ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്ബത് റായ്. ഇത്തരമൊരു ഉദ്യമത്തിനായി രാഹുല്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് അനുഗ്രഹവുമായി രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രസ്റ്റ് സെക്രട്ടറിയുടെ പ്രതികരണം.
കാല്‍നടയായി രാജ്യം മുഴുവന്‍ നടക്കുന്ന യുവാവിനോട് നന്ദിപറയുകയാണ്. ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു. ഭാരത് ജോഡോ യാത്രയില്‍ തെറ്റൊന്നുമില്ല. ഞാന്‍ ഒരു ആര്.എസ്.എസ് പ്രവര്‍ത്തകനാണ്. ആര്.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഠിനമായ കാലവസ്ഥയിലും അദ്ദേഹം നടക്കുകയാണ്. ഇത് അഭിനന്ദിക്കപ്പെടണം. എല്ലാവരും ഇത്തരത്തില്‍ യാത്ര നടത്തണമെന്നാണ് പറയാനുള്ളതെന്നും ചമ്ബത് റായ് പറഞ്ഞു.
രാമക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായ ഗോവിന്ദ് ദേവ് ഗിരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചിരുന്നു. രാമന്റെ അനുഗ്രഹം രാഹുലിനുണ്ടാവാന് പ്രാര്‍ഥിക്കുന്നു. രാജ്യം എപ്പോഴും ഐക്യത്തോടെ നിലനില്‍ക്കണം. മഹത്തായ മുദ്രവാക്യമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.