ന്യൂഡല്‍ഹി; എല്ലാ മതപരിവര്‍ത്തനവും നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതപരിവര്‍ത്തനം തടയല്‍ നിയമത്തിലെ വ്യവസ്ഥയുടെ ലംഘനം ശിക്ഷാര്‍ഹമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് അംഗീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകാനുമതി ഹര്ജിയിന്മേല് നോട്ടീസ് അയക്കാനും ഫെബ്രുവരി ഏഴിന് വീണ്ടും കേസ് പരിഗണിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.
മതംമാറുന്നവരെ വിചാരണ ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിവാഹത്തിനായി സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നത് കുറ്റകരമല്ലെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വിവാഹം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്നും മധ്യപ്രദേശ് ഹൈക്കോടതി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സംഘടിത മതപരിവര്‍ത്തനവും പ്രലോഭനങ്ങള്‍ വഴിയുള്ള മതപരിവര്‍ത്തനവും നടക്കുന്നു. സമൂഹത്തിന് കണ്ണും പൂട്ടിയിരിക്കാന്‍ കഴിയില്ല. നിയമപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാകാതെ ആളുകള്‍ എല്ലാ സംസ്ഥാനത്തും മതംമാറ്റി വിവാഹം കഴിക്കുകയാണെന്നും തുഷാര്‍ മേത്ത ആരോപിച്ചു.
ഇതിനോട് പ്രതികരിക്കവെയാണ് എല്ലാ മതപരിവര്‍ത്തനവും നിയമവിരുദ്ധമമാണെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ഷാ പറഞ്ഞത്.