ന്യൂഡൽഹി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം ജന്മദിനം. എം പി ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഉള്ള ആദ്യ പിറന്നാൾ. ഈ ജന്മദിനം സ്പെഷ്യലാണ്. ഇതിനിടെ സുരേഷ് ഗോപിക്ക് പിറന്നാൾ കേക്ക് അയച്ചു നൽകി സന്തോഷം പങ്കിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.ബുധനാഴ്ച രാവിലെ കേരള ഹൗസിലേക്ക് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേക്കും ഒപ്പം ജന്മദിനാശംസകളും എത്തിയത്.ലോക്സഭാ സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിലുള്ള സുരേഷ് ഗോപിക്കായി അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരും ആഘോഷങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയെ കാണാനായി എത്തിയിരുന്നു.
ഈ ഓഫീസിൽ എത്തിയത് ഒരു ദൈവനിയോഗം പോലെയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ജന്മദിനം പ്രമാണിച്ച് വലിയ ആഘോഷങ്ങൾ ഒന്നുമില്ല. സാധാരണ രീതിയിൽ പിറന്നാളാഘോഷിക്കുന്നത് നക്ഷത്രം വരുന്ന ദിവസമാണ്. അന്ന് കുടുംബത്തിനോടൊപ്പം ചെറിയ രീതിയിൽ മാത്രം ആഘോഷിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം സ്വദേശികളായ കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും മകനായി 1958 ജൂൺ 26ന് ആലപ്പുഴയിലാണ് സുരേഷ് ഗോപി ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജനനശേഷം മാതാപിതാക്കൾ കൊല്ലത്തെ കുടുംബ വീട്ടിലേക്ക് മാറുകയായിരുന്നു.കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വിദ്യാഭ്യാസം. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം. 1986ൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റി. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയില്‍ സ്ഥിരം സാന്നിധ്യമായി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപി അഭിനയിച്ചു.
2016 ലാണ് സുരേഷ് ഗോപി രാജ്യസഭാംഗമാകുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തൃശൂർ മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപെടുകയും കേന്ദ്രസർക്കാരിൽ പെട്രോളിയം, പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.