ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒട്ടകപ്പക്ഷിയുടെ കൂട് കണ്ടെത്തി ഗവേഷകർ. ഏകദേശം 41000 വർഷം പഴക്കമുള്ള കൂട് ആന്ധ്രപ്രദേശിലാണ് കണ്ടെത്തിയിരിക്കുന്നത്. വഡോദര സർവകലാശാലയിലെ പുരാവസ്തു ഗവേഷകരും ജർമ്മനി, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട് കണ്ടെത്തിയത്.ആന്ധ്രയിലെ പ്രകാശം ജില്ലയിലുള്ള നിരവധി ഫോസിൽ അവശിഷ്ടങ്ങളുള്ള സ്ഥലത്ത് നിന്നുമാണ് കൂട് കണ്ടെത്തിയത്.
911 മുട്ടകൾ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലുള്ള ഭീമൻ കൂടാണിത്. പുരാതന കാലത്തെ മെഗാഫൗണൽ പക്ഷികളുടെ സ്വഭാവത്തെയും ആവാസ വ്യവസ്ഥയെയും കുറിച്ച് സമാനതകളില്ലാത്ത ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു. 9 മുതൽ 10 അടി വരെ വീതിയുള്ള ഇത്തരം കൂടുകളിൽ ഒരേ സമയം 30 മുതൽ 40 വരെ മുട്ടകൾ വരെ ഉണ്ടാവുമെന്നാണ് ഗവേഷകർ പറയുന്നു.“ഇന്ത്യയിലെ മെഗാഫൗണൽ സ്പീഷിസുകളുടെ വംശനാശം എങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാക്കുന്നതിന് ഏറെ ഉൾക്കാഴ്ചകൾ നൽകാൻ ഈ കണ്ടെത്തലിന് സാധിക്കും. ഇത് ഗവേഷണത്തിലെ നിർണായക നിമിഷമാണ്,” വഡോദരയിലെ മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു, പുരാതന ചരിത്ര വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ദേവര അനിൽ കുമാർ പറഞ്ഞു.
“1×1.5 മീറ്റർ പരിധിയിൽ 3,500ഓളം ഒട്ടകപ്പക്ഷികളുടെ മുട്ടത്തോടിൻ്റെ ശകലങ്ങൾ കണ്ടെത്താൻ സാധിച്ചു. ദക്ഷിണേന്ത്യയിലെ ഒട്ടകപ്പക്ഷികളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഗവേഷണങ്ങളിലേക്ക് ഇത് വഴി തെളിക്കും. ലോകത്തിലെ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഒട്ടകപ്പക്ഷി കൂടാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.