ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിലും സമീപ പ്രദേശങ്ങളിലും ഭൂമി തകര്‍ച്ചമൂലമുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹരജിയില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കില്ല.
കേസ് ജനുവരി 16ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. സിംഹയും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പരമോന്നത കോടതിയുടെ പരിഗണനയില്‍ വരണമെന്നില്ല. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജോഷിമഠ് അടക്കമുള്ള സ്ഥലങ്ങളിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മത പുരോഹിതനായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
ഇതേ സമയം ഭൂമി ഇടിഞ്ഞുതാഴുകയും വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം.
തിങ്കളാഴ്ച ജോഷിമഠിലെ 68 വീടുകളില്‍ കൂടി വിള്ളല്‍ കണ്ടെത്തി. ഇതോടെ വിള്ളലും തകര്‍ച്ചയും ബാധിച്ച വീടുകളുടെ എണ്ണം 678 ആയി. 27 കുടുംബങ്ങളെ കൂടി തിങ്കളാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഏകദേശം നാലായിരം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
അപകടാവസ്ഥയിലായ 200ഓളം വീടുകള്‍ക്കുചുറ്റും ജില്ല ഭരണകൂടം ചുവപ്പ് അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീടുകളിലുള്ളവരോടൊക്കെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്ബുകളിലേക്കോ വാടക വീടുകളിലേക്കോ മാറാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.