ഭുവനേശ്വർ: ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി കേരളത്തിലേക്കുകടക്കുകയും ആൾമാറാട്ടത്തിലൂടെ ബാങ്കിൽ ജോലി നേടി ഒടുവിൽ പിടിയിലായ ഒഡീഷ സ്വദേശി ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദബാധിതനായി ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒഡിഷ മുൻ ഹോംഗാർഡ് ആൻഡ് ഫയർ സർവീസസ് ഡിജിപി ബി ബി മൊഹന്തിയുടെ മകനാണ്.
രാജസ്ഥാനിൽ ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കവേ, രോഗിയായ അമ്മയെ കാണാൻ 2006ല്‍ പരോളിലിറങ്ങിയ ശേഷം മുങ്ങി കേരളത്തിൽ കഴിയുകയായിരുന്നു. രാഘവ് രാജ് എന്ന പേരിൽ പത്താം ക്ലാസ് മുതല്‍ എഞ്ചിനീയറിങ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി ഉണ്ടാക്കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദമെടുത്തു. തുടര്‍ന്ന് എസ്ബിടി ശാഖയില്‍ പ്രബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013ല്‍ പഴയങ്ങാടി പൊലീസ് തിരിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു. എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ സാധിച്ചിരുന്നില്ല.
രാഘവ് രാജ് എന്ന പേരില്‍ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലീസിനും ലഭിച്ച ഒരു കത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് രാജസ്ഥാൻ പൊലീസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വയറിൽ അർബുദ ബാധ സ്ഥിരീകരിച്ചു. ഒരു മാസം മുൻപാണ് ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചത്.