തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വേണ്ടി മന്ത്രി എം.ബി.രാജേഷ് സഭയെ ഇക്കാര്യം അറിയിച്ചത്. അതേസമയം ശിക്ഷ ഇളവിനു ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവർ. കോടതിവിധി മറികടന്നായിരുന്നു സർക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവർ ഉൾപ്പടെ വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് സർക്കാർ നിർദേശത്തെ തുടർന്ന് റിപ്പോർട്ട് തേടിയിരുന്നത്.
ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം തള്ളിയിരുന്നു. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.