പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച (സെപ്റ്റംബർ 18) ആരംഭിച്ചത് നിരവധി ബഹളങ്ങൾക്കും പ്രതിപക്ഷ-ഭരണകക്ഷി നേതാക്കൾ തമ്മിലുള്ള വാക്പോരിനും രാഷ്ട്രീയ കുറ്റപ്പെടുത്തലിനും ഇടയിലാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത അഞ്ച് ദിവസത്തേക്ക് തുടരും. പ്രത്യേക സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങൾക്ക് പാർലമെന്റ് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പാർലമെന്റിന്റെ പഴയ കെട്ടിടത്തിൽ സഭാനടപടികളുടെ അവസാന ദിനത്തിലും പ്രധാനമന്ത്രി മോദി പാർലമെന്റിനെ അഭിസംബോധന ചെയ്തു.
കെട്ടിടത്തോട് വിടപറയുന്നത് വികാരനിർഭരമായ നിമിഷമാണെന്നും കയ്പും മധുരവും നിറഞ്ഞ ഒട്ടനവധി ഓർമ്മകൾ അതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കും എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളെ കുറിച്ച് സംസാരിക്കവെ, പാർലമെന്റ് റിപ്പോർട്ട് ചെയ്യുന്നതിനായി ജീവിതം ചെലവഴിച്ച മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളെ നാം ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ ലഭ്യമല്ലാതിരുന്ന സമയത്തും പാർലമെന്റിൽ നിന്നുള്ള വിവരങ്ങൾ രാജ്യത്തേക്ക് എത്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന് മുമ്പ് പാർലമെന്റ് സാമ്രാജ്യത്വ നിയമനിർമ്മാണ സമിതിയുടെ സ്ഥലമായിരുന്നുവെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം അതിന് സൻസദ് ഭവൻ എന്ന ഐഡന്റിറ്റി ലഭിച്ചു, വിയർപ്പും അധ്വാനവും പണവും എന്റെ നാട്ടുകാരുടേതായിരുന്നു എന്നും കൂട്ടിച്ചേർത്തു.
ആഗോള മഹാമാരിയായ കോവിഡ് -19 നെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, ആരോഗ്യപ്രശ്നങ്ങൾക്കിടയിലും നിരവധി എംപിമാർ സെഷനിൽ പങ്കെടുത്തു. രാജ്യത്തിന്റെ വളർച്ചയെ ബാധിക്കാതിരിക്കാൻ അവർ തങ്ങളുടെ കടമകൾ നിർവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.