുണ്ട്. എന്റെ മകള്‍ക്ക് ‘സ്പൗസ് വിസ’(Spouse Visa) അപേക്ഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇന്ത്യന്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് മറ്റ് പല രാജ്യങ്ങളെക്കാളും ഉയര്‍ന്ന മൂല്യമുണ്ട്. ഞാന്‍ വളരെക്കാലമായി കൊച്ചിയിലാണ് താമസിക്കുന്നത്. അതുകൊണ്ടാണ് വിവാഹം ഇവിടെ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്,’’ ഇന്ദര്‍പ്രീത് കൗറിന്റെ പിതാവ് സുരേന്ദര്‍ സിങ് പറഞ്ഞു. 60 വര്‍ഷമായി ഇദ്ദേഹം കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസിക്കുന്നത്. കൊച്ചിയിലെ ബാനര്‍ജി റോഡില്‍ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസ് ചെയ്യുകയാണ് സുരേന്ദര്‍.
നിമ്മി എന്ന് വിളിക്കുന്ന ഇന്ദര്‍പ്രീത് ഫ്രാൻസിൽ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരികയാണ്. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇവരുടെ വര്‍ക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനാണ്. അവിടെ ബിസിനസ് ചെയ്യുകയാണ് അദ്ദേഹം.
‘‘കേരളത്തിലെത്തിയ ആദ്യ സിഖുകാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍ ഹര്‍ബന്‍ സിംഗ്. പഞ്ചാബിലെ പാട്യാലയിലാണ് ഞങ്ങളുടെ സ്വദേശം. പിന്നീട് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ഞങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത്. ഇപ്പോള്‍ കൊച്ചിയില്‍ 20 സിഖ് കുടുംബങ്ങള്‍ മാത്രമെ ഉള്ളൂ. മന്‍തേജ് സിംഗിന്റെ കുടുംബം കൊല്‍ക്കത്തയിലാണ്,’’ സുരേന്ദര്‍ സിംഗ് പറഞ്ഞു. സബ് രജിസ്ട്രാര്‍ എബി എബ്രഹാമിന്റെ മുമ്പാകെയാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.
സിഖ് ദമ്പതികള്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാറുണ്ടെന്ന് സുരേന്ദര്‍ പറഞ്ഞു. എങ്കിലും സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ സാക്ഷിയാക്കിയുള്ള പരമ്പരാഗത ശൈലിയിലുള്ള മതപരമായ വിവാഹച്ചടങ്ങ് അവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ജൂലൈയിലെ പരമ്പരാഗത വിവാഹച്ചടങ്ങിനായി വീണ്ടും ഇവിടെ വരുന്നതിന് മുമ്പ് മന്‍തേജ് ഓസ്‌ട്രേലിയയിലേക്കും ഇന്ദര്‍പ്രീതും ഫ്രാന്‍സിലേക്കും വൈകാതെ മടങ്ങും.